കാസർകോട് :എൽഡിഎഫിന്‍റെ കോട്ടകൾ എന്ന് വിശേഷിപ്പിക്കുന്ന മണ്ഡലങ്ങളില്‍ നേടിയ വോട്ടുകളാണ് കാസര്‍കോട് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. 240325 വോട്ട് നേടിയാണ്, 192440 വോട്ടുകൾ നേടിയ സിപിഎം സ്ഥാനാർഥി എം വി ബാലകൃഷ്‌ണനെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്. മണ്ഡലം തിരിച്ച് പിടിക്കാനിറങ്ങിയ ജില്ല സെക്രട്ടറിയെ ഇടത് കോട്ടകള്‍ പോലും തുണച്ചില്ല എന്നതാണ് സത്യം. 2019 നേക്കാള്‍ നാല്‍പതിനായിരത്തിലധികം വോട്ടിന്‍റെ കുറവാണ് എല്‍ഡിഎഫിനുണ്ടായത്.
ഇടതുകോട്ടകളില്‍ സിപിഎം ജില്ല സെക്രട്ടറിക്ക് തുടക്കം മുതല്‍ കാലിടറി. പ്രതീക്ഷിച്ച പോലെ മഞ്ചേശ്വരത്തും (43,704) കാസര്‍കോടും (47,245) നാൽപതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം രാജ്‌മോഹന്‍ ഉണ്ണിത്താൻ നേടി. ഉദുമയിലും (11,959) കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടാൻ യുഡിഎഫിന് കഴിഞ്ഞു. കാഞ്ഞങ്ങാടും (2050) രണ്ടായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു.
എല്‍ഡിഎഫിന്‍റെ ഉറച്ചകോട്ടകളായ തൃക്കരിപ്പൂരും പയ്യന്നൂരും കല്യാശേരിയിലും ഉണ്ണിത്താന്‍ പിടിച്ച വോട്ടുകള്‍ കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വന്തം മണ്ഡലമായ തൃക്കരിപ്പൂരില്‍ പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ണിത്താന്‍ നേടിയത് ഇടതു പാളയത്തെ ഞെട്ടിച്ചു. പയ്യന്നൂരില്‍ നേടിയ പതിമൂവായിരവും കല്യാശേരിയിലെ ആയിരം വോട്ടിന്‍റെയും ലീഡ് മാത്രമായിരുന്നു എല്‍ഡിഎഫിന്‍റെ ആശ്വാസം.