തൃശൂര്‍ :തെരഞ്ഞെടുപ്പ് പൂരത്തിന് പരിസമാപ്‌തിയായെങ്കിലും തൃശൂർ മണ്ഡലത്തിൽ മുന്നണികളും സ്ഥാനാർഥികളും കൂട്ടിയും കുറച്ചും വിജയ സാധ്യതകൾ പരിശോധിക്കുകയാണ്. മൂന്ന് മുന്നണികളും മണ്ഡലത്തെ ഇളക്കിമറിച്ച് പ്രചാരണം നടത്തിയെങ്കിലും പോളിങ് ശതമാനം കുറഞ്ഞു. 72.79 ശതമാനം പേരാണ് മണ്ഡലത്തിൽ ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. 2019 ൽ 77.86 ശതമാനമായിരുന്നു പോളിങ്. 5.07 ശതമാനത്തിൻ്റെ കുറവാണ് സംഭവിച്ചത്. പോളിങ് ശതമാനം കുറഞ്ഞത് ഇടതു മുന്നണിയെ ബാധിക്കില്ലന്നാണ് സ്ഥാനാർഥി വിഎസ് സുനിൽ കുമാർ പറയുന്നത്.
തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടതായും വിജയം സുനിശ്ചിതമാണെന്നും വിഎസ് സുനിൽകുമാർ അവകാശപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരനും വൻ വിജയം അവകാശപ്പെടുന്നു. മണ്ഡലത്തിലെ സിപിഎം- ബിജെപി ഡീലിനെ മറികടന്നും വിജയിക്കും. എന്നാൽ ബിജെപി സ്ഥാനാർഥി രണ്ടാം സ്ഥാനത്ത് എത്തിയാൽ ഉത്തരവാദിത്തം സിപിഎമ്മിനാണെന്നും കെ മുരളീധരൻ പറയുന്നു.
അതേസമയം വിജയം ഉറപ്പിച്ച നിലയിലാണ് എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെയും പ്രതികരണം. താൻ എംപിയായാൽ മന്ത്രിയേക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തനിക്ക് രണ്ട് വർഷം സിനിമയിൽ അഭിനയിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. അഞ്ച് മന്ത്രിമാരെ ചൊല്‍പടിക്ക് വിട്ടുതരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആരൊക്കെയാണ് തൻ്റെ എതിരാളികളെന്ന് നോക്കിയിട്ടില്ല. തന്നെ അവതരിപ്പിച്ചാണ് വോട്ട് തേടിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിലേറെ നീണ്ട പരസ്യപ്രചാരണവും നിരവധി വിവാദങ്ങളും ഇളക്കിമറിച്ച തൃശൂർ മണ്ഡലം ആർക്കൊപ്പമെന്ന ചോദ്യത്തിന് പോളിങ്ങിന് ശേഷവും ഉത്തരം സസ്പെൻസാണ്. വോട്ടെണ്ണൽ ദിനമായ ജൂൺ നാല് വരെ ഇതുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും, വിമർശനങ്ങളുമായി തൃശൂരിൻ്റെ രാഷ്ട്രീയ ഭൂമികയെ മുന്നണികളും സ്ഥാനാർഥികളും സജീവമാക്കും. അതേ സമയം തൃശൂരിലെ മത്സരഫലം എന്തായാലും കേരള രാഷ്ട്രീയത്തിൽ നിർണായകമാകും. തൃശൂരിലൂടെ കേരളത്തിൽ ഒരു സീറ്റ് ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തൃശൂരിലെത്തിയത് നിരവധി തവണയാണ്. കേരളത്തിൽ മോദി ഗ്യാരൻ്റിയെ കുറിച്ച് സ്വയം പുകഴ്ത്തി വോട്ട് നേടാനുള്ള ശ്രമവും പ്രധാനമന്ത്രി നടത്തിയത് തൃശൂരിലായിരുന്നു.