കേരളം

kerala

ETV Bharat / state

വമ്പന്‍ ടൂറിസം പദ്ധതികള്‍ക്കൊരുങ്ങുന്ന ലക്ഷദ്വീപ്; ആശങ്കയില്‍ ദ്വീപ് നിവാസികളും - Lakshadweep tourism projects - LAKSHADWEEP TOURISM PROJECTS

പ്രകൃതി അനുഗ്രഹിച്ച ലക്ഷദ്വീപില്‍ ഒരുങ്ങുന്നത് വമ്പന്‍ ടൂറിസം പ്രോജക്‌ടുകളാണ്. ദ്വീപുകാരുടെ ആശങ്കകള്‍ കൂടെ പരിഹരിച്ച് മുന്നോട്ട് പോവാന്‍ ഭരണകൂടത്തിനായാല്‍ ഇന്ത്യക്ക് അഭിമാനകരമാകുന്ന പല പദ്ധതികളും ഈ കൊച്ചു ദ്വീപില്‍ നടപ്പിലാകും.

LAKSHADWEEP TOURISM  LAKSHADWEEP PROTEST  ലക്ഷദ്വീപ് ടൂറിസം  ലക്ഷദ്വീപ് പ്രതിഷേധം
Lakshadweep collector Arjun Mohan IAS (ETV Bharat)

By ETV Bharat Kerala Team

Published : Jul 13, 2024, 10:22 PM IST

ലക്ഷദ്വീപില്‍ ഒരുങ്ങുന്ന് വമ്പന്‍ ടൂറിസം പദ്ധതികള്‍ (ETV Bharat)

കണ്ണൂർ : അസ്‌തിത്വവും അതിജീവനവും ഉന്നയിച്ച് ദ്വീപ് നിവാസികളുടെ പ്രതിഷേധം. പകരം വെക്കാനില്ലാത്ത വികസന പദ്ധതികളുടെ തീരാ നിര. തിളച്ചു മറിയുന്ന ലക്ഷദ്വീപില്‍ ഈ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല ഒരു മലയാളിക്കാണ്.

കണ്ണൂരിലെ ചെറുപുഴയെന്ന കൊച്ചുഗ്രാമത്തില്‍ നിന്നും വന്ന് കണ്ണൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനിയറിങ് കോളജില്‍ നിന്ന് ബിരുദം നേടി ഐഎഎസ് കരസ്ഥമാക്കിയ അരുണ്‍ മോഹന്‍ എന്ന ലക്ഷദ്വീപുകാരുടെ കലക്‌ടര്‍. 2019 ബാച്ച് ഐഎഎസ് ഉദ്യേഗസ്ഥനായ അരുണ്‍ മോഹന്‍ ലക്ഷദ്വീപ് കലക്‌ടറായെത്തിയിട്ട് രണ്ട് വര്‍ഷം തികയുന്നതേയുള്ളൂ.

ആദ്യ പോസ്റ്റിങ് അരുണാചല്‍ പ്രദേശിലായിരുന്നു. 2022-ല്‍ ആണ് ലക്ഷദ്വീപിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ വിവാദ തീരുമാനങ്ങളും ഉത്തരവുകളും കലുഷിതമാക്കിയ ദ്വീപിലേക്കാണ് 2022 ഓഗസ്റ്റില്‍ അര്‍ജുന്‍ മോഹന്‍ എത്തിയത്.

സ്‌കൂള്‍ ഭക്ഷണത്തില്‍ നിന്ന് ബീഫ് നീക്കം ചെയ്‌തും ഭൂവിനിയോഗ ചട്ടങ്ങളില്‍ പരിഷ്‌കാരം കൊണ്ട് വന്നതും മദ്യ ഷാപ്പുകള്‍ തുടങ്ങുന്നതിനുള്ള നിയന്ത്രണം നീക്കിയതുമൊക്കെ ദ്വീപുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയില്‍ ഈ വര്‍ഷം ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വീപ് സന്ദര്‍ശനം. തുടര്‍ന്ന് ലോക ശ്രദ്ധയിലേക്കുയര്‍ന്ന ദ്വീപിലേക്ക് വിനോദ സഞ്ചാരികളുടേയും നിക്ഷേപകരുടേയും ഒഴുക്ക്.

