ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കെഎസ്ആർടിസി ഡ്രൈവർ തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ യദു. പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം ബസ് തടഞ്ഞുവെച്ച ശേഷം കാറിൽ നിന്ന് ഇറങ്ങിവന്ന സച്ചിൻ ദേവ് റോഡ് നിന്‍റെ അച്ഛന്‍റെ വകയാണോ എന്നാണ് ചോദിച്ചതെന്നും തുടർന്നാണ് വാക്കേറ്റം ഉണ്ടായതെന്നും ഡ്രൈവർ യദു ഇടിവി ഭാരതിനോട് പറഞ്ഞു. തന്‍റെ ജോലി കളയുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞു.
യദുവിന്‍റെ വാക്കുകൾ ഇങ്ങനെ:
പട്ടം സ്‌റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം ബസ് മുന്നോട്ടെടുത്തു. ഒരു കാർ പുറകെ ഹോൺ അടിച്ചു വന്നു. ബസ് സൈഡ് ഒതുക്കി കൊടുത്തിട്ടും കാർ കയറി പോയില്ല. പാളയം വരെ ബസിനെ പിന്തുടർന്നു. പാളയത്ത് സിഗ്നലിൽ ബസ് നിർത്തിയപ്പോൾ കാർ സീബ്രാ ക്രോസിൽ നിർത്തി ഒരാൾ ഇറങ്ങി വന്നു. ആദ്യം തന്നോട് ചോദിച്ചത് റോഡ് നിന്‍റെ അച്ഛന്‍റെ വകയാണോ എന്നാണ്.
എംഎൽഎ ആണെന്ന് തനിക്കറിയില്ലായിരുന്നു. പിന്നാലെ ഒരു സ്ത്രീയും ഇറങ്ങി വന്നു. അവർ മേയർ ആണെന്ന് പിന്നീട് ആണ് അറിഞ്ഞത്. താൻ മോശമായി ആംഗ്യം കാണിച്ചുവെന്ന് ആരോപിച്ചാണ് അവർ കയർത്തത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ചു ചോദിച്ചുവെന്നും തുടർന്നാണ് ഭീഷണി ഉണ്ടായതെന്നും യദു പറഞ്ഞു.
ട്രിപ്പ് മുടക്കിയതിനും തന്നോട് മോശമായി പെരുമാറിയതിനും ഇവർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. എന്നാൽ കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. യദുവിനെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ഇന്നലെ (27-04-2024) രാത്രി പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം. മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കിയില്ല, ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ചാണ് മേയറും സംഘവും കാർ കുറുകെ നിർത്തി കെഎസ്ആർടിസി ബസ് തടഞ്ഞത്.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ യദു ഇതിനിടെ മോശമായ ആംഗ്യം കാണിച്ചു എന്നാരോപിച്ച് ആര്യ കന്‍റോൺമെന്‍റ് പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യദുവിനെ കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. പട്ടം മുതൽ പാളയം വരെ തന്‍റെ കാറിന് സൈഡ് നല്‍കിയില്ലെന്നാണ് മേയറുടെ ആരോപണം. അതേസമയം ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്നും തന്നോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഡ്രൈവർ യദുവും കന്‍റോൺമെന്‍റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ നിലവിൽ കേസെടുത്തിട്ടില്ല. പരിശോധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവെന്ന് കന്‍റോൺമെന്‍റ് എസ്എച്ച്ഒ പറഞ്ഞു.
Also Read :വാഹനത്തിന് സൈഡ് നല്‍കിയില്ല; നടുറോഡിൽ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്കേറ്റം