കാസർകോട് :കുറച്ചുദിവസങ്ങളായി കേരളക്കരയിൽ ഭീതിപ്പടർത്തുന്ന ഒന്നാണ് കുറുവ സംഘം. രാത്രികാലങ്ങളിലെ ചെറിയ ശബ്‌ദം പോലും ഇന്ന് ആളുകൾ ഭയക്കുകയാണ്. എന്നാലിവിടെ അന്നം തേടി അന്യനാട്ടിലെത്തി കുറുവസംഘം എന്ന പേരിൽ പിടിക്കപ്പെട്ടിരിക്കുകയാണ് രണ്ട് യുവാക്കൾ.
മലപ്പുറത്ത് നിന്ന് ഏറെ യാത്ര ചെയ്‌താണ് കൊണ്ടോട്ടി സ്വദേശികളായ ബാസിത്ത് (26), ലുക്ക്‌മാൻ (30) എന്നിവർ കാസർകോടേക്ക് പെയിന്‍റ് പണിക്കായെത്തിയത്. സ്ഥലത്തെത്തി വീടുകളും പരിസരവും വീക്ഷിക്കുന്ന ഇവരുടെ ചിത്രം പടന്നക്കാടുള്ള ഒരു വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞു. ഇതോടെ ഇവർ കുറുവ സംഘത്തിൽപ്പെട്ടവരാണെന്ന നിഗമനത്തിൽ പൊലീസെത്തി.
പിന്നീട് ഒട്ടും വൈകിയില്ല അവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. ആരോഗ്യവാന്മാരായ രണ്ട് യുവാക്കൾ വീടുകളെ വ്യക്തമായി വീക്ഷിക്കുന്നതാണ് കാമറ ദൃശ്യത്തിലുണ്ടായിരുന്നത്. മാത്രമല്ല ഈ യുവാക്കളെ കാണുന്നവർ ആ വിവരം ഉടൻതന്നെ പൊലീസിൽ അറിയിക്കണമെന്നും പ്രദേശത്തെ വീട്ടുകാർ മുഴുവൻ ശ്രദ്ധിക്കണമെന്നും പൊലീസ് പറഞ്ഞിരുന്നു. വിഷയം കുറുവസംഘത്തെ കുറിച്ചായത് കൊണ്ടുതന്നെ ആ വാർത്ത കാട്ടുതീ പോലെ അവിടെ പരന്നു.