വയനാട്:യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരി. തെരഞ്ഞെടുപ്പ് പത്രിക നൽകിയതിന് പിന്നാലെ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ നിന്നും പോയെന്നും അവർ മലയോര മേഖലയിലെ ജനങ്ങൾക്കൊപ്പമുണ്ടാകില്ലെന്നും സത്യൻ മൊകേരി വിമര്‍ശിച്ചു.
എംപിയായി തെരഞ്ഞെടുത്തിട്ടും ദുരന്തമുണ്ടായ അത്യാവശ്യഘട്ടത്തിൽ വയനാടിനൊപ്പം നിൽക്കാത്ത രാഹുൽ ഗാന്ധി വയനാടൻ ജനതയെ വഞ്ചിച്ചെന്നും സഹോദരിയെ സ്ഥാനാർഥി ആക്കുന്നതിലൂടെ ജനപക്ഷ എംപിയെ ലഭിക്കാത്ത അവസ്ഥ വയനാടിന് ഉണ്ടാവുമെന്നും സത്യൻ മൊകേരി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയെപ്പോലെ പ്രിയങ്കയും ഇവിടെ വന്ന് അതിഥിയായി പോകുമെന്നും അവർ മണ്ഡലത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു. നവംബർ 13 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി പ്രിയങ്ക മണ്ഡലത്തിലെ ആദ്യ റൗണ്ട് കോർണർ മീറ്റിങ്ങുകൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇടതു സ്ഥാനാർഥി വിമർശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തതിൻ്റെ ഫലം വയനാട്ടിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞെന്നും വോട്ടർമാർക്ക് അദ്ദേഹത്തെ കാണാൻ പോലും സാധിച്ചിട്ടില്ലെന്നും സിപിഐയുടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ സത്യൻ മൊകേരി പറഞ്ഞു. ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ രാഹുൽ ഗാന്ധി വയനാടിനെ കൈവിട്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഇപ്പോൾ, യുഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ മണ്ഡലം വിട്ടു. ഇതാണ് അവർ ജനങ്ങളോട് കാണിക്കുന്നത്," എന്നും അദ്ദേഹം പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം ഒരു സ്ഥാനാർഥി മണ്ഡലം വിട്ടുപോയാൽ അതിനർഥം അവർ എപ്പോൾ വേണമെങ്കിലും മണ്ഡലം ഉപേക്ഷിക്കാൻ തയ്യാറാണെന്നും വയനാട്ടിലെ ജനങ്ങൾക്കൊപ്പമില്ലെന്നുമാണെന്നും അദ്ദേഹം വിമർശിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് വയനാടിനും നാട്ടുകാർക്കും വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്കയും എന്താണ് ചെയ്‌തതെന്ന് എൽഡിഎഫ് സ്ഥാനാർഥി ചോദിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് വയനാടിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മനുഷ്യ-മൃഗ സംഘർഷം, രാത്രി യാത്രാ നിരോധനം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ നടപടിയെടുക്കുന്നില്ലെന്നും സത്യൻ മൊകേരി കുറ്റപ്പെടുത്തി.
മലയോര മണ്ഡലത്തിലെ രണ്ട് ദിവസത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ രണ്ടാം ദിവസമായ ചൊവ്വാഴ്‌ച വയനാട്ടിലെ നാലിടങ്ങളിൽ പ്രിയങ്ക കോർണർ മീറ്റിങ്ങുകൾ നടത്തിയിരുന്നു. സത്യൻ മൊകേരിക്ക് പുറമെ കോഴിക്കോട് കോർപ്പറേഷനിൽ രണ്ട് തവണ കൗൺസിലറായ ബിജെപിയുടെ നവ്യാ ഹരിദാസാണ് മണ്ഡലത്തിലെ മറ്റൊരു സ്ഥാനാർഥി. അടുത്തിടെ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ വിജയിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
Also Read:'പ്രിയങ്ക തോല്‍ക്കും, രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു': സത്യൻ മൊകേരി