തിരുവനന്തപുരം :വെന്തുരുകുന്ന വേനൽ ചൂടിലും തലസ്ഥാന നഗരക്കാഴ്‌ചകൾ കെഎസ്ആർടിസിയുടെ തുറന്ന ഇരുനില ഇലക്ട്രിക് ബസിൽ സഞ്ചരിച്ച് കാണാനെത്തുന്നവരുടെ തിരക്കിന് കുറവൊന്നുമില്ല. കൊടുംചൂടിൽ യാത്രക്കാർക്ക് ആശ്വാസം പകരാൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിൽ യാത്രക്കാർക്ക് ലഘു ഭക്ഷണവും പാനീയവും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തി.
യാത്രക്കാരിൽ നിന്നും പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് തീരുമാനം. ലഘു ഭക്ഷണവും പാനീയവും ബസിനുള്ളിൽ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കണ്ടക്‌ടർക്ക് തുക നൽകി ആവശ്യമുള്ള യാത്രക്കാർക്ക് ലഘുഭക്ഷണവും പാനീയവും വാങ്ങാവുന്നതാണ്.
തിരുവനന്തപുരം നഗരക്കാഴ്‌ചകൾ രണ്ട് മണിക്കൂർ യാത്ര ചെയ്‌ത് ആസ്വദിക്കുന്നതിന് ഒരാൾക്ക് 100 രൂപയാണ് നിരക്ക്.
ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിന്‍റെ സമയക്രമം:രാവിലെ 8 മണിക്ക് ആണ് ആദ്യ യാത്ര കിഴക്കേകോട്ട നിന്നും ആരംഭിക്കുന്നത്. ഓരോ ട്രിപ്പുകളായി രാത്രി 10 മണിവരെ തുടരും.
നഗരപ്രദിക്ഷണം ഇങ്ങനെ:കിഴക്കേകോട്ടയിൽ നിന്നും ആരംഭിക്കുന്ന ഇലക്ട്രിക് ഡബിൾ ഡക്കർ യാത്ര സെക്രട്ടേറിയറ്റ്, വിജെടി ഹാൾ, കേരള യൂണിവേഴ്‌സിറ്റി, എംഎൽഎ ഹോസ്റ്റൽ, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, നിയമസഭ മന്ദിരം, എൽഎംഎസ് ചർച്ച്, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, കവടിയാർ രാജ്ഭവൻ, മാനവീയം വീഥി ചിൽഡ്രൻസ് പാർക്ക്, ഫൈൻ ആർട്ട്സ് കോളജ്, സെന്‍റ് ജോസഫ് ചർച്ച്, ചാക്ക, എയര്‍പോര്‍ട്ട്, ശംഖുമുഖം ബൈപ്പാസ്, ലുലു മാള്‍ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തിരിച്ച് കിഴക്കേകോട്ടയിൽ എത്തിച്ചേരും. പാട്ടുപാടുന്നവർക്ക് പാട്ടുപാടാം ആർത്തുല്ലസിക്കാം കാഴ്‌ച കണ്ടിരിക്കുന്നവർക്ക് മനോഹരമായ നഗരകാഴ്‌ചകൾ കണ്ട് ആസ്വദിക്കാം.