കേരളം

kerala

ETV Bharat / state

സ്‌റ്റുഡന്‍റ്സ് ഒണ്‍ലി സ്‌പെഷ്യല്‍ ബജറ്റ് ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ഒരു മാസത്തില്‍ സൂപ്പര്‍ ഹിറ്റ് - KANNUR KSRTC STUDENT TOUR PACKAGE

മൂന്നുനേരം സ്വാദിഷ്‌ടമായ ഭക്ഷണവും എൻട്രി ഫീസും. വിദ്യാർഥികൾക്കുള്ള പാക്കേജ് ഒരുക്കിയിരിക്കുന്നത് മറ്റ് പാക്കേജുകളെക്കാൾ കുറഞ്ഞ നിരക്കിൽ.

KSRTC TOUR PACKAGES  KSRTC NEW PROJECTS  GHSS KUNHIMANAGALAM KSRTC TOUR  SCHOOL COLLEGE STUDENT TOUR KSRTC
Kannur KSRTC Special Tour Package For Students (ETV Bharat)

By ETV Bharat Kerala Team

Published : Oct 18, 2024, 4:15 PM IST

കണ്ണൂർ: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് പോക്കറ്റ് കാലിയാകാതെ ടൂർ പോകാൻ അവസരമൊരുക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ പാക്കേജുകൾ. ഇത്തരത്തിൽ കണ്ണൂർ കെഎസ്ആർടിസി ആരംഭിച്ച സ്‌പെഷ്യൽ ടൂർ പാക്കേജുകൾക്ക് ഇപ്പോൾ വന്‍ ഡിമാന്‍റാണ്. സാധാരണ ടൂർ പാക്കേജുകളെക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളാണ് കെഎസ്ആർടിസിയുടെ 'സ്‌റ്റുഡന്‍റ്സ് ഒണ്‍ലി' പാക്കേജുകളെ ആകർഷകമാക്കുന്നത്.

ടൂര്‍ പാക്കേജുകള്‍ ഇങ്ങിനെ

കണ്ണൂരില്‍ നിന്ന് നാല് മലബാര്‍ ജില്ലകളിലേക്കാണ് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌പെഷ്യല്‍ ബജറ്റ് ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തന്നെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാക്കേജിനു പുറമേ വയനാട് കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളിലെ ടൂറിസം സ്‌പപോട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് ആകര്‍ഷകമായ ബജറ്റ് ടൂര്‍ പാക്കേജുകളും കെഎസ്ആര്‍ടിസി മുന്നോട്ടു വെക്കുന്നുണ്ട്.

വിദ്യാർഥികൾക്കായി കണ്ണൂർ കെഎസ്ആർടിസിയുടെ സ്പെഷ്യൽ ടൂർ പാക്കേജ് (ETV Bharat)

ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വയനാട്ടിലെ കേന്ദ്രങ്ങള്‍ക്കൊപ്പം പൈതല്‍മല, റാണിപുരം, പെരുവണ്ണാമുഴി യാത്രകള്‍ക്കും ആവശ്യക്കാര്‍ നിരവധിയായി എത്തുന്നുണ്ടെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ജില്ലാ കോർഡിനേറ്റർ തന്‍സീർ കെ ആർ ഇടിവി ഭാരതിനോട് പറഞ്ഞു. ഏക ദിന ടൂര്‍ പാക്കേജുകളാണ് എല്ലാം. സാധാരണ ഗതിയില്‍ രാവിലെ ആറിന് ആരംഭിക്കുന്ന ടൂര്‍ രാത്രി പത്തുമണിക്ക് അവസാനിക്കും. മ്യൂസിക് സിസ്‌റ്റം അടക്കമുള്ള സംവിധാനങ്ങളുള്ള സൂപ്പർ എക്‌സ്പ്രസ്, ഫാസ്‌റ്റ് പാസഞ്ചർ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും തന്‍സീർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആകർഷകമായ ഇളവുകൾ

സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയ്ക്ക് ഇത്തരത്തില്‍ ബജറ്റ് ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ബുക്കിങ്ങിന് ആകര്‍ഷകമായ ഇളവും ലഭിക്കും.സാധാരണ കെഎസ്ആര്‍ടിസിയുടെ ഏകദിന ബജറ്റ് ടൂറിന് ഒരാള്‍ക്ക് 1200- 1300 രൂപയാണ് ശരാശരി ചെലവ് വരിക. എന്നാല്‍ സ്‌റ്റുഡന്‍റ്സ് ഓണ്‍ലി പാക്കേജ് ബുക്ക് ചെയ്യുന്ന സ്‌കൂളുകളില്‍ നിന്ന് ഒരു കുട്ടിക്ക് 900 രൂപ നിരക്കില്‍ മാത്രമാണ് ഈടാക്കുക. ഓരോ ടൂര്‍ പാക്കേജിലും പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണമനുസരിച്ച് നിരക്കില്‍ നേരിയ വ്യത്യാസം വന്നേക്കാം.

