കേരളം

kerala

By ETV Bharat Kerala Team

Published : Mar 16, 2024, 10:19 AM IST

ETV Bharat / state

ബിസ്‌കറ്റ്‌ കൊടുത്ത് ആട് മോഷണം, ശേഷം നാട്ടുകാർക്ക് സൗജന്യ മട്ടൻ ബിരിയാണി; മോഷ്‌ടാക്കൾക്ക് പിന്നാലെ പോയ സഹോദരങ്ങളുടെ കഥ

കുമ്പള സ്വദേശികളായ അബ്ബാസും അദ്ദേഹത്തിന്‍റെ സഹോദരങ്ങളും സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ചായിരുന്നു പ്രതികൾക്കായുളള അന്വേഷണം ആരംഭിച്ചത്

kumbala goat theft  goat stolen in Kasaragod  brothers caught thieves  stolen goat and smuggled Karnataka
kumbala goat theft

ബിസ്‌കറ്റ്‌ കൊടുത്ത് വശീകരിച്ച് ആട് മോഷണം സഹോദരങ്ങൾ മോഷ്‌ടാവിനെ കണ്ടെത്തി

കാസർകോട് : 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന വാക്യം പോലെ സിബിഐയെ വെല്ലുന്ന അന്വേഷണം നടത്തിയ സഹോദരങ്ങളുടെ കഥ കുമ്പളക്കും പറയാനുണ്ട്. ബിസ്‌കറ്റ് കൊടുത്ത് വശീകരിച്ച് ആടിനെ മോഷ്‌ടിക്കും. തുടർന്ന് ആടുകളെ കർണാടകയിലേക്ക് കടത്തും. മോഷ്‌ടിച്ച ആടുകളെ കൊണ്ട് പ്രദേശവാസികൾക്ക് എല്ലാ വെള്ളിയാഴ്‌ചയും മട്ടൺ ബിരിയാണി വച്ചു നൽകും. സിനിമ കഥയെ വെല്ലുന്ന ആട് മോഷണം നടന്നത് കാസർകോട്ടെ കുമ്പളയിലാണ് (Goat Stolen And Smuggled To Karnataka Accused Arrested).

തീർന്നില്ല, തങ്ങളുടെ ആടുകളെ മോഷ്‌ടിച്ച കളളൻമാരെ നാലു മാസത്തോളം നിരീക്ഷിച്ച് പിന്തുടർന്ന് പിടികൂടിയ സഹോദരങ്ങളാണ് ഈ കഥയിലെ നായകന്മാർ. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് കുമ്പള സ്വദേശിയായ അബ്ബാസിന്‍റെ മേയാൻ വിട്ട അര ലക്ഷം രൂപയുടെ ജമ്‌നാപ്യാരി ഇനം മോഷണം പോയത്.

നേരത്തെ പല തവണകളായി 14 ആടുകൾ മോഷണം പോയിരുന്നു. എന്നാൽ ഈ എണ്‍പത് കിലോയോളം തൂക്കം വരുന്ന ആട് കൂടി പോയതോടെ അബ്ബാസിനു സഹിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കുമ്പള പൊലിസിൽ പരാതി നൽകി. തന്‍റെതായ രീതിയിൽ അന്വേഷണവും നടത്തി. ഒപ്പം സഹോദരങ്ങളായ അബ്‌ദുൾ ഹമീദിനെയും അബ്‌ദുൽ ഫൈസലിനെയും കൂടെ കൂട്ടി.

കളളനെ കുടുക്കിയത് സിസിടിവി: സമീപത്തെ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 13 വയസ് തോന്നിക്കുന്ന കുട്ടി ബിസ്ക്കറ്റ് നൽകി ആടിനെ കൂട്ടി പോകുന്നത് കണ്ടെത്തി. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതേ കുട്ടി മുനീർ എന്ന ആളുടെ ആടിനെയും കൊണ്ടുപോയതായി അബ്ബാസ് കണ്ടെത്തിയിരുന്നു. തുടർന്ന് മുനീറും അബ്ബാസും കൂടി കുട്ടിയെ അന്വേഷിച്ച് ഇറങ്ങുകയും ഒടുവിൽ കണ്ടെത്തുകയുമായിരുന്നു.

