പത്തനംതിട്ട:കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളിൽ നാല് പേര്‍ പത്തനംതിട്ട സ്വദേശികള്‍. കോന്നി പ്രമാടം വാഴമുട്ടം പുളിനിൽക്കുന്നതിൽ പി വി ശശിധരൻ (68 ), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി സ്വദേശി ആകാശ് എസ് നായർ (32), കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), തിരുവല്ല മേപ്രാൽ സ്വദേശി തോമസ് ഉമ്മൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആകെ 13 മലയാളികളാണ് അപകടത്തില്‍ മരിച്ചതെന്നാണ് വിവരം.
മംഗഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എൻബിടിസി ക്യാംപില്‍ ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആകെ 49 പേര്‍ക്ക് ജീവൻ നഷ്‌ടമായെന്നാണ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്ക്. ഇതില്‍ 40 പേര്‍ ഇന്ത്യൻ പൗരന്മാരാണ്.
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. തീപിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി.
എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്‍റെ മുറിയില്‍നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരിക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച ചിലരുടെ പരിക്ക് ഗുരുതരമാണ്.