കേരളം

kerala

ETV Bharat / state

വ്രതശുദ്ധിയുടെ റമദാന്‍ അവസാനത്തിലേക്ക്: ആയിരം മാസങ്ങളുടെ പുണ്യവുമായി ഇന്ന് 27 -ാം രാവ്; പ്രാര്‍ഥനകളില്‍ മുഴുകി വിശ്വാസികള്‍ - Lailathul Quadar In Ramadan - LAILATHUL QUADAR IN RAMADAN

റമദാനിലെ പുണ്യങ്ങളുടെ പൂക്കാലമായി 27 -ാം രാവ്. പള്ളികളിലും വീടുകളിലും ഇന്ന് പ്രത്യേക പ്രാര്‍ഥനകള്‍. ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ച് കൂടുതലറിയാം.

LAILATHUL QUADAR IN RAMADAN  HISTORY AND SIGNIFICANCE OF RAMADAN  ഇന്ന് 27ാം രാവ്  ലൈലത്തുല്‍ ഖദ്‌ര്‍
Lailathul Quadar 2024; History And Significance Of Night Of Power In Ramadan

By ETV Bharat Kerala Team

Published : Apr 6, 2024, 6:37 PM IST

Updated : Apr 6, 2024, 8:38 PM IST

ആയിരം മാസങ്ങളുടെ പുണ്യവുമായി ഇന്ന് 27 -ാം രാവ്

എറണാകുളം:വ്രത വിശുദ്ധിയുടെ ഇരുപത്തിയാറ് ദിനരാത്രങ്ങൾ പിന്നിട്ട് റമദാൻ ഇരുപത്തിയേഴാം രാവിലേക്ക് പ്രവേശിക്കുകയാണ് ഇസ്‌ലാം മത വിശ്വാസികൾ. വിമലീകരിക്കപ്പെട്ട മനസും ശരീരവുമായി ഇന്നത്തെ രാത്രി ഇരുപത്തിയേഴാം രാവിൻ്റെ പുണ്യം തേടി വിശ്വാസികൾ നേരം പുലരുവോളം പ്രാർഥനയിൽ മുഴുകും. ഇന്ന് നോമ്പുതുറയ്ക്ക് ശേഷം ഖുർആൻ പാരായണം, തസ്ബീഹ് നമസ്‌കാരം, തറാവീഹ് നമസ്‌കാരം, വിത്റ് നമസ്‌കാരം, അസ്‌മാഉൽ ഹുസ്‌ന, തൗബ തുടങ്ങിയ കർമങ്ങളാണ് മസ്‌ജിദുകളിലും വീടുകളിലുമായി നടക്കുക.

ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ രാവ്:ആരാധന കർമങ്ങൾക്ക് ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ അഥവ നിർണയ രാവിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് റമദാൻ ഇരുപത്തിയേഴിനാണ്. ലൈലത്തുൽ ഖദ്ർ വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ ഏറെ പ്രതീക്ഷ നൽകുന്ന മുഹൂർത്തമാണ്. ആയിരം മാസങ്ങളെക്കാൾ പുണ്യമേറിയ ഈ രാത്രി റമദാനിലെ ഏതു രാത്രിയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.

റമദാനിലെ അവസാന പത്ത് ദിനങ്ങളിലെ രാവുകളിൽ പ്രതീക്ഷിക്കണമെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്. ഇതിൽ തന്നെ കൂടുതൽ സാധ്യത റമദാൻ ഇരുപത്തിയേഴാം രാവിനാണ് കൽപ്പിച്ചത്. ഈയൊരു പ്രത്യേക കൊണ്ടാണ് ഇരുപത്തിയേഴാം രാവിന് വിശ്വസികൾ അമിത പ്രാധാന്യം നൽകുന്നത്. ഖുർആൻ അവതരണത്തിൻ്റെ വാർഷികാഘോഷം കൂടിയാണ് റമദാൻ മാസം.

റമദാൻ മാസത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടുവെന്നതാണ്. ലൈലത്തുൽ ഖദ്ർ രാത്രിയിലാണ് ഖുർആന്‍റെ അവതരണമെന്നാണ് ഖുർആൻ സൂക്തങ്ങൾ വ്യക്തമാക്കുന്നത്. ഈ പുണ്യമേറിയ രാത്രിയിൽ നന്മയിൽ മുഴുകി ആത്മീയ വിജയം നേടാനുള്ള പ്രാർഥനയിലാണ് വിശ്വാസികൾ.

വിപുലമായ പ്രാർഥന സംഗമങ്ങൾ പള്ളികൾ കേന്ദ്രീകരിച്ച് നടക്കും. മത സ്ഥാപനങ്ങളുടെയും സംഘടനകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ ഒത്തുചേരുന്ന പ്രാർഥന സംഗമങ്ങളും ഇന്ന് നടക്കും.

വിടപറയുന്ന റമദാൻ:റമദാൻ 27 പിന്നിടുന്നതോടെ വിശ്വാസികൾ ഈദ് ആഘോഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങും. പകൽ സമയം അന്നപാനീയങ്ങൾ പൂർണമായും ഉപേക്ഷിച്ചാണ് മുപ്പത് ദിനങ്ങൾ വിശ്വാസികൾ വ്രതമനുഷ്‌ഠിക്കുന്നത്. സംസാരവും പ്രവർത്തനങ്ങളും വികാര വിചാരങ്ങളും സൃഷ്‌ടാവിൻ്റെ പ്രീതിക്കായി സമർപ്പിച്ച്, ആത്മാവിൻ്റെ സംസ്‌കരണം സാധ്യമാകുന്ന പരിശീലന പ്രകിയ കൂടിയാണ് വ്രതനാളുകൾ.

