തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇനിയുള്ള ദിവസങ്ങളിൽ ദേശീയ നേതാക്കളെ രംഗത്തിറക്കി പരമാവധി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ദേശീയ നേതാക്കൾ താരശോഭയേകും.
ഏപ്രിൽ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലയിൽ എത്തും. രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മോദി സംസാരിക്കും. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, ധർമേന്ദ്രപ്രധാൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ശിവരാജ് സിങ് ചൗഹാൻ എന്നിവരും തലസ്ഥാനത്തെത്തും.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്‍റെ മണ്ഡല പര്യടനവും റോഡ് ഷോയും 21 വരെയാണ്. 16ന് നേമം മണ്ഡലത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ റോഡ് ഷോയിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സച്ചിൻ പൈലറ്റ്, കനയ്യകുമാർ എന്നിവരും തരൂരിനായി പ്രചാരണത്തിന് ഇറങ്ങും.
ഏപ്രിൽ 18 ന് നെയ്യാറ്റിൻകരയിലും 13 ന് കോവളത്തും 15 ന് കഴക്കൂട്ടം, 20, 21 പാറശാല, 12, 17 നേമം, 16, 20 തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിലുമാണ് സ്ഥാനാർഥി പര്യടനവും റോഡ് ഷോയും ഉണ്ടാകുക. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്യൻ രവീന്ദ്രന്‍റെ പ്രചാരണത്തിനായി 15 ന് പ്രകാശ് കാരാട്ട് തിരുവനന്തപുരത്ത് എത്തും. 21 ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തലസ്ഥാനത്ത് എത്തും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, വൃന്ദ കാരാട്ട് എന്നിവരും തിരുവനന്തപുരത്ത് എത്തും.