കണ്ണൂർ : തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. ജനവിധി അംഗീകരിക്കുന്നു, കേരളത്തിലുടനീളം എൽഡിഎഫിന് എതിരായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പാർട്ടിയും മുന്നണിയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എം വി ജയരാജൻ പറഞ്ഞു. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് ജനങ്ങൾക്കിടയിൽ ഇറങ്ങി ജനസേവന പ്രവർത്തനത്തില്‍ കൂടുതൽ ശക്തമാകുമെന്നും എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
കമ്മ്യൂണിസ്‌റ്റുകാർ പരാജയത്തിൽ നിരാശരാകുന്നവരോ വിജയത്തിൽ അമിതമായി ആഹ്ളാദിക്കുന്നവരോ അല്ല. രാജ്യത്ത് മൊത്തത്തിൽ ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റം തിളക്കമാർന്നതാണ്. അത് ബിജെപിക്കെതിരെ 'ഒരു ബദൽ' രാജ്യത്ത് ഉയർന്നു വരുന്നുണ്ട് എന്ന പ്രതീക്ഷക്ക് വക നൽകുന്നു എന്നും എം വി ജയരാജൻ പറഞ്ഞു.
എക്‌സിറ്റ് പോലും ബലാബലം പറഞ്ഞ മത്സരമായിരുന്നു കണ്ണൂരൂലേത്. എന്നാല്‍ കെ സുധാകരനെ കണ്ണൂർ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയത്. കണ്ണൂരിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് മൂന്നാം തവണയും മണ്ഡലത്തിൽ നിന്ന് കെ സുധാകരൻ വിജയിച്ചു കയറുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാസ്‌റ്ററുടെയും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അറുപതിനായിരത്തിലധികം വോട്ടുകൾക്ക് ശൈലജ ടീച്ചറെ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലത്തിലേയും ലീഡ് എടുത്തുകൊണ്ടാണ് കണ്ണൂരിന്‍റെ രാജാവ് താൻ തന്നെയെന്ന് കെ സുധാകരൻ തെളിയിച്ചത്.