ഇടുക്കിയില്‍ മണ്ണിടിച്ചില്‍ (ETV Bharat) ഇടുക്കി:ജില്ലയില്‍ മഴ ശക്തമായതോടെ കട്ടപ്പന-കുട്ടിക്കാനം റോഡിൽ ഗതാഗത തടസം രൂക്ഷം. മലയോര ഹൈവേ നിർമാണം നടക്കുന്ന അയ്യപ്പൻകോവിൽ പരപ്പില്‍ മണ്ണിടിച്ചിലുണ്ടാകുന്നതിനെ തുടര്‍ന്നാണ് ഗതാഗത തടസമുണ്ടാകുന്നത്. സംഭവത്തിന് പിന്നാലെ ഹൈവേ നിര്‍മാണത്തില്‍ അഴമതി ആരോപണമുന്നയിച്ച് പ്രദേശവാസികളും രംഗത്തെത്തി.
കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ പരപ്പ് പാറമടക്ക് സമീപം ഉരുൾപൊട്ടൽ പോലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണും കല്ലും മരങ്ങളും റോഡിൽ പതിച്ചതോടെ ജനങ്ങൾ വലിയ ഭീതിയിലാണ്. മണ്ണിടിച്ചിൽ ഉണ്ടായി മിനിറ്റുകൾക്കകം ഉപ്പുതറ പൊലീസ് സ്ഥലത്തെത്തുകയും ശതാഗതം നിരോധിക്കുകയും ചെയ്‌തു.
മലയോര ഹൈവേക്ക് മണ്ണ് നീക്കം ചെയ്‌തതും ഉഗ്ര സ്ഫോടന ശേഷിയുള്ള വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ചതുമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെ നിര്‍മാണത്തിനായി പാറ പൊട്ടിക്കല്‍ തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പരപ്പ് മുതൽ ആലടി വരെ ഉരുൾ പൊട്ടൽ ഭീഷണിയിലുള്ള പ്രദേശമാണ്. ഇവിടെ മണ്ണ് നീക്കം ചെയ്‌തത് കഴിഞ്ഞ ജനുവരിയിലാണ്. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ കരാറുകാർ കൂട്ടാക്കാതിരുന്നതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്.
മണ്ണിടിഞ്ഞ് വീണതിൻ്റെ മുകൾ ഭാഗത്ത് 5 മീറ്ററോളം ഭൂമി വിണ്ടു കീറിയിട്ടുണ്ട്. റോഡിൽ വീണ മണ്ണ് നീക്കിയാൽ മുകൾ ഭാഗം വീണ്ടും ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.
Also Read:മഴയിൽ മുങ്ങി കാസർകോട്: മധുവാഹിനി പുഴ കരകവിഞ്ഞു; മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ വെള്ളം കയറി