തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്ക് അന്തസോടെ ജീവിക്കണമെങ്കിൽ ബിജെപി ഭരണം അവസാനിക്കണമെന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. കേരള സ്‌റ്റോറി സമുദായങ്ങൾക്കിടയിൽ ദ്രോഹം ഉണ്ടാക്കാൻ വേണ്ടി സൃഷ്‌ടിച്ച സിനിമയാണ്. അതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ കേരള സ്‌റ്റോറി അല്ല കേരളത്തിന്‍റെ യഥാർത്ഥ സ്‌റ്റോറി. കേരളം മതസൗഹാർദത്തിന്‍റെ സംസ്ഥാനമാണ്. എല്ലാ ആഘോഷങ്ങളിലും എല്ലാ മതക്കാരും പങ്കെടുക്കുന്നു. ഇതാണ് റിയൽ കേരള സ്‌റ്റോറിയെന്നും ശശി തരൂർ പറഞ്ഞു.
പലസ്‌തീൻ ജനതക്കൊപ്പമാണ് താനുള്ളത്. എന്നും അത് തുടരുമെന്നും അനാവശ്യ ആരോപണം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ ചൊറിഞ്ഞുകൊണ്ടിരിക്കേണ്ട ആവശ്യമില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു.
മണ്ഡല പര്യടനത്തിനിടെ ബാലരാമപുരത്ത് പ്രതിഷേധമുണ്ടായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ 30 ഓളം പേർ മാപ്പ് പറഞ്ഞു. തീരദേശ വോട്ട് ഇടതുപക്ഷത്തിന് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ 8 വർഷം ഇടത് സർക്കാർ എന്ത് ചെയ്തെന്ന് ജനതക്കറിയാം. ഇടതുപക്ഷം തീരദേശ ജനങ്ങൾക്കായി ഒന്നും ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മത്സരം യുഡിഎഫും എൻഡിഎയും തമ്മിലാണെന്നും തരൂർ ആവർത്തിച്ചു. പന്ന്യൻ രവീന്ദ്രന്‍റെ പ്രചരണം ഫലപ്രദമല്ല. യുഡിഎഫും എൻഡിഎയും തമ്മിൽ തന്നെയാണ് മത്സരം. പത്ത് വർഷത്തെ കേന്ദ്ര സർക്കാർ ഭരണത്തിലും എട്ടു വർഷത്തെ സംസ്ഥാന സർക്കാർ ഭരണത്തിലും തീരദേശത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
Also read: തിരുവനന്തപുരത്ത് എല്‍ഡിഎഫാണ് മുന്നിലെന്ന് പന്ന്യന്‍ രവീന്ദ്രന്‍; ഇടിവി ഭാരതുമായി നടത്തിയ അഭിമുഖം കാണാം