കേരളം

kerala

ETV Bharat / state

കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ച ജനവിധി; സംസ്ഥാനത്ത് അലയടിച്ചത് ഭരണ വിരുദ്ധ വികാരം - Election Result 2024 Analysis Kerala - ELECTION RESULT 2024 ANALYSIS KERALA

കേരളത്തില്‍ യുഡിഎഫ്‌ തരംഗം, വർഗീയതയോട്‌ കൂട്ടില്ലെന്ന്‌ അടയാളപ്പെടുത്തി ബിജെപി വോട്ടിങ്‌ ശതമാനം.

LOK SABHA ELECTION RESULT 2024  LOK SABHA ELECTION KERALA  UDF LEADS IN KERALA  ലോക്‌സഭ തെരഞ്ഞെടുപ്പ്‌ 2024
LOK SABHA ELECTION RESULTS 2024 (ETV Bharat)

By ETV Bharat Kerala Team

Published : Jun 4, 2024, 6:52 PM IST

കോഴിക്കോട്: കേരളത്തിൽ അലയടിച്ചത് ഭരണ വിരുദ്ധ വികാരം. കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ചാണ് ജനം വോട്ട് ചെയ്‌തത്. 2019 ൽ ശബരി മലയാണ് യുഡിഎഫിന് ബോണസായി കിട്ടിയതെങ്കിൽ ഈ തവണത്തെ ഭൂരിപക്ഷങ്ങൾ ജനരോഷത്തിന്‍റേതാണ്. എൽഡിഎഫ് തോറ്റ മാർജിൻ പിണറായി സർക്കാരിനുള്ള താക്കീത് പോലെയായി. എന്നാൽ ബിജെപിയുടെ വോട്ടിങ്‌ ശതമാനം കുതിച്ചു കയറാതിരുന്നത് വർഗീയതയോടും കൂട്ടില്ല എന്നതിന്‍റെ ഓർമപ്പെടുത്തലുമാണ്.

രാഹുൽ എഫക്‌ടും ജോഡോ യാത്രയും യുഡിഎഫിന് പ്ലസായി. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി എന്ന വികാരത്തിനപ്പുറം സിപിഎമ്മിനെ സൈഡാക്കാനാണ് ജനം വോട്ടു ചെയ്‌തതെന്ന് ഭൂരിപക്ഷം കാണുമ്പോൾ നിസംശയം പറയാം. എന്നാൽ മോദി മൂന്നാം തവണയും വന്നാൽ കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ച് താമരക്ക് കുത്തിയവർക്ക് തെറ്റിയില്ല, തൃശൂർ എടുക്കാൻ പറ്റി.

വടകരയിൽ നിന്നിരുന്നെങ്കിൽ വലിയ പോറലേൽക്കാതെ കഴിഞ്ഞു കൂടാമായിരുന്ന കെ മുരളീധരന്‍റെ കാര്യമാണ് കഷ്‌ടം. ഷാഫി അങ്കചേകവരുമായി. പാലക്കാടിനൊപ്പം ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് വരുമെന്ന് ഉറപ്പായി. അവിടെയും 1,58,968 വോട്ടിന് പാട്ടുംപാടി ജയിച്ച രമ്യഹരിദാസിന് ഈ തവണ പാട്ടിലാക്കാൻ കഴിഞ്ഞില്ല.

2019 ൽ എൽഡിഎഫിന് ആലപ്പുഴ കച്ചിത്തുരുമ്പായിരുന്നെങ്കിൽ ഈ തവണ നിലവിൽ ആലത്തൂരുണ്ട്, കനൽ ഒരു തരിയായി. അതും കെടാതെ നോക്കിയില്ലെങ്കിൽ മെല്ലെ കേരളവും പോയിക്കിട്ടും. ദേശീയ പാർട്ടി പോയിട്ട് ഒരു ദേശത്തും ഇല്ലാത്ത അവസ്ഥ പോലെ. തോല്‍ക്കുമ്പോഴും ശതമാനത്തിന്‍റെ കണക്ക് പറഞ്ഞ് പിടിച്ച് നിൽക്കുന്ന സിപിഎം ഇനി ആ വഴിക്ക് ചിന്തിക്കും.

ബിജെപിക്ക് വോട്ടിങ്‌ ശതമാനം കുത്തനെ കൂടിയില്ല എന്ന ഒന്നിൽ പിടിച്ച് മാത്രം. ഇനി ചർച്ച പ്രധാനമായും രണ്ട് മൂന്ന് കാര്യങ്ങളിലാണ്. ഒന്ന് തൃശൂർ സുരേഷ് ഗോപിക്ക് സമ്മാനിച്ചതിന് പിന്നിൽ ആരൊക്കെയാണ്. പദ്‌മജയുടെ പോക്കും മുരളിയുടെ വരവും യുഡിഎഫിന് തിരിച്ചടിയായോ.. ? ഇടതിന് കിട്ടിയ വോട്ടിൽ ചോർച്ചയുണ്ടാക്കിയത് ആര്. രണ്ടാമത്തെ ചർച്ച പാലക്കാട് വഴി ബിജെപി നിയമസഭയിലും എത്തുമോ എന്നതാണ്.

വടകരയിൽ ഷാഫിക്ക് ബിജെപി വോട്ട് മറിച്ചിട്ടുണ്ടെങ്കിൽ സിപിഎം പാലക്കാട് എങ്ങിനെ ചിന്തിക്കും എന്നതും പ്രസക്തമാണ്. അടുത്തത് ആലത്തൂരിൽ നിന്ന് നിലവിലെ മന്ത്രി സി രാധാകൃഷ്‌ണൻ പാർലമെന്‍റിലേക്ക് പോയാൽ ആര് പകരം മന്ത്രിയാകും എന്നതാണ്. മന്ത്രിസ്ഥാനങ്ങളിൽ തന്നെ മാറ്റം വരുത്താൻ ഇത് ഒരു അവസരമാക്കുമോ. ചേലക്കരയിൽ ആരൊക്കെ സ്ഥാനാർഥികളാകും. ചർച്ചകളുടെയും തോൽവി ചോദിച്ച് വാങ്ങിയവർക്ക് ചിന്തിക്കാനുമുള്ള നാളുകളാണ് വരാനിരിക്കുന്നത്.

ALSO READ:തൃശൂരില്‍ കന്നി താമര വിരിയിച്ച് സുരേഷ് ഗോപി; കേരള ബിജെപിക്ക് ചരിത്ര നേട്ടം

ABOUT THE AUTHOR

...view details