കേവലം പട്ടിണി കിടക്കൽ മാത്രമല്ല റമദാൻ വ്രതം. മനസും ശരീരവും ആത്മനിയന്ത്രണത്തിലൂടെ എല്ലാത്തരം തിന്മകളിൽ നിന്നും വിമുക്തമാക്കി, സംശുദ്ധമായ ജീവിതം ചിട്ടപ്പെടുത്തിയെടുക്കുകയെന്നതാണ് വ്രതാനുഷ്‌ഠാനത്തിൻ്റെ ലക്ഷ്യം. പട്ടിണി കിടക്കുന്നതിലൂടെ വിശപ്പിൻ്റെ വില തിരിച്ചറിയുകയും പട്ടിണി പാവങ്ങളായ ഒരോ മനുഷ്യരോടും ഐക്യപ്പെടുക കൂടിയാണ് വിശ്വാസികൾ ചെയ്യുന്നത്.

എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിലും പാവപ്പെട്ടവൻ്റെ വിശപ്പിന്‍റെ വിളിയാണ് ഓരോ മനുഷ്യനും റമദാൻ നൽകുന്നത്. ഇത് സഹജീവി സ്നേഹത്തിന്‍റെയും കരുണയുടെയും ചിന്തകൾ മനുഷ്യ മനസുകൾക്ക് പകർന്ന് നൽകുന്നു. ഒരു വ്യക്തിയിൽ യാതൊരു പരിവർത്തനവും സൃഷ്‌ടിക്കാത്ത റമദാൻ, കേവലം പട്ടിണി കിടക്കൽ മാത്രമായി അവശേഷിക്കുമെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളാണ് വിശ്വാസികളെ ചിന്തിപ്പിക്കേണ്ടത്.

കരിച്ച് കളയുന്നത് എന്ന് അർഥമുള്ള റമദാൻ എന്ന അറബി പദം സൂചിപ്പിക്കുന്നത് തന്നെ പാപമോചനത്തെയാണ്. കഠിനമായ പരിശ്രമത്തിലൂടെ ആത്മ സംസ്‌കരണം നേടിയാൽ മാത്രമെ റമദാനിൻ്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നത്. റമദാനിലെ ആദ്യത്തെ പത്ത് ദിനങ്ങൾ അനുഗ്രഹത്തിൻ്റെ ദിനങ്ങളെന്നാണ് വിശ്വാസം.

ഈ ദിവസങ്ങളിൽ സൃഷ്‌ടാവിന്‍റെ അനുഗ്രഹത്തിനായുള്ള പ്രത്യേക പ്രാർഥനകളിലായിരുന്നു വിശ്വാസികൾ മുഴുകിയത്. രണ്ടാമത്തെ പത്ത് ദിനങ്ങൾ പാപമോചനത്തിനായുള്ള പ്രാർഥനകളാണ് അവർ നടത്തിയത്. അവസാനത്തെ പത്ത് ദിനങ്ങൾ നരക മോചനത്തിന് വേണ്ടിയുള്ളതാണ്.

ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഹിജ്റ കലണ്ടർ പ്രകാരമാണ് വ്രതം നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരോ വർഷവും വ്യത്യസ്‌ത കാലാവസ്ഥകളിൽ വ്രതമനുഷ്‌ഠിക്കാനുള്ള അവസരമാണ് നൽകുന്നത്. 36 വർഷം ജീവിക്കുന്ന ഒരാൾക്ക് എല്ലാ കാലാവസ്ഥയിലും വ്രതത്തെ അനുഭവിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. സാമാന്യം ചൂടേറിയ കാലാവസ്ഥയിലൂടെയാണ് കേരളത്തിലെ ഇത്തവണത്തെ റമദാൻ വ്രതം വിശ്വാസികൾ അനുഷ്‌ഠിച്ചത്.

ഫിത്വര്‍ സകാത്ത്:ശരീരത്തിന്‍റെ സകാത്ത് എന്ന് അറിയപ്പെടുന്ന ഫിത്വർ സകാത്ത് അർഹരായവർക്ക് വിതരണം ചെയ്യും. എല്ലാവർക്കും സുഭിക്ഷമായ ഈദ് ആഘോഷത്തിന് അവസരമൊരുക്കുകയാണ് ഇത്തരമൊരു നിർബന്ധ ദാനത്തിന്‍റെ താത്പര്യം. കേരളത്തിൽ അരിയാണ് ഒരാൾക്ക് രണ്ടര കിലോഗ്രാം അളവിൽ വിതരണം ചെയ്യുക. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഫിത്വർ സകാത്ത് നിർബന്ധമാണ്.

ഈദുൽ ഫിത്വർ:ഏപ്രിൽ 9ന് ചന്ദ്ര പിറവി ദൃശ്യമായാൽ റമദാൻ 29 പിന്നിട്ട് ബുധനാഴ്‌ച കേരളത്തിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും. അതേസമയം ചന്ദ്ര പിറവി ദൃശ്യമായില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്‌ചയായിരിക്കും കേരളത്തിൽ ഈദുൽ ഫിത്വർ ആഘോഷിക്കുക.

Last Updated : Apr 6, 2024, 8:38 PM IST

ABOUT THE AUTHOR

...view details