കണ്ണൂര്‍ :തെരഞ്ഞെടുപ്പ് രംഗം ജയരാജന് പുത്തരിയല്ലെങ്കിലും പാർലമെന്‍റിലേക്ക് മത്സരിക്കുന്നത് ഇത് ആദ്യമായാണ് (Lok Sabha Election 2024). നിയമസഭയിലേക്ക് മൂന്നുതവണ മത്സരിച്ചതിൽ രണ്ടുതവണയും ജയിച്ചു. ഒരുതവണ പഴയ ശിഷ്യന്‍ എപി അബ്ദുള്ളക്കുട്ടിയോട് തോല്‍ക്കുകയുമായിരുന്നു.
1996ലും 2001ലും എടക്കാട് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. 1996ൽ കോൺഗ്രസിലെ എഡി മുസ്‌തഫയെ 7284 വോട്ടിന് തോൽപ്പിച്ച ജയരാജൻ ആകെ പോൾ ചെയ്‌ത വോട്ടിന്‍റെ 51.5 ശതമാനം നേടിയാണ് വിജയിച്ചുകയറിയത്. 2001ലും പോൾ ചെയ്‌ത വോട്ടിന്‍റെ പകുതിയിലേറെ നേടി. അന്ന് തോൽപ്പിച്ചതാകട്ടെ കോൺഗ്രസിലെ എൻ രാമകൃഷ്‌ണനെ, ഭൂരിപക്ഷം 5329 വോട്ടുകള്‍.
അടുത്ത അങ്കം കണ്ണൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍. അവിടെയാണ് ആദ്യമായി തോല്‍വി അറിഞ്ഞത്. സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് കൂടുമാറിയ എ പി അബ്‌ദുള്ളക്കുട്ടിയോടായിരുന്നു പരാജയം. അന്ന് തോറ്റത് 12043 വോട്ടിന്. പോൾ ചെയ്‌ത വോട്ടിന്‍റെ പകുതിയിലേറെ നേടിയായിരുന്നു അബ്‌ദുള്ളക്കുട്ടിയുടെ വിജയം.
കെ സുധാകരൻ പ്രതിനിധീകരിച്ചുവന്നതായിരുന്നു കണ്ണൂർ നിയമസഭ മണ്ഡലം. അദ്ദേഹം പാർലമെന്‍റ് മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചതോടെ നിയമസഭാംഗത്വം രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവച്ചത്. പിന്നീട് ജയരാജൻ മത്സര രംഗത്ത് വരുന്നത് ഇപ്പോഴാണ്.
സിപിഎം ജില്ല സെക്രട്ടറിയായിരുന്ന പി ജയരാജൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിക്കാനായി സ്ഥാനമൊഴിഞ്ഞപ്പോഴാണ് എം വി ജയരാജൻ ജില്ല സെക്രട്ടറിയുടെ ചുമതലയേറ്റത്. 2021ൽ പഴയങ്ങാടിയിൽ നടന്ന ജില്ല സമ്മേളനത്തിൽ അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച ജയരാജൻ ആദ്യ പിണറായി വിജയൻ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിയമ ബിരുദ ധാരിയാണ്.
വിവാദങ്ങളുടെ തോഴൻ :വാക്കുകൾ കൊണ്ട് എതിരാളികളെ അരിഞ്ഞുവീഴ്ത്തുന്ന പ്രകൃതം ആണ് ജയരാജന്‍റേത്. ജഡ്‌ജിമാരെ ശുംഭന്മാർ എന്ന് ആക്ഷേപിച്ച പ്രസംഗത്തിൽ 2011 നവംബർ 8-ന് ജയരാജനെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ആറുമാസത്തെ സാധാരണ തടവിനും 2000 രൂപ പിഴയ്ക്കും ശിക്ഷിക്കുകയും ചെയ്‌തു. 2010 ജൂൺ 26ന് കണ്ണൂരിലെ ഒരു പൊതുയോഗത്തിലാണ് അദ്ദേഹം കോടതിയുടെ വഴിയോര യോഗ നിരോധന ഉത്തരവിനെതിരെ പരാമർശം നടത്തിയത്. കേരളത്തിലെ പല രാഷ്ട്രീയ വിവാദങ്ങളിലും സ്‌ഫോടനാത്മകമായ പരാമർശങ്ങൾ നടത്തിയതില്‍ ജയരാജൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.