തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും നടുറോഡിൽ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് ടിഡിഎഫ് വര്‍ക്കിങ് പ്രസിഡന്‍റ് എം വിന്‍സെന്‍റ് എംഎൽഎ. സംഭവത്തില്‍ ഡ്രൈവർക്കെതിരെ കേരളത്തിലെ ഭരണ സംവിധാനങ്ങള്‍ അണി നിരക്കുന്ന കാഴ്‌ചയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
എം വിന്‍സെന്‍റ് പറഞ്ഞതിങ്ങനെ:
"750 രൂപ മാത്രം വേതനമുള്ള ഒരു ദിവസക്കൂലിക്കാരനെതിരെ കേരളത്തിലെ ഭരണ സംവിധാനങ്ങള്‍ അണി നിരക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഇതു സംബന്ധിച്ച് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശ പ്രകാരമാണ്. പൊലീസിന്‍റെ ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.
സുപ്രീംകോടതി വിധിയെ നഗ്നമായി ലംഘിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണം. അതിന് ഇരുവരും തയ്യാറാകുന്നില്ലെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും. ഏതായാലും പൊലീസിന്‍റെ ഇഷ്‌ടത്തിന് വിടാന്‍ ഉദ്ദേശിക്കുന്നില്ല. സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കിക്കുക തന്നെ ചെയ്യും."
സംഭവം നടന്ന ദിവസം രാത്രി 5 മണിക്കൂറോളം ബസ് പാളയത്തുണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടു പോയി. അതിനു ശേഷം അദ്ദേഹം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലായിരുന്നു. പിന്നീട് പുലർച്ചെ മൂന്നു മണിയോടെ യദുവാണ് ബസ് തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.