"മൂന്നുനേരം സ്വാദിഷ്‌ടമായ ഭക്ഷണവും വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. അവധി ദിനങ്ങളില്‍ മാത്രമല്ല, സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന ഏത് ദിവസവും ടൂര്‍ അനുവദിക്കും. നന്നായി പഠിച്ച ശേഷമാണ് ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിനായി ഞങ്ങള്‍ സാധ്യതാ പഠനമടക്കം നടത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് നേരിട്ട് പോയി കണ്ട് വിലയിരുത്തിയാണ് ഓരോ കേന്ദ്രങ്ങളും തെരഞ്ഞെടുക്കുന്നത്. ഭക്ഷണ ശാലകള്‍, ശുചിമുറികള്‍, പാര്‍ക്കിങ്ങ് എന്നിവയുടെ നിലവാര പരിശോധന പ്രധാനമാണ്." ബജറ്റ് ടൂറിസം സെല്ലിന്‍റെ കണ്ണൂര്‍ ജില്ലാ കോർഡിനേറ്റർ തന്‍സീർ വിശദീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരിശീലനം ലഭിച്ച ഗൈഡുകൾ

"ബജറ്റ് ടൂര്‍ പാക്കേജുകളില്‍ വിനോദ സഞ്ചാരികളെ അനുഗമിക്കാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഗൈഡുകളേയും ഞങ്ങള്‍ നല്‍കുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള ബിരുദ-ബിരുദാനന്തര ബിരുദ ദാരികളെയാണ് ഗൈഡുമാരായി നിയോഗിക്കുന്നത്. ഇത്തരത്തില്‍ ഇരുപത് ഗൈഡുകള്‍ ഇപ്പോള്‍ത്തന്നെ സേവന രംഗത്തുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകമായി കണ്ണൂരില്‍ ഞങ്ങള്‍ തുടങ്ങിയ ബജറ്റ് ടൂറിസം പാക്കേജുകൾ ഇപ്പോൾ സൂപ്പർ ഹിറ്റാണ്." തന്‍സീർ പറഞ്ഞു.

സ്‌റ്റുഡന്‍റ്സ് ഓണ്‍ലി ബജറ്റ് ടൂര്‍ പാക്കേജ് ഒരു മാസം പിന്നിടുമ്പോള്‍ കണ്ണൂരിലെ സര്‍വീസുകള്‍ക്ക് വലിയ ഡിമാന്‍റാണ്. എല്ലാ ആഴ്‌ചയിലും പാക്കേജ് ഫുള്‍ ആണ്. നിറയെ ബുക്കിങ്ങ് വരുന്നുണ്ട്. കെഎസ്ആർടിസി നോർത്ത് സോണിൽ ബജറ്റ് ടൂറിസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കണ്ണൂർ ജില്ലയാണെന്നും തന്‍സീർ കൂട്ടിച്ചേർത്തു.

കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് വളണ്ടിയര്‍മാരുടേതായിരുന്നു പദ്ധതിക്ക് കീഴിലെ ആദ്യ യാത്ര. വിദ്യാർഥികളുടെ പ്രകൃതി പഠന യാത്രയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. കളിച്ചും ചിരിച്ചും ഉല്ലസിച്ചും വിദ്യാർഥികൾ കെഎസ്ആർടിസിയോടൊപ്പമുള്ള അവരുടെ ആദ്യ യാത്ര അവിസ്‌മരണീയമാക്കി. പോക്കറ്റ് കാലിയാവാതെ ചുരുങ്ങിയ ചെലവിൽ പോയി വരാവുന്ന ഈ യാത്രക്ക് വിദ്യാർഥികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എങ്ങിനെ ബുക്ക് ചെയ്യാം

കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നേരിട്ടെത്തിയും ഫോൺ വഴിയും ടൂർ പാക്കേജുകൾ ബുക്ക്ചെയ്യാം. ഫോൺ വഴി ബുക്ക് ചെയ്യാൻ വിളിക്കേണ്ട നമ്പർ : 8089463675

Also Read:ബേക്കൽ കോട്ടയിലെ കാഴ്‌ചകൾക്കിനി ഭംഗി കൂടും; പുതുക്കിയ സന്ദർശന സമയത്തിന് കയ്യടിച്ച് വിനോദ സഞ്ചാരികൾ

ABOUT THE AUTHOR

...view details