പീരുമേട്ടിലെ തൊഴിലാളി ലയങ്ങളുടെ ശോചനീയാവസ്ഥ (Etv Bharat Network) ഇടുക്കി :ഏതു നിമിഷവും തകർന്ന് വീഴാവുന്ന നിലയിൽ ഇടുക്കി പീരുമേട്ടിലെ തൊഴിലാളി ലയങ്ങൾ. തൊഴിലാളി ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടാതെ തുടരുകയാണ്. പേരിന് പോലും അറ്റകുറ്റപണികള്‍ നടത്താത്ത നിരവധി ലയങ്ങളാണ് മേഖലയില്‍ ഉള്ളത്. ഉപേക്ഷിയ്ക്കപെട്ട തോട്ടങ്ങളിലെ ലയങ്ങളില്‍ കഴിയുന്നവരാണ് ഏറെ ദുരിതമനുഭവിയ്ക്കുന്നത്.
ഓരോ മഴക്കാലത്തിനോടനുബന്ധിച്ചും, ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിയ്ക്കുന്നതിനായി ജില്ലാഭരണകൂടം അടിയന്തിര യോഗം ചേരാറുണ്ട്. നവീകരണം അടിയന്തിരമായി നടപ്പിലാക്കുമെന്ന് ഓരോ വര്‍ഷവും പ്രഖ്യാപിക്കുമെങ്കിലും ഒന്നും തന്നെ പ്രാബല്യത്തിൽ വരാറില്ലെന്ന് മാത്രമല്ല പേരിന് പോലും നടപടികളും ഉണ്ടാവില്ല.
ചോര്‍ന്നൊലിയ്ക്കുന്ന മേല്‍ക്കൂരയും ഏത് നിമിഷവും തകരാവുന്ന ഭിത്തിയും നോക്കി നെടുവീര്‍പിട്ടാണ് ഓരോ മഴക്കാലവും ഇവിടുത്തെ തൊഴിലാളികള്‍ തള്ളി നീക്കുന്നത്. ഇടുക്കിയില്‍ തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരകണക്കിന് കുടുംബങ്ങളില്‍ പലര്‍ക്കും ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ല.
ലയങ്ങളിലെ ഇടുങ്ങിയ സാഹചര്യങ്ങളിലാണ് ഇവര്‍ ജീവിതം കഴിച്ചു കൂട്ടുന്നത്. വയോധികരും കൊച്ചു കുട്ടികളും അടക്കമുള്ളവര്‍ ഏത് നിമിഷവും തകരാവുന്ന ഇടുങ്ങിയ മുറികളിലാണ്, കഴിയുന്നത്. വാഗ്‌ദാനങ്ങള്‍ മാത്രം നല്‍കാതെ ലയങ്ങളുടെ നവീകരണത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി പ്രത്യേക പാക്കേജുകള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Also Read : ഇടുക്കിയിലെ അണകെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു; പ്രതിസന്ധി ഉടലെടുക്കാന്‍ സാധ്യത - CRISIS IN IDUKKI DAM