കോഴിക്കോട്: ദുരന്ത ഭൂമിയിലെ ദൗത്യം കഴിഞ്ഞ് സൈന്യം മടങ്ങി. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നുള്ള മുഖങ്ങൾ ആ സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ഒരു മലയാളിയുടെ മുഖം നമ്മൾ ശരിക്കും കണ്ടില്ല. അത് രാജ്യത്തിനായി സ്വന്തം മുഖം ബലി നല്‍കിയ ലെഫ്. കേണല്‍ ഋഷി രാജലക്ഷ്‌മിയുടേതായിരുന്നു.
Indian Army At Wayanad (ETV Bharat) അതേ, 'ദി മോസ്റ്റ് ഫിയര്‍ലെസ് മാന്‍' (ഏറ്റവും ഭയമില്ലാത്ത മനുഷ്യന്‍) എന്ന് ഇന്ത്യയുടെ മുന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വിശേഷിപ്പിച്ചത് അതേ ഋഷി. കശ്‌മീരിലെ പുല്‍വാമയില്‍ തീവ്രവാദികളെ കീഴടക്കാനുള്ള ദൗത്യത്തിനിടെ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും പുനർജന്മമെടുത്ത കരുത്തിന്‍റെ പേരാണ് ഋഷി. 23 സർജറികൾക്ക് ശേഷം മുഴുവന്‍ സമയവും മുഖാവരണം ധരിച്ചാണ് ഇപ്പോള്‍ ആ ധീര സൈനികന്‍റെ ജീവിതം. എഞ്ചിനീയറിങ് ബിരുദധാരിയായ ഋഷി കെഎസ്‌ഇബിയിലെ ജീവനക്കാരനായിരുന്നു. പിന്നീട് എയർ ഇന്ത്യയിൽ ജോലി കിട്ടി. പക്ഷേ, സൈനികനാകണമെന്ന അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തെ ഇന്ത്യൻ ആർമിയിലെത്തിച്ചത്.
അമ്മ രാജലക്ഷ്‌മിയുടെ പേര് കൂടെ ചേർത്തത് കരുത്തിന്‍റെ പ്രതീകമായാണ്. 'ഒരു ജോലിക്കാണെങ്കിൽ മോൻ പട്ടാളത്തിൽ പോവണ്ട, അത് രാജ്യസേവനം ആകണം' അമ്മയുടെ ഈ വാക്കുകൾ എന്നും ഓർക്കുന്നുണ്ട് ഋഷി. അത് വെറുമൊരു സ്വപ്‌നമായിരുന്നില്ല, മറിച്ച് സമർപ്പണമായിരുന്നുവെന്ന് അദ്ദേഹം ജീവിതം കൊണ്ട് പിന്നീട് തെളിയിച്ചു.
ലെഫ്. കേണല്‍ ഋഷി രാജലക്ഷ്‌മി (ETV Bharat) തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയിലാണ് 'ഓപ്പറേഷന്‍ ത്രാല്‍' സൈനിക നീക്കം നടന്നത്. നുഴഞ്ഞ് കയറി ഒരു വീട്ടിൽ താവളമുറപ്പിച്ച തീവ്രവാദികളെ തുരത്താൻ ഋഷിയുടെ നേതൃത്വത്തിലുള്ള സൈനികസംഘം ത്രാലിലെത്തി. അതീവ ദുഷ്‌കരമായിരുന്നു ദൗത്യം.
'എന്നെ മറികടന്നു മാത്രമേ വെടിയുണ്ട നിങ്ങളിലെത്തൂ' വാക്കുകളിലെ കരുത്ത് ഋഷി പ്രവൃത്തിയിലൂടെ കാണിച്ചു. നുഴഞ്ഞ് കയറിയ തീവ്രവാദികളെ സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കാൻ ഋഷി മുന്നിട്ടിറങ്ങി. പത്ത് കിലോഗ്രാമോളം ഐഇഡിയുമായി അദ്ദേഹം വീടിനകത്തേക്ക് കയറി.
ഐഇഡി സ്ഥാപിക്കുന്നതിനിടെ മുകള്‍ നിലയില്‍ നിന്ന് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞെത്തി. മൂന്നുവെടിയുണ്ടകളാണ് ഋഷിക്കുനേരെ ചീറിപ്പാഞ്ഞുവന്നത്. ആദ്യവെടിയുണ്ട ഹെല്‍മെറ്റില്‍ തട്ടിത്തെറിച്ചു. അടുത്തത് ഋഷിയുടെ മൂക്ക് തകർത്തു.
ലെഫ്. കേണല്‍ ഋഷി രാജലക്ഷ്‌മി (ETV Bharat) മറ്റൊന്ന് താടിയെല്ലും. മാംസം ചിതറി, രക്തക്കളമായി. മേജര്‍ ഋഷിയുടെ മുഖം തകര്‍ന്നു. അതിനിടയിലും തന്‍റെ കൈവശമുള്ള എകെ 47 ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി ഋഷി പുറത്ത് കടന്നു.
