കേരളം

kerala

ETV Bharat / state

'പത്തനംതിട്ടയില്‍ അനില്‍ തോല്‍ക്കണം; കുടുംബവും രാഷ്‌ട്രീയവും വേറെ': എകെ ആന്‍റണി - AK Antony against Anil - AK ANTONY AGAINST ANIL

അനില്‍ ആന്‍റണിക്കെതിരെ ആഞ്ഞടിച്ച് പിതാവ് എകെ ആന്‍റണി രംഗത്ത്. പത്തനംതിട്ടയില്‍ മകന്‍ തോല്‍ക്കണമെന്നും ആന്‍റണി. കുടുംബവും രാഷ്‌ട്രീയവും വെവ്വേറെ.

A K ANTONY SLASHED AGAINST HIS SON  ANIL ANTONY  CONGRESS  BJP
Son should be fall at Pathanamthitta, A K Antony, My religion is Congress, family and Politics is different

By ETV Bharat Kerala Team

Published : Apr 9, 2024, 3:15 PM IST

Updated : Apr 9, 2024, 4:58 PM IST

Congress veteran AK Antony against NDA candidate Anil K Antony

തിരുവനന്തപുരം:പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും തന്‍റെ മകനുമായ അനില്‍ കെ ആന്‍റണി അവിടെ തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആന്‍റോ ആന്‍റണി ജയിക്കണം. താന്‍ പ്രചാരണത്തിനിറങ്ങാതെ തന്നെ അവിടെ ആന്‍റോ ആന്‍റണി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും.

താന്‍ പൊതു രംഗത്തു വന്ന കാലം മുതല്‍ തനിക്ക് രാഷട്രീയവും കുടുംബവും രണ്ടാണ്. കോണ്‍ഗ്രസാണ് എന്‍റെ മതം. തന്‍റെ മകനും കെ കരുണാകരന്‍റെ മകളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് തികച്ചും തെറ്റായ നടപടിയായിപ്പോയി. മറ്റ് മക്കളെ കുറിച്ച് താന്‍ കൂടുതല്‍ പറയാനാഗ്രഹിക്കുന്നില്ലെന്നും ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എകെ ആന്‍റണി പറഞ്ഞു.

താന്‍ പ്രചാരണത്തിനിറങ്ങിയിട്ട് വര്‍ഷങ്ങളായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും മാത്രമാണ് ഡല്‍ഹി വിട്ട് കേരളത്തില്‍ സ്ഥിര താമസമാക്കിയ ശേഷം താന്‍ പങ്കെടുത്തത്.

കേരളത്തില്‍ ബിജെപിയുടെ സുവര്‍ണകാലം 2019-ല്‍ ആയിരുന്നു. അന്നവര്‍ ശബരിമല വിഷയം ഉയര്‍ത്തിയാണ് ജനങ്ങളുടെ വോട്ടു നേടിയത്. ഇത്തവണ സാഹചര്യം മാറി. ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും താഴെ വോട്ടുമാത്രമേ ബിജെപിക്കു കേരളത്തില്‍ കിട്ടുകയുള്ളൂ. അവരുടെ എല്ലാ സ്ഥാനാര്‍ഥികളും ഇവിടെ മൂന്നാം സ്ഥാനത്താകും.

ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്. ഇന്ത്യയെ സംരക്ഷിക്കാനും ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനുമുള്ള തെരഞ്ഞെടുപ്പാണിത്. നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ നമ്മുടെ ഭരണ ഘടന അട്ടിമറിക്കപ്പെടും. ആ ആപത്ത് ഒഴിവാക്കണം. ഭരണ ഘടന സംരക്ഷിക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണം.

കോണ്‍ഗ്രസിനു ഭൂരിപക്ഷമുള്ള ഭരണഘടന നിര്‍മ്മാണ സഭയാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചത്. ഇതിനാല്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ അവകാശം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഡോ അംബേദ്‌കര്‍ക്കും മാത്രമാണ്. പിണറായി വിജയന്‍റെ പാര്‍ട്ടിക്ക് ഭരണ ഘടനയെ കുറിച്ച് പറയാന്‍ യോഗ്യതയില്ല.

1947-ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് യഥാര്‍ഥ സ്വാതന്ത്ര്യമല്ലെന്ന് കല്‍ക്കട്ട തീസീസ് പാസാക്കിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. നെഹ്‌റു ഗവണ്‍മെന്‍റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് കമ്യൂണിസ്റ്റുകാരെന്നും ആന്‍റണി ആരോപിച്ചു.

ദൈവത്തിന്‍റെ സ്വന്തം നാട് തകര്‍ന്നു തരിപ്പണമായി. മലയാളി കുടുംബങ്ങള്‍ ഇന്ന് ദുരിതമുഖത്താണ്. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ സ്വൈര്യ വിഹാരം നടത്തുന്ന ഏക സംസ്ഥാനമാണ് കേരളം.

ഇക്കാര്യത്തില്‍ സര്‍ക്കാരും വനം വകുപ്പും നിശബ്‌ദത പാലിക്കുന്നു. പരിസ്ഥിതി സന്തുലനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥിതിയിലുണ്ടാകുന്ന മാറ്റം പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വന മേഖലയോടു ചേര്‍ന്നു കൃഷി ഭൂമികളുള്ള കുടിയേറ്റ കര്‍ഷകരെ ഉള്‍പ്പെടെ അവിടെ നിന്ന് കുടിയിറക്കാനുള്ള ആസൂത്രിതമായ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Also Read:പത്തനംതിട്ട പിടിക്കാന്‍ അനിൽ ആന്‍റണി; നാമനിർദേശ പത്രിക സമർപ്പിച്ചു - Anil Antony Submitted Nomination

ജനങ്ങള്‍ കഷ്‌ടപ്പെടുമ്പോള്‍ മുണ്ടു മുറുക്കിയുടുക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്തോടു ധൂര്‍ത്തു നടത്തുകയാണ്. എട്ട് വര്‍ഷം കൊണ്ട് കേരളം പാപ്പരായി. നാടുനീളെ അക്രമം അഴിച്ചു വിട്ടു.

ബോംബുണ്ടാക്കല്‍ ഇപ്പോള്‍ സിപിഎം സ്ഥിരം പരിപാടിയാക്കി. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെയും കേരളത്തില്‍ പിണറായി വിജയനെയും താഴെ ഇറക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും ആന്‍റണി പറഞ്ഞു. കേരളത്തില്‍ മത സ്‌പര്‍ധ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപി ദൂരദര്‍ശന്‍ വഴി കേരള സ്റ്റോറി വീണ്ടും സംപ്രേക്ഷണം ചെയ്‌തത്. ആ കെണിയില്‍ വീഴരുതേ എന്നാണ് അഭ്യര്‍ത്ഥനയെന്നും ആന്‍ണി കൂട്ടിച്ചേര്‍ത്തു.

Last Updated : Apr 9, 2024, 4:58 PM IST

ABOUT THE AUTHOR

...view details