കുപ്പത്ത് പ്രളയത്തെ വിളിച്ചു വരുത്തുന്ന ദേശീയപാത നിർമാണമെന്ന് പൊതുപ്രവർത്തകൻ (ETV Bharat) കണ്ണൂർ: കണ്ണൂർ ജില്ലയുടെ വടക്ക് പെരുമ്പ പുഴ മുതൽ അങ്ങ് വളപട്ടണം വരെ നീളുന്ന ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി നിരവധി പാലങ്ങൾ ആണ് പുതുതായി നിർമിക്കുന്നത്. പുഴയിൽ കരയ്ക്ക് സാമാനമായി ചെമ്മണ്ണ് നിറച്ച്, പുഴ രണ്ടായി മാറ്റിയാണ് നിർമാണം. മുൻ കാലങ്ങളിൽ മണ്ണ് നിറച്ച ചാക്കുകൾ ക്രമീകരിച്ചാണ് നിർമ്മിക്കാറുള്ളത്. എന്നാൽ കരാർ ഏറ്റെടുത്ത കോൺട്രാക്റ്റർമാർക്ക് പണി എളുപ്പം ആവാൻ വേണ്ടി ഇപ്പോൾ പുതിയ രീതിയിലാണ് നിർമാണം.
ഓരോ മഴക്കാലം വരമ്പോഴും മണ്ണ് മാറ്റാതെ പുഴയുടെ ഒഴുക്ക് തന്നെ ഗതി മാറ്റും രീതിയിലാണ് നിലവിലെ പ്രവർത്തനങ്ങൾ. ജില്ലയിൽ ഏറ്റവും കൂടുതൽ മണ്ണിട്ട് പുഴ നികത്തിയിട്ടുള്ളത് കുപ്പം പുഴയിൽ ആണ്. കുപ്പം പുഴയിൽ പുതിയപാലത്തിന്‍റെ പണി തുടങ്ങിയിട്ട് ഒരു വർഷമായി. പഴയ പാലത്തിന് സമാന്തരമായി പുഴയിൽ അഞ്ച് തൂണുകൾ പണിതാണ് പുതിയ പാലം നിർമിക്കുന്നത്.
എന്നാൽ, പാലത്തിന്‍റെ പകുതി പ്രവൃത്തിപോലും ഒരു വർഷത്തിലേറെയായിട്ടും പൂർത്തിയായില്ല. പഴയതിനെക്കാൾ ഉയർന്നുനിൽക്കുന്നതാണ് പുതിയ പാലം. ഇതിന്‍റെ തൂണുകളുടെ പണി പൂർത്തിയാക്കാനുണ്ട്. സമീപ റോഡ് നിർമാണം, ബീമുകളുടെ നിർമാണം തുടങ്ങിയവയും ബാക്കിയുണ്ട്.
പാലം പണി ഇഴഞ്ഞു നീങ്ങുന്നതോടൊപ്പം മഴ കനക്കുന്നത്തോടെ വൻ ദുരന്തത്തിനാണ് അധികൃതർ വഴി ഒരുക്കുന്നത്. വീതിയേറിയ പുഴയിൽ പത്ത് മീറ്ററോളം ഭാഗത്ത് മാത്രമാണ് മണ്ണിടാതെ ഒഴിച്ചിട്ടിരിക്കുന്നത്. മഴക്കാലത്തെ ഒഴുക്കിന് ഇത് തീർത്തും കുറഞ്ഞ വഴിയാണ്. പുഴയിലെ മണ്ണ് ആഴത്തിൽ കോരിനീക്കാത്ത പ്രശ്‌നവുമുണ്ട്.
എല്ലാ മഴക്കാലത്തും ഒന്നിലേറെ തവണ വെള്ളപ്പൊക്കമുണ്ടാകാറുള്ള പ്രദേശമാണ് കുപ്പം. പുഴയിൽ മണ്ണിട്ടത് വെള്ളപൊക്കത്തിന്‍റെ തീവ്രത കൂട്ടുമെന്നാണ് നാട്ടുകാർ പറയുന്നത്. കാലവർഷം ആരംഭിച്ചാൽ മണ്ണ് നീക്കം ചെയ്യാന്‍ സാധിക്കാതെ വരും. ഇതോടെ കുപ്പം, വൈരാങ്കോട്ടം, മുക്കുന്ന് പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.
വിദ്യാഭ്യാസ സ്ഥാപനവും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളുമുള്ള പ്രദേശമാണ് ഇവിടം. ദേശീയപാത അതോറിറ്റിയും നിർമാണ കരാർ എടുത്ത കമ്പനിയും വെള്ളപൊക്കം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുപ്പം പുഴയുടെതിന് സമാനമാണ് വളപട്ടണം പുഴയുടെയും, പെരുമ്പുഴയുടെയും അവസ്ഥ.
Also Read: കേരളത്തിൽ വീണ്ടും പ്രളയം? ലാ നിന പ്രതിഭാസവും പോസിറ്റീവ് ഐഒഡി പ്രതിഭാസവും ഒരുമിച്ചെത്തുമെന്ന് പ്രവചനം; പ്രതിരോധത്തിന് മുന്നറിയിപ്പ്