തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ഈ മഞ്ഞുകാലത്തിന്‍റെ തുടക്കം ആസ്വദിക്കാന്‍ തെക്കിന്‍റെ കശ്‌മീരായ മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലേക്ക് ഒരു ഉല്ലാസയാത്ര സങ്കല്‍പ്പിച്ചു നോക്കൂ. മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും കോടമഞ്ഞിന്‍റെയും മത്തു പിടിപ്പിക്കുന്ന മനോഹാരിത തുളുമ്പുന്ന മൂന്നാറിന്‍റെയും മറയൂര്‍ ചന്ദനക്കാടിന്‍റെയും കാന്തല്ലൂരിന്‍റെയും ഹൃദയത്തിലൂടെ യാത്രക്കാര്‍ക്ക് മറക്കാനാകാത്ത യാത്രാനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ പാപ്പനംകോട് ഡിപ്പോ.
തീര്‍ന്നില്ല, കയ്യിലൊതുങ്ങുന്ന തുച്ഛമായ തുകയ്ക്ക് ഗവി, അടവി ഇക്കോ ടൂറിസം സ്‌പോട്ടിലേക്ക് കാനനഛായ ആസ്വദിച്ചുള്ള യാത്രയും കുട്ടവഞ്ചി യാത്രയും വേറെയും ഒരുക്കുന്നുണ്ട് പാപ്പനംകോട് ഡിപ്പോ. എല്ലാ തിരക്കുകളും മാറ്റി വെച്ച് കണ്ണിനും മനസിനും ആശ്വാസമേകുന്ന യാത്രയിലേക്ക് എല്ലാവരെയും കെഎസ്ആര്‍ടിസി സ്വാഗതം ചെയ്യുന്നു.
മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ യാത്ര
ഒക്ടോബര്‍ 25, 26, 27 തിയ്യതികളിലായി മൂന്ന് ദിവസത്തെ യാത്രയാണ് പാപ്പനംകോട് നിന്നും മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലേക്ക് സജ്ജീകരിച്ചിരിക്കുന്നത്. താമസവും ഭക്ഷണവും ക്യാമ്പ് ഫയറും ഉള്‍പ്പെടെ 3600 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 25 ന് രാത്രി 9.30 ന് പാപ്പനംകോട് ഡിപ്പോയില്‍ നിന്ന് യാത്ര ആരംഭിച്ച് രാവിലെ മൂന്നാര്‍ എത്തും. അവിടെ കുളി, പ്രഭാത കൃത്യങ്ങള്‍, പ്രഭാത ഭക്ഷണം എന്നിവയ്ക്കു ശേഷം നേരെ മറയൂരിലേക്ക്. പതിനൊന്നരയോടെ മറയൂര്‍. അവിടെ ഹോട്ടലില്‍ താമസവും നോണ്‍വെജ് ഉച്ച ഭക്ഷണവും.
അൽപം വിശ്രമത്തിനു ശേഷം ജീപ്പില്‍ മറയൂര്‍, കാന്തല്ലൂര്‍ യാത്ര. തിരിച്ച് ആറുമണിയോടെ മറയൂരിലെത്തും.പിന്നെ അൽപ നേരം ലോക്കല്‍ പര്‍ച്ചേസ്. രാത്രി 7 മുതല്‍ 10 വരെ ക്യാമ്പ് ഫയറും ഡിന്നറും. 27 ന് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം മൂന്നാറിലേക്ക് തിരിക്കും. 11 മണിയോടെ മൂന്നാറില്‍. അവിടെ കാഴ്‌ചകള്‍ കണ്ട് ലോക്കല്‍ പര്‍ച്ചേസ് നടത്തി രാത്രി 7 മണിക്ക് മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. സൂപ്പര്‍ എക്‌സ്പ്രസിലോ സൂപ്പര്‍ ഡീലക്‌സ് ബസില്ലോ ആയിരിക്കും യാത്ര. 38 യാത്രക്കാര്‍ക്ക് മാത്രമാണ് അവസരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക