പാലക്കാട്: പാതിര റെയ്‌ഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഉയർന്ന കള്ളപ്പണ ആരോപണത്തിൽ കേസ് മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. പരിശോധനയിൽ പണം കണ്ടെടുക്കാത്ത സാഹചര്യത്തിൽ തുടർനടപടികൾ സാധ്യമല്ലെന്നാണ് വിലയിരുത്തൽ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെ റെയ്‌ഡ് നടത്തിയതാണ് പൊലീസിന് തിരിച്ചടി ആയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളിൽ റെയ്‌ഡിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷനെ വിവരമറിയിക്കണമെന്നും റെയ്‌ഡ് സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നുമാണ് ചട്ടം. അത് ഉണ്ടായിട്ടില്ല. റെയ്‌ഡ് വിവാദമായി മാധ്യമങ്ങളിൽ എത്തിയ ശേഷമാണ് ജില്ലാ കലക്‌ടർ പോലും വിവരം അറിയുന്നത്.