കേരളം

kerala

ETV Bharat / state

യാത്രക്കാർ കൈ കാണിച്ചിട്ടും സ്‌റ്റോപ്പിൽ നിർത്താത്ത ഡ്രൈവർമാർക്ക് എട്ടിന്‍റെ പണിയുമായി കെഎസ്ആർടിസി - KSRTC to levy penalty from drivers

ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് പിഴ ചുമത്താൻ കെഎസ്ആർടിസി. ബസ് സ്‌റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ.

KSRTC ORDER  കെഎസ്ആർടിസി  KSRTC DRIVER WILL BE FINED  KSRTC TO IMPOSE FINE ON EMPLOYEES
KSRTC

By ETV Bharat Kerala Team

Published : Apr 6, 2024, 6:36 PM IST

തിരുവനന്തപുരം:യാത്രക്കാർ കൈ കാണിച്ചിട്ടും ബസുകൾ സ്‌റ്റോപ്പിൽ നിർത്താത്ത കെഎസ്ആർടിസി ഡ്രൈവർമാർക്ക് എട്ടിന്‍റെ പണിയുമായി കെഎസ്ആർടിസി. ബസുകൾ സ്‌റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തും. ജില്ല ഓഫിസുകളുടെ പ്രവർത്തനം നിർത്തലാക്കിയ സാഹചര്യത്തിൽ യൂണിറ്റുകളിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് വിജിലൻസ് വിഭാഗം പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച പുറത്തിറക്കിയ ഉത്തരവിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് ഈടാക്കേണ്ട പിഴയെ കുറിച്ച് പരാമർശമുള്ളത്.

ഡ്യൂട്ടിക്കിടയിൽ ജീവനക്കാർ ഉറങ്ങുന്നത്, ഹൈവേകളിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഫ്‌ളൈ ഓവറിലൂടെ സർവീസ് നടത്തുന്നത്, സർവീസ് റോഡിൽ കൂടെ അല്ലാതെയുള്ള യാത്ര എന്നീ കുറ്റകൃത്യങ്ങൾക്കും 1000 രൂപ പിഴ ഈടാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാർ കുറ്റകൃത്യം ആവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കുറ്റകൃത്യം വീണ്ടും തുടർന്നാൽ മേൽനടപടിക്കായി ചീഫ് ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

സ്‌റ്റോപ്പിൽ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ഇറക്കിയില്ലെങ്കിൽ 500 രൂപയാണ് പിഴ. യാത്രക്കാരോട് അപമര്യാദയായി പെരുമാറുക, അപകടകരമായി വാഹനമോടിച്ച് യാത്രക്കാർക്കും മറ്റ് വാഹനങ്ങളിൽ ഉള്ളവർക്കും ഭയം ഉണ്ടാക്കുന്നതിന് ഇടയാക്കുക, റിസർവേഷൻ യാത്രക്കാർക്ക് കൃത്യമായി വിവരം നൽകാതിരിക്കുക, സർവീസ് റോഡിൽ ബസ് സ്‌റ്റോപ്പിൽ നിർത്താതിരിക്കുക എന്നീ കുറ്റകൃത്യങ്ങൾക്കും 500 രൂപയാണ് പിഴ.

ബസുകളുടെ അപകടത്തെ തുടർന്ന് മെറ്റിരിയൽ കോസ്‌റ്റ് 10,000 രൂപ വരെയുള്ള കോസ്‌റ്റ് ഓഫ് ഡാമേജ് ബന്ധപ്പെട്ട ജീവനക്കാരനിൽ നിന്ന് നടപടി ക്രമങ്ങൾ പാലിച്ച് യൂണിറ്റ് തലത്തിൽ ഈടാക്കണം. 10,000 രൂപയ്‌ക്ക് മുകളിലുള്ള കോസ്‌റ്റ് ഓഫ് ഡാമേജ് കേസുകൾ വരുമ്പോൾ ജോബ് കാർഡ്, വാഹനത്തിന്‍റെ ഇൻഷുറൻസ് സംബന്ധിച്ച വിവരം, കോസ്‌റ്റ് ഓഫ് ഡാമേജ് തുക, മെറ്റിരിയൽ കോസ്‌റ്റ് ലേബർ കോസ്‌റ്റ് എന്നിവ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സഹിതം എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ലഭ്യമാക്കണം. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജാവനക്കാർക്കെതിരെയുള്ള പരാതികളിൽ ശിക്ഷ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകി.

യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കാതെ സൗജന്യ യാത്ര അനുവദിക്കുന്ന കേസുകളിൽ ജീവനക്കാരിൽ നിന്ന് ഈടാക്കേണ്ട പിഴ തുക:

  • 30 യാത്രക്കാർവരെ ബസിൽ ഉണ്ടെങ്കിൽ- 5000 രൂപ
  • 31 മുതൽ 47 യാത്രക്കാർവരെ ബസിൽ ഉണ്ടെങ്കിൽ- 3000 രൂപ
  • 48 മുതൽ 65 യാത്രക്കാർവരെ ബസിൽ ഉണ്ടെങ്കിൽ- 2000 രൂപ
  • 65ൽ കൂടുതൽ യാത്രക്കാർ ബസിൽ ഉണ്ടെങ്കിൽ- 1000 രൂപ
  • ലഗേജ് ഹാഫ് ടിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ- 1000 രൂപ

ഇരുപതിൽ താഴെ യാത്രക്കാരുള്ള കേസുകളും തുടർച്ചയായി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരുടെ കേസുകളും ആ ജീവനക്കാരുടെ ഹിസ്‌റ്ററി ഷീറ്റും ഇൻസ്‌പെക്‌ടർ റിപ്പോർട്ടും സഹിതം എക്‌സിക്യൂട്ടീവ് ഡയറക്‌ടർക്ക് (വിജിലൻസ്) അയച്ചു നൽകണം. ജീവനക്കാരുടെ 14 ദിവസം വരെയുള്ള അനധികൃതമായി ജോലിയിൽ നിന്ന് മാറിനിൽക്കുന്ന കാലയളവ് യാതൊരുവിധ സർവീസ് ആനുകൂല്യങ്ങൾക്കും പരിഗണിക്കാതെ ശൂന്യവേതന അവധിയായി യൂണിറ്റ് അധികാരികൾക്ക് തീർപ്പാക്കാം. ആകസ്‌മികമായി ഉണ്ടാകുന്ന കാരണങ്ങളാൽ ജീവനക്കാർക്ക് ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിയാതെ വന്നാൽ രേഖകളുടെ അടിസ്ഥാനത്തിൽ യൂണിറ്റ് അധികാരികൾക്ക് സർവീസ് ചട്ടത്തിന് വിധേയമായി തീരുമാനമെടുക്കാം.

ജീവനക്കാർ അനധികൃതമായി ജോലിയിൽ നിന്ന് മാറിനിൽക്കുന്നത് മൂലം സർവീസ് റദ്ദാക്കേണ്ടി വരികയും ഇതുമൂലം സാമ്പത്തിക നഷ്‌ടം ഉണ്ടാകുകയും ചെയ്‌താൽ വരുമാനം നഷ്‌ടം കണക്കാക്കി വിശദമായ ഇൻസ്‌പെക്‌ടർ റിപ്പോർട്ട് സഹിതം യൂണിറ്റ് ഓഫിസർ സാക്ഷ്യപ്പെടുത്തി എക്‌സിക്യൂട്ടീവ് ഡയറക്‌ടർക്ക് (വിജിലൻസ്) റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. യാത്രക്കാർക്ക് നിയമ ലംഘനങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപ്പിക്കാം. കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) പ്രവർത്തിക്കുന്നതാണ്.

മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799.

ALSO READ:'സീറോ അപകടങ്ങൾ' ലക്ഷ്യമിട്ട് കെഎസ്ആർടിസി; കര്‍മ്മപദ്ധതിയ്‌ക്ക് രൂപം നല്‍കി - KSRTC ZERO ACCIDENT

ABOUT THE AUTHOR

...view details