തിരുവനന്തപുരം: തലസ്ഥാനത്തെമെഡിക്കല്‍ കോളജില്‍ വീണ്ടും ലിഫ്റ്റ് തകരാര്‍. അത്യാഹിത വിഭാഗത്തിലെ ഡോക്‌ടറും രോഗിയും ലിഫ്റ്റില്‍ കുടുങ്ങി. ഇന്ന് (ജൂലൈ 16) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനെടുക്കാന്‍ പോകുന്നതിനിടെയാണ് ഇരുവരും ലിഫ്‌റ്റില്‍ അകപ്പെട്ടത്.
പത്ത് മിനിറ്റോളം ലിഫ്റ്റ് തകരാറിലായി. വിവരം അറിഞ്ഞ മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി. തകരാര്‍ താത്‌കാലികമായി പരിഹരിച്ചതിന് പിന്നാലെ ഇരുവരെയും ആശുപത്രി അധികൃതര്‍ പുറത്തെത്തിച്ചു. ഇരുവരുടെയും ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.