ടൂറിസത്തിന്‍റെ പേരില്‍ തങ്ങളുടെ കടല്‍ത്തീരങ്ങള്‍ കവര്‍ന്നെടുത്ത് ജീവനോപാധി ഇല്ലാതാക്കരുതെന്ന് ദ്വീപ് വാസികളുടെ നിരന്തര അഭ്യര്‍ഥന. അതിനിടെ പണ്ടാര ഭൂമി തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളും വിവാദങ്ങളും. ഈ ദ്വന്ദങ്ങള്‍ക്ക് നടുവിലാണ് അര്‍ജുന്‍ മോഹന്‍ എന്ന കലക്‌ടര്‍ ലക്ഷദ്വീപില്‍ ഭരണ നിര്‍വഹണം നടത്തുന്നത്.

ഭരണ കൂടത്തിന്‍റെ വികസന നീക്കങ്ങളോട് ദ്വീപ് നിവാസികള്‍ക്കുള്ള സംശയം അകറ്റാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഇടിവിഭാരതിനോട് സംസാരിക്കവെ കലക്‌ടര്‍ അര്‍ജുന്‍ മോഹന്‍ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ദ്വീപില്‍ നടത്തുക. ജനപങ്കാളിത്തത്തോടെയുള്ള ടൂറിസം പദ്ധതികളാവും ദ്വീപുകളില്‍ നടപ്പാക്കുക.

ലക്ഷദ്വീപ് സമൂഹത്തിൽ പെട്ട കടമത്ത് ദ്വീപിൽ താജ് ഗ്രൂപ്പിന് ഇക്കോ ടൂറിസം പദ്ധതിക്ക് പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് ഇതിന് ആരംഭം കുറിക്കുക.'- അർജുൻ മോഹൻ പറഞ്ഞു.

മൺസൂൺ അതിജീവനത്തിനായി ഭരണകൂടം നിശ്ചയിച്ച് തയ്യാറാക്കുന്ന ഡിസൈൻ ആയിരിക്കും ടൂറിസം പദ്ധതിക്ക് വേണ്ടി സ്വീകരിക്കുക. കെട്ടിട നിർമാണം അടക്കമുളള കാര്യങ്ങൾ ഈ മാനദണ്ഡം ഉപയോഗിച്ചാണ് നടപ്പാക്കുക. ദ്വീപിനെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാന്‍ ലക്ഷ്യമാക്കിയുള്ള പദ്ധതിയിൽ ഇത് നടപ്പാക്കും. വിനോദ സഞ്ചാരം ലക്ഷ്യമാക്കിയുള്ള പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് തൊഴിൽ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനവാസമില്ലാത്ത ദ്വീപുകളെ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വികസനം സാധ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കലക്‌ടര്‍ ചൂണ്ടിക്കാട്ടി. 'ലക്ഷദ്വീപ് സമൂഹത്തിൽ പെട്ട ആകെയുള്ള 27 ദ്വീപുകളിൽ പത്തെണ്ണത്തിൽ മാത്രമേ ജനവാസമുള്ളൂ. ബാക്കിയുള്ള 17 ൽ 14 എണ്ണത്തിലും വിസ്‌തീർണ്ണം വളരെ കുറവാണ്. അതിനാൽ അവിടങ്ങളിൽ വിനോദ സഞ്ചാരത്തിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും നടപ്പാക്കാനാകില്ല.

കുറഞ്ഞ ചെലവിൽ മികവുള്ള പദ്ധതികൾ കൊണ്ടുവരാനുള്ള ശ്രമമാണ് ഭരണകൂടത്തിന്‍റെ പ്രധാന ലക്ഷ്യം. പദ്ധതി പ്രാവർത്തികമാക്കുന്നതോടെ പ്രാദേശിക തലത്തിൽ തൊഴിൽ സാധ്യത വർധിക്കും'.- കലക്‌ടര്‍ പറഞ്ഞു.

ലക്ഷദ്വീപിന്‍റെ ടൂറിസം മേഖലയിലേക്ക് വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകളും നിക്ഷേപകരും താത്പര്യത്തോടെ എത്തുന്നുണ്ട്. പക്ഷേ ഇവിടെ പരിസ്ഥിതി സൗഹൃദ ടൂറിസം വികസനം ഉറപ്പ് വരുത്താനുള്ള ഭാരിച്ച ചുമതലയാണ് ദ്വീപ് ഭരണകൂടത്തിനുള്ളത്.

പ്രധാനമായും രണ്ട് വന്‍കിട ഗ്രൂപ്പുകളാണ് ദ്വീപില്‍ വമ്പന്‍ പ്രോജക്റ്റുകളുമായി രംഗത്തുള്ളത്. ഒന്ന് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രവേഗ് എന്ന സ്വകാര്യ സ്ഥാപനമാണ്. മൂന്ന് ദ്വീപുകളിലെ ഇക്കോ ടൂറിസം പ്രോജക്റ്റുകളുടെ നടത്തിപ്പ് ചുമതലയാണ് പ്രവേഗിന് ലഭിച്ചിരിക്കുന്നത്. ബങ്കാരം ദ്വീപില്‍ 150 ടെന്‍റുകളും തിണ്ണക്കരയില്‍ 200 ടെന്‍റുകളും സ്ഥാപിക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കമ്പനിക്ക് അനുമതി ലഭിച്ചത്.

മുമ്പ് അഗത്തിയില്‍ 50 ടെന്‍റുകള്‍ നിര്‍മ്മിക്കാനും അനുമതി ലഭിച്ചിരുന്നു. സകൂബാ ഡൈവിങ്, ഡെസ്‌റ്റിനേഷന്‍ വെഡ്ഡിങ്, കോര്‍പ്പറേറ്റ് ചടങ്ങുകളും സമ്മേളനങ്ങളും, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്‍റര്‍, കോഫീ ഷോപ്പുകള്‍ എന്നിവയും കമ്പനി ഒരുക്കും. അഞ്ച് വര്‍ഷത്തിനകം പണി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇക്കോ ഫ്രണ്ട്ലി ടൂറിസമാണ് ലക്ഷ്യം വെക്കുന്നതെന്ന് കമ്പനി അറിയിച്ചു. പ്രവേഗ് ടെന്‍റ് സിറ്റി പ്രോജക്റ്റ്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള വാരണാസിയിലും അയോദ്ധ്യയിലും നര്‍മ്മദയിലും ടെന്‍റ് സിറ്റികളുള്ള പ്രവേഗിന്‍റെ ചെയര്‍മാന്‍ വിഷ്‌ണു പട്ടേലാണ്.

അഗത്തിയില്‍ അതിവേഗം പ്രവേഗിന്‍റെ ടെന്‍റുകള്‍ തയാറായി വരികയാണ്. പ്രീമിയം എസി ടെന്‍റുകളില്‍ കിങ് സൈസ് ഡബിള്‍ ബെഡ്, ഡ്രസ്സിങ് ടേബിള്‍, ഗീസര്‍, ബാത്ടബ്, സോഫ, പോര്‍ച്ച് , റൂം ഹീറ്റര്‍, ടിവി തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബീച്ച് യോഗ, മറ്റ് ജലവിനോദങ്ങള്‍, സ്‌കൂബാ ഡൈവിങ് തുടങ്ങിയ സൗകര്യങ്ങളും പ്രവേഗ് ഒരുക്കും.

120 ഏക്കര്‍ വിസ്‌തൃതിയുള്ള, നൂറില്‍ താഴെ മാത്രം ജനസംഖ്യയുള്ള ബങ്കാരം ദ്വീപില്‍ ടൂറിസം പ്രവൃത്തികള്‍ സജീവമാണ്. ബീച്ച് കോട്ടേജുകളും വിനോദ സഞ്ചാരികള്‍ക്ക് താമസത്തിനുള്ള മുറികളും ഇവിടെ ലഭ്യമാണ്. തെങ്ങിന്‍ തോപ്പ്, പവിഴപ്പുറ്റുകള്‍ ലഗൂണുകള്‍, ദേശാടനക്കിളികളും കടല്‍പ്പക്ഷികളും തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന എല്ലാ ചേരുവകളും ഒത്തു ചേരുന്ന ഇടമാണ് ബങ്കാരം ദ്വീപ്.

ടാറ്റാ ഗ്രൂപ്പിന്‍റെ അധീനതയിലുള്ള ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡാണ് ദ്വീപില്‍ വമ്പന്‍ പദ്ധതികളുമായി എത്തിയ മറ്റൊരു സ്ഥാപനം. 2026-ഓടെ രണ്ട് ദ്വീപുകളില്‍ ഇവരുടെ താജ് ഹോട്ടലുകള്‍ പ്രവര്‍ത്തന സജ്ജമാവും.

കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന വാട്ടര്‍ വില്ലകള്‍ ആയിരിക്കും പ്രത്യേകത. സുഹേലി ദ്വീപില്‍ തുടങ്ങുന്ന താജ് സുഹേലി 110 റൂമുകളുള്ള പ്രോജക്റ്റാണ്. 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളും ഉണ്ടാകും.

കടമത്ത് ദ്വീപിലെ താജ് കടമത്തിലും 110 മുറികളുണ്ടാവും. 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളും അടക്കം ഇവിടെ യാതാര്‍ത്ഥ്യമാവും. പവിഴപ്പുറ്റുകള്‍ക്ക് പേരുകേട്ട ദ്വീപാണ് കടമത്ത്. വിന്‍ഡ് സര്‍ഫിങ്, വാട്ടര്‍ സ്‌കീയിങ്, ജല വിനോദങ്ങള്‍ എന്നിവയ്ക്കും ഇവിടെ സാധ്യതയുണ്ട്.

മിനിക്കോയ്, സുഹേലി പാര്‍, അഗത്തി, ബങ്കാരം ദ്വീപുകള്‍ കേന്ദ്രീകരിച്ചാവും ലക്ഷദ്വീപിലെ വിനോദ സഞ്ചാര വികസനമത്രയും നടക്കുക. മിനിക്കോയില്‍ പുതിയ എയര്‍ഫീല്‍ഡ് നിര്‍മിക്കാനും ആലോചനകളുണ്ട്. മിനിക്കോയില്‍ നിന്ന് ഏറെ അകലെയുള്ള അഗത്തിയിലാണ് ഇപ്പോള്‍ വിമാനത്താവളമുള്ളത്.

വിവാദ വിഷയങ്ങളില്‍ പ്രതികരിക്കില്ല :ലക്ഷദ്വീപില്‍ സജീവമായി നില്‍ക്കുന്ന പണ്ടാര ഭൂമി വിഷയത്തില്‍ പ്രതികരിക്കില്ലെന്ന് കലക്‌ടര്‍ വ്യക്തമാക്കി. വിഷയം കോടതിയിലായതിനാല്‍ പ്രതികരിക്കാനാവില്ലെന്ന് അര്‍ജുന്‍ മോഹന്‍ വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ വിഷയത്തിലും പ്രതികരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പണ്ടാര ഭൂമി വിവാദം :ലക്ഷദ്വീപിലെ ആകെ ഭൂമിയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള 50 ശതമാനം കഴിച്ചാല്‍ പകുതിയോളം ഭൂമി പണ്ടാര ഭൂമിയിനത്തില്‍പ്പെട്ടതാണ്. പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് വൈദേശിക ആക്രമണത്തില്‍ നിന്ന് നാട്ടുകാരെ രക്ഷിക്കാന്‍ അന്ന് ദ്വീപിന്‍റെ ഉടമകളായിരുന്ന കണ്ണൂരിലെ അറക്കല്‍ രാജവംശം ഈ ഭൂമി അവരുടെ പേരിലേക്ക് മാറ്റുകയായിരുന്നു.

പിന്നീട് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായപ്പോള്‍ ഈ ഭൂമിയില്‍ ദ്വീപ് നിവാസികള്‍ക്ക് കൈവശാവകാശം നല്‍കി. അങ്ങനെ ഒരു നൂറ്റാണ്ടിലേറെയായി ദ്വീപുകാര്‍ ഇവിടെ കൃഷി ചെയ്‌ത് വീട് വെച്ചും കഴിയുകയായിരുന്നു. 1965- ലെ ലക്ഷദ്വീപ്, മിനിക്കോയ് അമിനി ദ്വീപ് ലാന്‍ഡ് റെവന്യു ആന്‍ഡ് ടെനന്‍സി റെഗുലേഷന്‍ ആക്റ്റ് പ്രകാരം ഈ ഭൂമിയുടെ ഉടമാവകാശം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്‌തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദ്വീപ് ഭരണകൂടം പണ്ടാര ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പണ്ടാരം ഭൂമിയില്‍ 3117 വീടുകളും 431 വ്യാപാര സ്ഥാപനങ്ങളുമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. കവരത്തി, ആന്ത്രോത്ത്, അഗത്തി, കല്‍പേനി, മിനിക്കോയ് എന്നീ അഞ്ച് ദ്വീപുകളിലായി 575.75 ഹെക്‌ടറാണ് പണ്ടാരം ഭൂമിയില്‍ ഉള്‍പ്പെടുന്നത്. കാര്‍ഷികാവശ്യത്തിന് പാട്ടത്തിന് നല്‍കിയ ഭൂമിയാണിതെന്നും വികസന ആവശ്യങ്ങള്‍ക്കായി ഭൂമി തിരിച്ചെടുക്കണമെന്നും ചൂണ്ടിക്കാട്ടി ജൂണ്‍ 27-ന് ആയിരുന്നു പണ്ടാരം ഭൂമി പിടിച്ചെടുക്കാന്‍ ലക്ഷദ്വീപ് കലക്‌ടര്‍ ഉത്തരവിട്ടത്.

