കണ്ണൂർ: കണ്ണൂരിന്‍റെ മലയോര ഗ്രാമമായ വയക്കര ചോട്ടൂർ കാവിന് സമീപത്തെ ഉയരം വെക്കാത്ത തറകളിൽ നിതിന്‍റെ സ്വപ്‌നങ്ങൾ അന്തിയുറങ്ങും. അമ്മയില്ലാത്ത ഓർമകളിൽ സ്വപ്‌നങ്ങൾക്ക് ഉയരം വച്ച് വരുമ്പോഴേക്കും അഗ്നിനാളങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ ആയിരുന്നു നിതിന്‍റെ വിധി. കുവൈറ്റിൽ ലേബർ ക്യാമ്പിൽ നടന്ന തീപിടിത്തത്തിൽ മരിച്ച നിതിൻ പുത്തൂർ വിട പറഞ്ഞത് കെട്ടുറപ്പുള്ള വീട് എന്ന സ്വപ്‌നം ബാക്കിയാക്കി.
അഞ്ച് സെന്‍റ് സ്ഥലത്ത് പഴകിയ കെട്ടിടത്തിലാണ് നിതിനും കുടുംബവും താമസിക്കുന്നത്. അഞ്ചു വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്ന നിതിൽ ഒറ്റ തവണയാണ് നാട്ടിൽ എത്തിയത്. അവസാനമായി വീട്ടിൽ വന്നത് ഒരു വർഷം മുമ്പാണ്. വയക്കര ചോട്ടൂർക്കാവിന് സമീപത്ത് 10 സെന്‍റ് സ്ഥലം വാങ്ങി തറകെട്ടി വീട് പണിയാനുള്ള ഒരുക്കത്തിനിടയിലാണ് നിതിൻ യാത്രയായത്. പൊതു പ്രവർത്തകനും ഏവർക്കും പ്രിയങ്കരനുമായ നിതിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.