കോഴിക്കോട്:അയോധ്യ രാമക്ഷേത്ര വിഷയത്തിൽമുസ്‌ലീം ലീഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് കെ ടി ജലീൽ എംഎൽഎ. ബാബറി മസ്‌ജിദ് തകർത്ത് നിർമ്മിച്ച രാമക്ഷേത്രം രാജ്യത്തിന്‍റെ പൊതു ആവശ്യമാണെന്നും, മുസ്‌ലീങ്ങൾ അംഗീകരിക്കുന്നു എന്നും പറഞ്ഞ സാദിഖ് അലി തങ്ങൾക്കും ഭാരതരത്ന ലഭിച്ചേക്കുമെന്ന് ജലീൽ പരിഹസിച്ചു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആർഎസ്എസ് നിർമ്മിച്ചെടുത്ത പൊതുബോധം മുസ്‌ലീം ലീഗിന് സ്വീകാര്യമായിരിക്കുന്നു. ഒരു ബാബറി മസ്‌ജിദിൽ അവസാനിക്കുന്ന ഒന്നല്ല സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകൾ എന്ന് തിരിച്ചറിയാത്തവരാണോ മുസ്‌ലീം ലീഗ് നേതാക്കൾ. ആർഎസ്എസിന്‍റെ നിലപാടുകളാണ് മുസ്‌ലീം ലീഗ് ഏറ്റുപറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്ഷേത്ര നിര്‍മാണത്തില്‍ പ്രതിഷേധം വേണ്ട:അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതില്‍ പ്രതിഷേധിക്കേണ്ടതില്ലെന്ന മുസ്‌ലിം ലീഗ് (ഐയുഎംഎൽ) അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസ്‌താവനയാണ് വിവാദത്തിലായത്. പുതിയ ക്ഷേത്രവും നിർദിഷ്‌ട മസ്‌ജിദും രാജ്യത്തെ മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും, രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷത്തിന്‍റെ വിശ്വാസത്തിന്‍റെ ഭാഗമാണെന്നുമാണ് തങ്ങൾ പറഞ്ഞത്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പൊതുവേദിയിൽ പറഞ്ഞു (Sadiq Ali Thangals Ayodhya Remarks Get Controversial).
ബാബറി മസ്‌ജിദ് തകർത്തതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്‌ണുതയോടെ നേരിടാൻ ഇന്ത്യയിലെ മുസ്‌ലീങ്ങൾക്ക് കഴിഞ്ഞു. മുസ്‌ലീങ്ങൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളമാണ് സഹിഷ്‌ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. തകർത്തത് അയോധ്യയിലെ ബാബറി മസ്‌ജിദാണെങ്കിലും രാജ്യം ഉറ്റുനോക്കിയത് കേരളത്തിലേക്കാണ്. അയോധ്യയിൽ കർസേവകരും ഭീകരവാദികളും അസഹിഷ്‌ണുതയുടെ കതിന പൊട്ടിച്ചപ്പോൾ കേരളത്തിൽ സമാധാനത്തിന്‍റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.