കോഴിക്കോട്: അനന്ത സാധ്യതകളിലേക്ക് മിഴി തുറക്കാൻ ഫാം ടൂറിസം. ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, ഇലന്തുകടവ്, കക്കാടംപൊയിൽ തുടങ്ങിയ പ്രദേശങ്ങളാണ് ഫാം ടൂറിസത്തിന്‍റെ ഇടനാഴി ആവാൻ പോകുന്നത്. ലേക് വ്യൂ വില്ല, പുരയിടത്തിൽ ഗോട്ട് ഫാം, താലോലം പ്രൊഡക്‌ട്‌സ്, അക്വാപെറ്റ്സ് ഇന്‍റര്‍നാഷണൽ, തറക്കുന്നേൽ അഗ്രോ ഗാർഡൻ, ഫ്രൂട്ട് ഫാം സ്റ്റേ, കാർമ്മൽ ഫാം, ഗ്രേയ്‌സ് ഗാർഡൻ തുടങ്ങി വിരുന്നുകാരെ ആകർഷിക്കാൻ ഒരുങ്ങിവരികയാണ്. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡിടിപിസി) ജില്ല പഞ്ചായത്തും സഹകരണം നൽകുന്ന ഫാം ടൂറിസത്തിന് കരുത്തേകുന്നു.
ടൂറിസം സർക്യൂട്ടുകളെ പരിചയപ്പെടുത്താനായി യാത്രകൾ സംഘടിപ്പിച്ചാണ് പ്രചാരണം നൽകുന്നത്. ഫാം ട്രിപ്പിൽ കോഴിക്കോട്ടെ പ്രധാന ഹോട്ടലുകളിലെ ജനറൽ മാനേജർമാരുടെ പ്രതിനിധികൾ, ഹോം സ്റ്റേ അസോസിയേഷൻ ഭാരവാഹികൾ, സ്റ്റോറി ടെല്ലേഴ്‌സ്, ടൂർ ഓപ്പറേറ്റേഴ്‌സ് എന്നിവർ പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്.
കോഴിക്കോടിന്‍റെ മലയോര മേഖലയെ കോർത്തിണക്കിയുള്ള ഫാം ടൂറിസം സർക്യൂട്ട് അത്ഭുതകരവും ആഹ്ലാദം പകരുന്നതുമാണെന്നും സംഘത്തിലുളളവർ അഭിപ്രായപ്പെട്ടു. നിറഞ്ഞ മനസോടെ യാത്രാസംഘം ഫാം ടൂറിസം സർക്യൂട്ടിന് എല്ലാവിധ പിന്തുണയും അറിയിച്ചു. വിനോദ സഞ്ചാര മേഖലയിലെ ഈ പുതിയ കാല്‍വയ്‌പ്പ് കോഴിക്കോടിന്‍റെ സാമ്പത്തിക മേഖലയില്‍ അടക്കം മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് ഫാം ടൂറിസം: കാർഷിക പ്രവർത്തനങ്ങളിലൂടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് 'ഫാം ടൂറിസം'. അതായത് കാർഷിക പ്രവൃത്തികൾ സ്വന്തം കൃഷിയിടങ്ങളിലടക്കം പച്ചപിടിക്കുകയും അതിലൂടെ വിനോദ സഞ്ചാര മേഖല വളരുകയും ചെയ്യും. ശാന്തവും മനോഹരവുമായ ഒരു ഫാം മനസിന് ഏറെ കുളിരേകും. അത് ജീവിതത്തിലെ പിരിമുറുക്കങ്ങളിൽ നിന്ന് മുക്തി നൽകുകയും ചെയ്യും. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ നിന്ന് ശുദ്ധവായു, ശുദ്ധമായ പച്ചക്കറികൾ ഇവിടേക്ക് എത്രയും വേഗം എത്താൻ ആരും കൊതിക്കും. ഇതാണ് ഒരു 'ഫാം ടൂറിസം' വാഗ്‌ദാനം ചെയ്യുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രകൃതി വിഭവങ്ങൾക്ക് പ്രാധാന്യം നൽകി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനും 'ഫാം ടൂറിസം' സഹായിക്കുന്നു. കാർഷിക ടൂറിസം എന്നും ഫാം ടൂറിസം അറിയപ്പെടുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഏതൊരു കാർഷിക പ്രവർത്തനത്തെയും ഫാം ടൂറിസം എന്ന് വിളിക്കാം.
ഫാം ടൂറിസത്തിൽ ഉൾപ്പെടുന്നത്
- താമസ സൗകര്യം
- ഫാം സന്ദർശനം
- ഫാം ഷോപ്പുകൾ
- കൃഷിയിടങ്ങളിലൂടെ നടന്നുള്ള സന്ദര്‍ശനം
- കാർഷിക പ്രവർത്തനങ്ങൾ