ദ്വീപുകാര്‍ക്ക് ഈ ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കിയിട്ടില്ലെന്നായിരുന്നു ഭരണകൂടത്തിന്‍റെ വാദം. ഇതിനെ ചോദ്യം ചെയ്‌ത് ജെഡിയു അധ്യക്ഷന്‍ ഡോക്‌ടര്‍ മുഹമ്മദ് സാദിഖ് നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി ഒഴിപ്പിക്കല്‍ നടപടികള്‍ താത്ക്കാലികമായി സ്റ്റേ ചെയ്‌തിരുന്നു. കേസ് ജൂലൈ 19-ന് വീണ്ടും പരിഗണിക്കും വരെയാണ് സ്റ്റേ.

ദ്വീപിലെ പശ്ചാത്തല സൗകര്യ വികസനത്തിന് ആവശ്യമായ ഭൂമി തിരിച്ചു പിടിക്കുന്നു എന്നാണ് ദ്വീപ് ഭരണകൂടം പറയുന്നത്. ടൂറിസത്തിന് മാത്രമല്ല തുറമുഖ വികസനം, റോഡ് സൗകര്യം, ആശുപത്രികള്‍ സ്‌കൂളുകള്‍ എന്നിവയുടെ വികസനത്തിനും സ്ഥലം ആവശ്യമാണെന്ന് ഭരണകൂടം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ലക്ഷദ്വീപ് കലക്‌ടര്‍ അര്‍ജുന്‍ മോഹന്‍ വിസമ്മതിച്ചു. 2023 ജൂണില്‍ കേരള ഹൈക്കോടതി ഒരു സിവില്‍ കേസില്‍ നല്‍കിയ വിധിന്യായത്തിന്‍റെ ചുവട് പിടിച്ചാണ് ലക്ഷദ്വീപില്‍ പണ്ടാര ഭൂമി തിരിച്ചു പിടിക്കാന്‍ നീക്കം സജീവമായത്.

പണ്ടാര ഭൂമിയില്‍ ഉടസ്ഥാവകാശമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് വില നല്‍കാനാവില്ലെന്നും അവിടെ ദ്വീപ് നിവാസികള്‍ നിര്‍മിച്ച കെട്ടിടങ്ങളുടേയും കാര്‍ഷിക വിളകളുടേയും മൂല്യം നോക്കി മാത്രം നഷ്‌ട പരിഹാരം നല്‍കിയാല്‍ മതിയെന്നുമായിരുന്നു ഉത്തരവ്.

ലാന്‍ഡ് അക്വിസിഷന്‍ ആവശ്യമില്ലെന്നും ലീസിന് നല്‍കിയ ഭൂമി തിരിച്ചെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള നിലപാട് ഭരണകൂടം കൈക്കൊണ്ടതോടെ ഉടമസ്ഥാവകാശമില്ലെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്‌ടപരിഹാരം ലഭിക്കില്ല എന്നാണ് ഇന്നാട്ടുകാര്‍ ഭയക്കുന്നത്. വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും അര്‍ധസൈനിക വിഭാഗങ്ങളെയും പൊലീസിനേയും മുന്‍നിര്‍ത്തി സര്‍വേ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു ഭരണകൂടം.

Also Read :അറബിക്കടലിന്‍റെ താരാട്ടുണ്ടെങ്കിലും ഉറക്കമില്ലാത്ത നാളുകൾ; ഭൂമി പ്രശ്‌നത്തിൽ അശാന്തമായി ലക്ഷദ്വീപ് - Pandara Land Dispute Lakshadweep

ABOUT THE AUTHOR

...view details