കാസര്‍കോട്: കേരളത്തിൽ നടക്കുന്നത് കടുത്ത ഭരണഘടന ലംഘനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. കേരള ഗവര്‍ണര്‍ക്ക് കേരളത്തിന്‍റെ മണ്ണിലൂടെ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഇത്തരം അവസ്ഥയ്‌ക്ക് കാരണം ഇവിടെ നിയമ വാഴ്‌ച്ചയില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കുത്തിയിരുപ്പ് പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍ (Kummanam Rajashekharan About SFI Protest).
കേരളത്തില്‍ ജനാധിപത്യമില്ല. ഇവിടെ ആര്‍ക്കും എന്തും സംഭവിക്കാവുന്നതാണ്. നിയമം കൈയിലെടുത്ത് കൊണ്ട് കേരളത്തിലെ ഭരണാധികാരികളുടെ പിന്തുണയോടെ എസ്‌എഫ്‌ഐക്കാര്‍ ഇവിടെ അഴിഞ്ഞാടുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ പിന്തുണയോടെയും സഹായത്തോടെയുമാണ്. യാദൃശ്ചികമായ സംഭവമോ ഒറ്റപ്പെട്ട സംഭവമോല്ല ഇത്. ഗവര്‍ണറുടെ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഗവര്‍ണര്‍ക്ക് നീതിയാണ് ആവശ്യം. ആ നീതിക്കായി ഗവര്‍ണര്‍ ഇവിടെ നിലവിളിക്കുകയാണ്. തനിക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ല. തനിക്ക് നീതി ലഭിക്കുന്നില്ലെന്നും പറഞ്ഞ് ഗവര്‍ണര്‍ ഇവിടെ നിലവിളിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി (SFI Black Flag Protest In Kollam).
എന്നാല്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇതിനെതിരെ ഒന്നും ചെയ്യാനില്ല. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരെ അണികളെ പറഞ്ഞ് വിടുകയാണ്. തെരുവിലേക്ക് അണികളെ പറഞ്ഞയച്ച് കൊണ്ടാണ് ഗവര്‍ണറെ നേരിടേണ്ടതെന്നും അദ്ദേഹം ചോദിച്ചു (Black Flag Protest Against Governor).