പിന്നീട് കുട്ടിയെ മഞ്ചേശ്വരം പൊലീസിന് കൈമാറുകയും പൊലീസ് കുട്ടിയുടെ മാതാവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്‌തു. കുട്ടിക്ക് ആടുകളെ ഇഷ്‌ടം ആണെന്നും ബിസ്‌ക്കറ്റ് നൽകാറുണ്ടെന്നും മറ്റൊന്നും അറിയില്ലെന്നും അവർ പൊലീസിനോട്‌ പറഞ്ഞു. കുട്ടിയെ അന്ന് വിട്ടയച്ചെങ്കിലും പിന്നീട് പൊലീസ്‌ സ്‌റ്റേഷനിലെത്താൻ പറഞ്ഞിരുന്നു.

എന്നാൽ മാതാവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് മറ്റൊരു നമ്പറിൽ നിന്നും വിളിച്ച ശേഷം കുമ്പളയിലേക്ക് വരണമെന്നും വണ്ടി ചെലവിനു 500 രൂപ അയക്കാമെന്നും പറഞ്ഞതോടെ അവർ സമ്മതിച്ചു. എന്നാൽ പൈസ പോയതല്ലാതെ അവർ വന്നില്ല.

അന്വേഷിപ്പിൻ കണ്ടെത്തും:ഇതോടെ അബ്ബാസിനും സഹോദരങ്ങൾക്കും അവരെ കണ്ടെത്താനുള്ള വാശിയായി. പൈസ അയച്ചത് കർണാടക ബ്രഹ്മാവറിലെ ഫാൻസി കടക്കാരനാണെന്ന് കണ്ടെത്തി. ഇവിടെയുള്ളവരുമായി സംസാരിച്ചപ്പോൾ മോഷ്‌ടാക്കളുടെ വീടും മോഷണത്തിന് ഉപയോഗിക്കുന്ന കാറും കണ്ടെത്തി.

കുമ്പള പൊലീസിന്‍റെ സഹായത്തോടെ വാഹന നമ്പർ സഹിതം തലപ്പാടി ചെക്ക് പോസ്‌റ്റിൽ എത്തി പരിശോധന നടത്തി. ആട് മോഷണം പോയ ദിവസം ഈ കാർ ചെക്ക് പോസ്‌റ്റ്‌ കടന്നതായി കണ്ടെത്തുകയും തുടർന്ന് കുമ്പള പൊലീസ് ബ്രഹ്മാവർ പൊലീസിന്‍റെ സഹായത്തോടെ മോഷ്‌ടാവിന്‍റെ വീട് വളയുകയായിരുന്നു. ഈ സമയത്ത് പൊലീസിന്‍റെ കൂടെ അബ്ബാസും സഹോദരങ്ങളും ഉണ്ടായിരുന്നു.

ബിസ്‌കറ്റ് നൽകി ആടിനെ കൊണ്ടുപോയ കുട്ടി ബ്രഹ്മാവറിലെ സ്‌കൂളിലെ വിദ്യാർഥിയാണെന്ന് തിരിച്ചറിഞ്ഞു. തുടന്ന് കേസിലെ രണ്ടാം പ്രതിയായ ശിമോഗ സ്വദേശി സക്കഫുല്ലയെ (23) പൊലീസ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. എന്നാൽ മുഖ്യപ്രതി ഒളിവിലാണ്. പ്രതിയെ ബ്രഹ്മാവറിലെ വീട്ടിൽ നിന്നും അറസ്‌റ്റ്‌ ചെയ്യുമ്പോൾ സമീപത്ത് 75 ആടുകൾ ഉണ്ടായിരുന്നു.

ഇതിൽ അഞ്ചണ്ണം തന്‍റെതാണെന്ന് അബ്ബാസ് തിരിച്ചറിഞ്ഞു. ഉച്ച സമയങ്ങളിലാണ് മോഷണ സംഘം കേരളത്തിൽ എത്തുക. വൈകിട്ട് ആടുകളുമായി തിരിച്ചു പോകുന്നതാണ് രീതി. മോഷ്‌ടിച്ച ആടുകളെ ഉപയോഗിച്ച് മട്ടൺ ബിരിയാണി ഉണ്ടാക്കി അയൽക്കാർക്ക് സൗജന്യമായി കൊടുക്കും.

കിലോമീറ്ററുകൾ താണ്ടി ഏതാണ്ട് 30,000 രൂപ ചെലവഴിച്ചാണ് മോഷ്‌ടാക്കളെ കണ്ടെത്തിയത്. നിയമ തടസങ്ങൾ ഉള്ളതിനാൽ ആടുകളെ ഇവർക്ക് തിരിച്ചു കിട്ടിയില്ല. ഉടൻ കിട്ടുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details