കേരളം

kerala

ETV Bharat / state

ദേശാഭിമാനി പത്രം നിരസിച്ചു ; കെടിഡിസിയുടെ അമിനിറ്റി സെൻ്ററിലെ കുടുംബശ്രീ സംരംഭം പൂട്ടിച്ചതായി പരാതി - Kudumbashree Deshabhimani daily row

അടച്ചുപൂട്ടുന്നത് മലയാലപ്പുഴയിലെ മൗണ്ട് ഇൻ കഫേ. കുടുംബശ്രീ സംരംഭമായ കഫേ വ്യത്യസ്‌ത പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി വാര്‍ത്തയിലടക്കം സ്ഥാനം പിടിച്ചിരുന്നു

KUDUMBASHREE CAFE  DESHABHIMANI DAILY  ദേശാഭിമാനി പത്രം നിരസിച്ചു  കുടുംബശ്രീ കഫേ അടച്ചുപൂട്ടല്‍ ഭീഷണി
Kudumbashree cafe forced to shutting down (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 22, 2024, 1:34 PM IST

Updated : May 22, 2024, 2:42 PM IST

പ്രതികരണവുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ (Source: ETV Bharat Reporter)

പത്തനംതിട്ട : ദേശാഭിമാനി പത്രം എടുക്കാത്തതിന്‍റെ പേരില്‍, പത്ത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവന്ന കുടുംബശ്രീ സംരംഭം അടച്ചുപൂട്ടേണ്ടിവന്നതായി പരാതി. കൊവിഡ് കാലത്ത് അടക്കം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലയാലപ്പുഴയിലെ മൗണ്ട് ഇൻ കഫേക്കാണ് പൂട്ട് വീണത്. അഞ്ച് ദേശാഭിമാനി പത്രം എടുക്കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് സംഭവമെന്നാണ് പരാതി.

പത്ത് കുടുംബശ്രീ പ്രവർത്തകർ ചേർന്ന് പത്ത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കുടുംബശ്രീ സംരംഭമാണ് പാര്‍ട്ടി പത്രം നിരസിച്ചതിന്‍റെ പേരില്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അടച്ച് പൂട്ടാൻ നിർദേശം നൽകിയത്. കെടിഡിസിയുടെ മലയാലപ്പുഴയിലുള്ള അമിനിറ്റി സെൻ്ററിൽ പ്രവര്‍ത്തിച്ച് വരികയായിരുന്ന മൗണ്ട് ഇൻ കഫേ എന്ന സംരംഭത്തിനാണ് കെടിഡിസിയുടെ ഇടപെടലിൽ പൂട്ട് വീണത്. ആറൻമുള, വടശ്ശേരിക്കര, കുളനട എന്നിവിടങ്ങളിലെ അമിനിറ്റി സെൻ്ററുകൾ കാടുപിടിച്ച് നാശത്തിൻ്റെ വക്കിലായിരിക്കുമ്പോഴും വരുമാനമുള്ളതായിരുന്നു മലയാലപ്പുഴയിലെ അമിനിറ്റി സെൻ്റർ. എന്നാല്‍ നഷ്‌ടത്തിലാണെന്ന ഓഡിറ്റ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംരംഭം അടച്ചുപൂട്ടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളായിരുന്ന മൗണ്ട് ഇൻ കഫേ പ്രവർത്തകർ കൊവിഡ് കാലത്ത് പ്രദേശത്തെ വീടുകളിൽ ഭക്ഷണ വിതരണം അടക്കം നടത്തിയിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പലതവണ പ്രശംസ പിടിച്ച് പറ്റുകയും ചെയ്‌തതാണ്.

2014 ൽ ജില്ലയിലെ ഏറ്റവും നല്ല സിഡിഎസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഈ കുടുംബശ്രീ ഗ്രൂപ്പിൻ്റെ വിജയഗാഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കുടുംബശ്രീയുടെ നാടക ട്രൂപ്പായ രംഗശ്രീയുടെ പരിശീലനത്തിനടക്കം എല്ലാ സംകര്യങ്ങളും ഒരുക്കി നൽകിയിരുന്നതും മൗണ്ട് ഇൻ കഫേ പ്രവർത്തകരാണ്. കുടുംബശ്രീയുടെ പ്രവർത്തനം പഠിക്കാൻ ജാർഖണ്ട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഉഗാണ്ട, അമേരിക്ക, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമടക്കം നിരവധി പഠന സംഘങ്ങളും ആശ്രയിച്ചിരുന്നത് ഈ കുടുംബശ്രീ സംരംഭത്തെയാണ്.

പത്ത് വർഷക്കാലമായി ദേശാഭിമാനി പത്രം വരുത്തുന്നുണ്ടായിരുന്നെങ്കിലും, അടുത്ത കാലത്ത് ഓരോ അംഗങ്ങളും ഓരോ പത്രം വീതം വരുത്തണം എന്ന ആവശ്യം നിരസിച്ചതാണ് തങ്ങൾക്ക് വിനയായതെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. ലോണെടുത്ത് വാങ്ങിയ എസി അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗ ശൂന്യമാവുകയും ലോണിൻ്റെ തിരിച്ചടവ് മുടങ്ങുകയും ചെയ്യുമെന്നുള്ള ആശങ്കയിലാണ് കുടുംബശ്രീ സംരംഭകർ.

Last Updated : May 22, 2024, 2:42 PM IST

ABOUT THE AUTHOR

...view details