തൃശൂർ:ഇരിങ്ങാലക്കുട ബസ് സ്‌റ്റാൻ്റിലെ ചായക്കടയിൽ നിന്ന് വാങ്ങിയ സമൂസയില്‍ നിന്ന് പല്ലിയെ കിട്ടിയതായി പരാതി. ബസ് സ്‌റ്റാൻ്റ് കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ എന്ന കടയിൽ നിന്ന് വാങ്ങിയ സമൂസയിലാണ് പല്ലിയെ കണ്ടെത്തിയത്.
ബുധനാഴ്‌ച്ച ഉച്ചയോടെ ആനന്ദപുരം സ്വദേശി സിനി രാജേഷും മകനും ചായ കുടിച്ച ശേഷം മകള്‍ക്കായി രണ്ട് സമൂസ പാഴ്‌സല്‍ വാങ്ങിയിരുന്നു. വീട്ടിലെത്തി മകള്‍ സമൂസ കഴിക്കുന്നതിനിടെയാണ് സമൂസക്കുള്ളില്‍ പല്ലിയെ കാണുന്നത്. രാജേഷ് ഉടന്‍ തന്നെ ഇരിങ്ങാലക്കുട ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഷോപ്പില്‍ പരിശോധന നടത്തി. എന്നാൽ സമൂസ ഇവിടെ നിര്‍മ്മിക്കുന്നതല്ലെന്നും കല്ലംകുന്നിലുള്ള സ്ഥാപനത്തില്‍ നിന്നും നിര്‍മ്മാണം നടത്തി വിതരണം നടത്തുന്നതാണെന്നുമാണ് കടയിൽ നിന്ന് ലഭിച്ച വിശദീകരണം.