ത്രാലില്‍ നിന്ന് 30 കിലോമീറ്ററിലേറെ ദൂരം താണ്ടിയാണ് ഋഷിയുമായുള്ള ആംബുലന്‍സ് ശ്രീനഗറിലെ ആശുപത്രിയിലെത്തിയത്. തന്‍റെ പരിക്ക് കണ്ട് ഞെട്ടി നിന്ന ഡോക്‌ടര്‍മാർക്കുനേരെ കൈ ഉയർത്തി 'തംപ്സ് അപ്പ്' ചിഹ്നം കാണിച്ച ഋഷി വീണ്ടും ഞെട്ടിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം അദ്ദേഹത്തെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
സൈന്യം ആ ദൗത്യം വിജയകരമായി തന്നെ പൂർത്തിയാക്കി. പ്രദേശവാസിയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗവുമായ അക്വിബ്, പാകിസ്ഥാനിയായ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ സെയ്‌ഫുള്ള എന്നിവരാണ് ആ വീട്ടില്‍ ഉണ്ടായിരുന്ന തീവ്രവാദികൾ. 15 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇരുവരെയും സൈന്യം വധിച്ചു. അതിനിടയിൽ ഒരു പോലീസുകാരനും വീരമൃത്യു വരിച്ചു. ഉറിയില്‍ നിന്നുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അഹമ്മദ് നായികിന്‍റെ മരണം ഏവരേയും ദുഃഖത്തിലാഴ്ത്തി.
പിതാവ് വേണുപ്രസാദും മാതാവ് രാജലക്ഷ്‌മിയും സഹോദരന്‍ വിനായകും ഭാര്യ അനുപമയും ഋഷിയ്‌ക്കൊപ്പം സദാസമയവും ഉണ്ടായിരുന്നു. സൈനിക ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റാണ് ഋഷിയുടെ ഭാര്യ ക്യാപ്റ്റന്‍ അനുപമ. പരിക്കുകളെ അതിജീവിച്ചെങ്കിലും ആ മുഖം പക്ഷേ, പഴയതുപോലെയായില്ല.
ലെഫ്. കേണല്‍ ഋഷി രാജലക്ഷ്‌മി (ETV Bharat) അന്ന് മുതലാണ് ഋഷി മുഖാവരണം ധരിച്ചുതുടങ്ങിയത്. വയനാട്ടിലെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമ്പോഴും ധീരതയുടെ അടയാളമായി ആ മുഖാവരണം ലെഫ്. കേണല്‍ ഋഷി രാജലക്ഷ്‌മിയുടെ മുഖത്തുണ്ട്. ആ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ധീരതയ്ക്കുള്ള സേനാ മെഡല്‍ നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
'എന്‍റെ രാജ്യമാണ് എനിക്ക് പ്രധാനം, നമ്മൾ നമ്മുടെ കുറവുകൾ മറച്ചുവെക്കുകയും കഴിവുകൾ ഉയർത്തിക്കാട്ടുകയും ചെയ്യണം. ആ ജോലിയാണ് തന്‍റെ മുഖാവരണം ചെയ്യുന്നത്. രാജ്യം ഹീറോയായി കാണുന്നുവെങ്കിലും തനിക്ക് അത്തരത്തിലൊരു പ്രത്യേകതയുമില്ല.
തങ്ങള്‍ ചെയ്യുന്നത് ദൈനംദിന കര്‍ത്തവ്യങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ലഭിച്ച കഠിനമായ പരിശീലനത്തിൽ ആരും കരുത്തരാവും. ശക്തമായ ചിന്താഗതി, ദൃഢനിശ്ചയം, ലക്ഷ്യബോധം, വ്യക്തിത്വം എന്നിവയെല്ലാമുള്ള യുവാക്കളെയാണ് സൈന്യത്തിന് ആവശ്യം.
ഡോക്‌ടര്‍മാര്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ എല്ലാവരും അവിടെയുണ്ട്. ആരായിക്കൊണ്ടും നിങ്ങള്‍ക്ക് സൈന്യത്തില്‍ ചേരാം. പുതുതലമുറയോട് ലെഫ്. കേണല്‍ ഋഷി രാജലക്ഷ്‌മിയുടെ വാക്കുകളാണിത്.
തന്‍റെ രാജ്യത്തെ പൗരന്മാരെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല, അവര്‍ക്കൊരാപത്ത് വരുമ്പോള്‍ കൈത്താങ്ങാവുകയും തന്‍റെ ചുമതലയാണ് എന്ന ഉറച്ച ബോധ്യമാണ് ലെഫ്. കേണല്‍ ഋഷിയെ വയനാട്ടിലെത്തിച്ചത്. 'ഞാന്‍ മലയാളിയാണ്. കേരളം ഞാന്‍ ജനിച്ച നാടാണ്. ഇതാണ് എന്‍റെ നാടിന് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്ന മികച്ച കാര്യം. ഇത് ഞാന്‍ തുടരും' ഈ വാക്കുകളോടെ ഋഷിയും സംഘവും മടങ്ങുമ്പോൾ നമുക്ക് അഭിമാനിക്കാം. നമ്മുടെ ധീര സൈനികരെ ഓർത്ത്.
Also Read :'പ്രിയപ്പെട്ട ആര്‍മി, മണ്ണിനടിയില്‍പ്പെട്ട മനുഷ്യരെ രക്ഷിക്കുന്നത് കണ്ടപ്പോള്‍ സന്തോഷമായി...'; വൈറലായി കുഞ്ഞു റയാന്‍റെ കത്ത്