തിരുവനന്തപുരം :ആഡംബര കപ്പലിൽ ഡിന്നറും ഡി ജെ പാർട്ടിയുമൊക്കെയായി കടലിൽ അഞ്ച് മണിക്കൂർ ചുറ്റിയടിക്കാൻ ഒരവസരം കിട്ടിയാൽ എല്ലാവരും ഹാപ്പിയാണ്. കീശ കാലിയാകുമോയെന്ന പേടി വേണ്ട. കെഎസ്ആർടിസിയുടെ വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെൽ ആണ് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരികൾക്കായി കപ്പൽ യാത്ര ഒരുക്കുന്നത്.
കപ്പൽ യാത്ര മാത്രമല്ല, മെയ് മാസം മൂന്നാർ, വാഗമൺ, വയനാട്, ഇലവീഴാപൂഞ്ചിറ, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മണ്ണാറശാല, മൂകാംബിക, പൗർണമിക്കാവ് എന്നിവിടങ്ങളിലേക്ക് തീർത്ഥാടന യാത്രകളും വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നുണ്ട്. ഉല്ലാസയാത്രകൾ സംബന്ധിച്ച വിശദവിവരങ്ങളറിയാം.
നെഫർറ്റിറ്റി കപ്പൽ യാത്ര :മെയ് 4, 18 തീയതികളിലാണ് വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് നെഫർറ്റിറ്റി കപ്പൽ യാത്ര സംഘടിപ്പിക്കുന്നത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്‍റെ (കെഎസ്‌ഐഎൻസി) കീഴിലുള്ള ആഡംബര കപ്പലിൽ എറണാകുളത്ത് നിന്നാണ് യാത്ര. വെഞ്ഞാറമൂട് നിന്ന് രാവിലെ 6 മണിക്ക് എറണാകുളത്തേക്ക് തിരിക്കും.
കെഎസ്ആർടിസി ഡീലക്‌സ് ബസിലാണ് യാത്ര. ഇതുവരെ കൊച്ചി മെട്രോയിൽ കയറിയിട്ടില്ലാത്തവർക്ക് അതിനുള്ള സൗകര്യവും ഒരുക്കും. തുടർന്ന് ബോൾഗാട്ടിയിലേക്ക് തിരിക്കും.
ബോൾഗാട്ടി ഐഡബ്ല്യുഎഐ ജെട്ടിയിൽ നിന്നാണ് കപ്പൽ യാത്ര ആരംഭിക്കുന്നത്. 3 മണിക്ക് കപ്പലിൽ കയറാനുള്ള ചെക്ക് ഇൻ നടപടിയും 3:30ന് യാത്രയും ആരംഭിക്കും. രാത്രി 8.30 വരെയാണ് യാത്ര. 12 നോട്ടിക്കൽമൈൽ ദൂരം കപ്പൽ സഞ്ചരിക്കും. കപ്പലിനുള്ളിൽ ഡിന്നറും ഡി ജെ പാർട്ടിയും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 4250 രൂപയാണ്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും : മനോജ് നെല്ലനാട്- 9447501392, അജിംഷാ - 9605732125, രാജേഷ് - 9447324718
വയനാട് യാത്ര :മെയ് 3, 13, 18 തീയതികളിലാണ് വയനാട് യാത്ര ഒരുക്കിയിരിക്കുന്നത്. മെയ് 3 വൈകിട്ട് 4 മണിക്ക് പുറപ്പെട്ട് മെയ് 7 ന് പുലർച്ചെയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എല്ലാം സന്ദർശിക്കും. ജംഗിൾ സഫാരിയും ഉണ്ടാകും. കുറുവ ദ്വീപ് അടച്ചിട്ടിരിക്കുന്നതിനാൽ അവിടെ സന്ദർശനം ഉണ്ടായിരിക്കില്ല. കെഎസ്ആർടിസിയുടെ സ്ലീപ്പർ സ്റ്റേ ആണ് താമസ സൗകര്യത്തിനായി ഒരുക്കിയിരിക്കുന്നത്. സ്ലീപ്പർ സ്റ്റേ, എൻട്രി ഫീ, ജംഗിൾ സഫാരി എന്നിവ ഉൾപ്പടെ ഒരാൾക്ക് 4400 രൂപയാണ് നിരക്ക്. ഭക്ഷണം ഉൾപ്പെടില്ല.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും:ഷഹീർ- 9447005995, മനോജ് - 9747072864, രാജേഷ് - 9447324718
ഇലവീഴാപൂഞ്ചിറ :മെയ് 5, 26 തീയതികളിലാണ് ഇലവീഴാപൂഞ്ചിറ യാത്ര. ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി വഴിയാണ് യാത്ര. രാവിലെ 5 മണിക്ക് ഡിപ്പോയിൽ നിന്ന് പുറപ്പെടും. ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവടങ്ങളാണ് സന്ദർശിക്കുന്നത്. മലങ്കര ഡാമിൽ നിന്നാണ് ഉച്ചഭക്ഷണം. ഒരാൾക്ക് 800 രൂപയാണ് നിരക്ക്. ഭക്ഷണം ഉൾപ്പെടില്ല.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും : അനീഷ് ആർ ബി - 9446072194, പ്രശാന്ത് എസ് ടി- 9809493040, രാജേഷ് - 9447324718
മൂന്നാർ :മെയ് 11, 24 തീയതികളിലാണ് മൂന്നാർ യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്കിടയിൽ ഏറെ ഡിമാൻഡുള്ള യാത്രയാണിത്. മെയ് 10 ന് രാത്രി 10 മണിക്ക് ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടും. രാവിലെ 8 മണിയോടെ മൂന്നാറിലെത്തും. കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളിലാണ് ആദ്യ ദിനം സന്ദർശനം നടത്തുന്നത്.
മൂന്നാറാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്ലീപ്പർ സ്റ്റേയാണ് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. അടുത്ത ദിവസം മൂന്നാർ ടോപ് സ്റ്റേഷനും വിനോദസഞ്ചാര കേന്ദ്രങ്ങളുമെല്ലാം സന്ദർശിച്ച് മടങ്ങും. താമസം ഉൾപ്പടെ ഒരാൾക്ക് 1800 രൂപയാണ് നിരക്ക്. ഭക്ഷണം ഉൾപ്പെടില്ല.