കോഴിക്കോട്: കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ കുന്ദമംഗലം നിയോജകമണ്ഡലത്തിൽ വോട്ടിങ് സമയം പൂർത്തിയായി ഏറെ സമയത്തിന് ശേഷവും നിരവധി പേരാണ് വോട്ട് ചെയ്യാൻ കാത്തിരിക്കുന്നത്. കുന്ദമംഗലം മണ്ഡലത്തിൽ മാത്രം വിവിധ പഞ്ചായത്തുകളിലായി 32 ഓളം ബൂത്തുകളിലാണ് ഇപ്പോഴും വോട്ട് ചെയ്യാൻ നൂറിലധികം പേർ വീതം കാത്തിരിക്കുന്നത്. ഇതിൽ മാവൂർ കുന്ദമംഗലം ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ ഒളവണ്ണ തുടങ്ങിയ പഞ്ചായത്തുകളിൽ ആറുമണിക്ക് ശേഷവും വലിയ തിരക്കാണ് ഉണ്ടായത്.
എല്ലായിടത്തും വോട്ടിങ് മെഷീൻ പലതവണ തകരാർ സംഭവിച്ചതാണ് വോട്ടിങ് ഇത്രയും നേരം വൈകാൻ കാരണം. ആറുമണിക്ക് ശേഷം കാത്തിരിക്കുന്നവർക്ക് ടോക്കൺ നൽകിയാണ് വോട്ട് ചെയ്യാൻ അവസരം നൽകുന്നത്. ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മെഷീനിൽ വോട്ട് ചെയ്‌ത ശേഷമുള്ള ബീപ്പ് ശബ്‌ദം വരുന്നതിലെ കാലതാമസവും വോട്ടിങ് വൈകിപ്പിച്ചു.