തിരുവനന്തപുരം : കേരളത്തിൽ ഡ്രൈവിങ് സ്‌കൂൾ രംഗത്തെ സ്വകാര്യ കുത്തക അവസാനിപ്പിച്ച് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് വരാൻ തയ്യാറെടുത്തുകഴിഞ്ഞു. കെഎസ്ആർടിസിയുടെ കീഴിൽ 22 ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസിയുടെ 22 യൂണിറ്റുകളിലാണ് ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങുക.
അട്ടക്കുളങ്ങരയിലെ സ്‌റ്റാഫ് ട്രെയിനിങ് സെന്‍റർ, എടപ്പാൾ, അങ്കമാലി, പാറശാല, ഈഞ്ചയ്ക്കൽ, ആനയറ, ആറ്റിങ്ങൽ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുക. 10 യൂണിറ്റുകളിലെങ്കിലും ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവർത്തനം രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുമെന്നും അധികൃതർ ഇടിവി ഭാരതിനോട് പറഞ്ഞു.
ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് എടുക്കാനുള്ള ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 10 യൂണിറ്റുകളിൽ 50 ശതമാനത്തോളം പൂർത്തിയായി. രണ്ടാഴ്‌ചയ്ക്കകം ആപ്ലിക്കേഷൻ അപ്‌ലോഡ് ചെയ്യുന്നത് ആരംഭിക്കും. അട്ടക്കുളങ്ങരയിലെ സ്‌റ്റാഫ് ട്രെയിനിങ് സെന്‍ററിന് നിലവിൽ ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് ഉണ്ട്.
ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് എടുക്കേണ്ടത് എങ്ങനെ :കെട്ടിടത്തിന്‍റെ ടാക്‌സ് അടച്ച രസീത്, ലാൻഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, ഓണറുടെ (സിഎംഡിയോ സിഎംഡി ഓതറൈസ് ചെയ്യുന്ന ആൾ) വിവരങ്ങൾ, അംഗീകൃത ട്രെയിനറില്‍ നിന്ന് ഓട്ടോ മൊബൈൽ/മെക്കാനിക്കൽ ഡിപ്ലോമയോ ഐടിസിയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഓട്ടോമൊബൈൽ കോഴ്‌സോ പാസാകല്‍ എന്നിവ നിര്‍ബന്ധമാണ്. ക്ലാസ് റൂം, ക്ലാസ് റൂമിന് നിശ്ചിത വലിപ്പം, ഡെമോൺസ്ട്രേഷൻ ഹാൾ, ഡ്രൈവിങ് സ്‌കൂൾ മാനുവൽ, മോട്ടോർ വെഹിക്കിൾ ആക്‌ട് ആൻഡ് റൂൾസ് ബുക്ക് ഉൾപ്പെടുന്ന ലൈബ്രറി എന്നിവ ഉണ്ടായിരിക്കണം.