കോഴിക്കോട് : ലോട്ടറി കച്ചവടക്കാരായ കുടുംബത്തിൻ്റെ പക്കല്‍ നിന്ന് പണവും സ്വർണവും കവർന്ന കേസിലെ പ്രതി പിടിയില്‍. ഉണ്ണികുളം സ്വദേശിയായ അബ്‌ദുൽ ഖാദറാണ് (56) പിടിയിലായത്. പൂവാട്ടുപറമ്പിന് സമീപം മുണ്ടക്കൽ പന്നിക്കുഴിയിൽ താമസിക്കുന്ന ലോട്ടറി കച്ചവടക്കാരായ കുടുംബത്തിൻ്റെ നാല് പവൻ സ്വർണവും 1.75 ലക്ഷം രൂപയും മോഷ്‌ടിച്ചുവെന്നാണ് കേസ്.
കഴിഞ്ഞ നവംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അംഗപരിമിതനായ പന്നിക്കുഴി റസാഖ് താമസിച്ച മുണ്ടക്കലെ വീട്ടിൽ നിന്നും മറ്റൊരിടത്തേക്ക് താമസം മാറ്റുമ്പോള്‍ സഹായത്തിന് വിളിച്ചതായിരുന്നു അബ്‌ദുൽ ഖാദറിനെ. വീട്ടിലെ സാധനങ്ങൾ മാറ്റുന്ന സമയത്ത് കവറിൽ സൂക്ഷിച്ച സ്വർണവും പണവുമായി അബ്‌ദുൽ ഖാദർ കടന്നുകളയുകയായിരുന്നു.
റസാഖ് പല തവണ അബ്‌ദുൽ ഖാദറിനെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നീട് ഫോണില്‍ വിളിച്ച് പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ കുടുംബത്തെ ഭീഷണിപ്പെടുത്തി. തുടർന്നാണ് കുടുംബം കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്. പൊലീസ് പലതവണ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ നമ്പർ ഉപയോഗികാത്തത് വലിയ വെല്ലുവിളിയായി.
കേസ് അന്വേഷണം പുരോഗമിക്കവേയാണ് നേരത്തെ താമരശ്ശേരി ജ്വല്ലറി മോഷണക്കേസിൽ പിടിക്കപ്പെട്ട് കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പിതാവാണ് അബ്‌ദുൽ ഖാദർ എന്ന വിവരം പൊലീസിന് ലഭിച്ചത്. പൊലീസിന്‍റെ അന്വേഷണത്തിൽ ഇവരെ കാണാൻ അബ്‌ദുൽ ഖാദർ ജയിലിൽ എത്തുന്നതായി വിവരം ലഭിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം ജയിലിലെത്തി മക്കളെ കാണുന്നതിനിടയിലാണ് അബ്‌ദുൽ ഖാദറിനെ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി കസ്‌റ്റഡിയിലെടുത്തത്.