കോഴിക്കോട്: കോഴിക്കോട്ടെ രാജകുമാരനായി വീണ്ടും രാഘവൻ. പഴകുന്തോറും വീര്യം കൂടും എന്ന് പറഞ്ഞത് പോലെയാണ്, മത്സരിക്കുന്നതിനനുസരിച്ച് ഭൂരിപക്ഷം കൂടുകയാണ്. ഒരു ഇടവേളക്ക് ശേഷം 2009 ല്‍ സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മുഹമ്മദ് റിയാസിനെ രംഗത്തിറക്കിയപ്പോൾ കഷ്‌ടിച്ച് കടന്നു കൂടിയതായിരുന്നു രാഘവൻ. വെറും 838 വോട്ടിന്.
2014 ൽ അതിലും ശക്‌തനായ എ വിജയരാഘവനെ മലര്‍ത്തിയടിച്ചപ്പോൾ ഭൂരിപക്ഷം 16,883 ആയി. 2019 ൽ കോഴിക്കോടിൻ്റെ പൾസ് അറിയുന്ന എ പ്രദീപ് കുമാർ നോർത്തിലെ എംഎൽഎ ആയിരിക്കെയാണ് രാഘവൻ്റെ മുന്നിൽ ചെന്നിറങ്ങിയത്. 85,225 വോട്ടിനാണ് പ്രദീപ് കുമാർ തോറ്റോടിയത്. ഇപ്പോൾ ഇതാ ഭൂരിപക്ഷം 140498 എന്ന സംഖ്യയോട് അടുക്കുന്നു. അതും കോഴിക്കോട്ടെ ഏറ്റവും സുപരിചിതനായ എളമരം കരീമിനെതിരെ.
കണ്ണൂരിൽ നിന്ന് വരത്തനായി കോഴിക്കോട്ടിറങ്ങിയ രാഘവൻ്റെ വളർച്ച പെട്ടെന്നായിരുന്നു. ജില്ലയിലെ നേതാക്കളെയെല്ലാം നിഷ്പ്രഭരാക്കി രാഘവൻ ഓരോ വിഷയത്തിലും ഇടപെട്ടു. എണ്ണയിട്ട യന്ത്രം പോലെ അദ്ദേഹത്തിൻ്റെ ഓഫീസും പ്രവർത്തിച്ചു. അറിയപ്പെടുന്ന ഒരു സഹകാരി കൂടിയാണ് എം കെ രാഘവൻ.
കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ എയ്‌ഡഡ് ആർട്‌സ് & സയൻസ് കോളേജിൻ്റെ (മാടായി ആർട്‌സ് & സയൻസ് കോളേജ്) മുഖ്യ ശിൽപി രാഘവനായിരുന്നു. മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്തി ഒരു പഞ്ചായത്ത് മെമ്പറെ പോലെ ഇടപെടുന്ന ജനകീയ പ്രതിച്‌ഛായ ഇതിനകം തന്നെ രാഘവൻ സൃഷ്‌ടിച്ചെടുത്തിട്ടുണ്ട്. വ്യക്‌തി പ്രഭാവത്തിന് എന്നും കോഴിക്കോട്ടെ വോട്ടർമാർ മുൻതൂക്കം നൽകാറുണ്ട്.
തരൂരിനൊപ്പം ചേർന്ന് രാഘവൻ കോൺഗ്രസിലെ വേറിട്ട ശബ്‌ദമായതൊന്നും ജനം കണക്കിൽ വെച്ചില്ല. എന്നാൽ തൊഴിലാളി നേതാവായിട്ടും തൊഴിലാളി വിരുദ്ധ നിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ട എളമരത്തിന് ജനം നൽകിയ കനത്ത പ്രഹരമാണ് രാഘവൻ്റെ അതി ഭൂരിപക്ഷം. ജനകീയ മുഖമായിട്ടും ബിജെപിയുടെ എം ടി രമേശിന് വലിയ രീതിയിൽ നില മെച്ചപ്പെടുത്താൻ കഴിയാതെ പോയതും രാഘവൻ എഫക്‌ടിൻ്റെ ഭാഗമാണ്.
Also Read:
- തൃശൂരില്‍ കന്നി താമര വിരിയിച്ച് സുരേഷ് ഗോപി; കേരള ബിജെപിക്ക് ചരിത്ര നേട്ടം
- രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി 'ഇന്ത്യ'
- ഇന്‍ഡോറില്‍ നോട്ടയ്‌ക്ക് റെക്കോഡ് വോട്ട്; കോണ്‍ഗ്രസ് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച് ജനം