മലപ്പുറം:മുസ്‌ലിം ലീഗിന്‍റെ ഉരുക്കു കോട്ടയായ മലപ്പുറത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലീഗിന്‍റെ വേരറുക്കാന്‍ സിപിഎമ്മിന്‍റെ യുവ രക്തമായ വി വസീഫിന് കഴിഞ്ഞില്ല. മലപ്പുറത്ത് വമ്പൻ ഭൂരിപക്ഷത്തോടെ വിജയം നേടി ഇ.ടി മുഹമ്മദ് ബഷീര്‍. 3,00,118 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇ.ടി മണ്ഡലം പിടിച്ചത്. ആകെ 6,44,006 ലക്ഷം വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
3,43,888 വോട്ടുകളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വസീഫ് രണ്ടാമതെത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. അബ്‌ദുൾ സലാമിന് പ്രതീക്ഷ 85,361 വോട്ടുകളാണ് ലഭിച്ചത്. അതേസമയം മണ്ഡല പുനക്രമീകരണത്തിന് മുമ്പ്, 2004 ല്‍ സിപിഎമ്മിന്‍റെ ടികെ ഹംസ മഞ്ചേരി പിടിച്ചതൊഴിച്ചാല്‍ മലപ്പുറമെന്നും ലീഗിനൊപ്പമാണ്. മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് മലപ്പുറം ലോക്‌സഭ മണ്ഡലം.
ഏഴു മണ്ഡലങ്ങളിലുമുള്ളത് ലീഗ് എംഎല്‍എമാരും. ഇ.ടി മുഹമ്മദ് ബഷീര്‍ 2009 മുതല്‍ പാര്‍ലമെന്‍റ് അംഗമാണ്. മുസ്‌ലിം ലീഗിന്‍റെ ദേശീയ സംഘടന സെക്രട്ടറി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991-1996, 2001- 2006 എന്നീ കാലയളവില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഇ.ടി. ഇക്കുറി പൊന്നാനി മണ്ഡലം മാറ്റി നല്‍കണമെന്ന് ഇ.ടി ലീഗിനോട് ആവശ്യപ്പെടുകയായിരുന്നു.
72.95 ശതമാനം പോളിങ്ങാണ് മലപ്പുറത്ത് ഇത്തവണ രേഖപ്പെടുത്തിയത്. സമസ്‌തയിലെ ഒരു വിഭാഗവും ലീഗും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക യുഡിഎഫ് കേന്ദ്രത്തിലുണ്ടായിരുന്നു.എന്നാൽ ഈ ഭിന്നത തങ്ങള്‍ക്കനുകൂലമാകുമെന്നായിരുന്നു ഇടതിന്‍റെ പ്രതീക്ഷയെങ്കിലും അത് പ്രതിഫലിച്ചില്ലായെന്നാണ് ഇ.ടിയുടെ വമ്പൻ ഭൂരിപക്ഷത്തോടെയുളള വിജയം തെളിയിക്കുന്നത്.
ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറായ ഡോ.എം അബ്‌ദുസ്സലാമാണ്. ബിജെപിക്ക് ഒരുതവണ പോലും മലപ്പുറത്ത് ഒരു ലക്ഷം വോട്ട് നേടാന്‍ സാധിച്ചിട്ടില്ല. ഇത്തവണയും അതുണ്ടായില്ല. 2009-ല്‍ 36,000 വോട്ട് നേടിയ ബിജെപി 2014-ല്‍ അത് 64,000 ആക്കി ഉയര്‍ത്തിയിരുന്നു. 2019-ല്‍ ബിജെപി ഉണ്ണികൃഷ്‌ണന്‍ 82,000 വോട്ട് നേടി. ഇത്തവണ 85,361 വോട്ട് നേടുവാൻ ബിജെപി സ്ഥാനാർത്ഥിക്ക് കഴിഞ്ഞു.