എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി കണ്ണൂർ :കണ്ണൂർ പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ പെരളശ്ശേരി ഹയർ സെക്കൻഡറി സ്‌കൂൾ 78-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയപ്രതീക്ഷയിൽ ആണെന്ന് എംവി ജയരാജൻ പറഞ്ഞു. കേരളത്തിലെ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കുമെന്നും പോളിങ് സമാധാനപരമായാണ് രാവിലെ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും എംവി ജയരാജൻ പറഞ്ഞു. ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ പോകുന്നു എന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വാദം തെറ്റാണ്. കെ സുധാകരന്‍റെ ബിജെപി പ്രവേശനത്തിന് ഒരു ബലമുണ്ടാക്കാൻ വേണ്ടിയിട്ടുള്ള ഒരു അപവാദ പ്രചരണമാണ് അദ്ദേഹം പറഞ്ഞതെന്ന് എംവി ജയരാജൻ കൂട്ടിച്ചേർത്തു. 'ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ സൂത്രം എപ്പോഴും കെപിസിസി പ്രസിഡന്‍റ് നടത്താറുണ്ടെ'ന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കണ്ണൂർ ലോക്‌സഭ മണ്ഡലത്തിന് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിർണായക സ്ഥാനമാണുള്ളത്. 2019 മുതൽ കെ സുധാകരനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ (യുഡിഎഫ്), എംവി ജയരാജൻ (എൽഡിഎഫ്), സി രഘുനാഥ് (എൻഡിഎ) എന്നിവരാണ് മത്സരിക്കുന്നത്. വിജയപ്രതീക്ഷയിലാണ് സ്ഥാനാർഥികൾ.
11 നിയമസഭ മണ്ഡലങ്ങളിലായി 21,16, 876 പേരാണ് ആകെ വോട്ടർമാർ. സ്ത്രീകൾ 11,14, 246. പുരുഷന്മാർ 10,02,622. ട്രാൻസ്ജെൻഡേഴ്‌സ് 8 . 18നും 19നും ഇടയിൽ പ്രായമുള്ളവർ 55,166. 20നും 29നും ഇടയിലുള്ളവർ 3,48, 884. 30നും 39നും ഇടയിൽ പ്രായമുള്ളവർ 3,92, 017. 40നും 49നും ഇടയിലുള്ളവർ 4,47, 721. 50 വയസിന് മുകളിലുള്ളവർ 8,73, 088.
ജില്ലയില്‍ 1866 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം -181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശ്ശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172 എന്നിങ്ങനെയാണ് പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം. പോളിങ് ഡ്യൂട്ടിക്കായി റിസര്‍വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു പോളിങ് ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫിസറും മൂന്ന് പോളിങ്ങ് ഓഫിസര്‍മാരുമാണ് ഉണ്ടാവുക.
ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിങ്, ചെലവ് നിരീക്ഷക ആരുഷി ശര്‍മ, പൊലീസ് നിരീക്ഷന്‍ സന്തോഷ് സിങ് ഗൗര്‍ എന്നിവര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ട്.