കേരളം

kerala

ETV Bharat / state

'ഉണ്ടിരുന്ന തമ്പ്രാന് ഉൾവിളി വന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ നിലപാട്'; പരിഹസിച്ച് എം എം ഹസന്‍ - MM Hassan against Pinarayi Vijayan

കേരളത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന ഇ പി ജയരാജന്‍റെ പ്രസ്‌താവനയെയും എംഎം ഹസന്‍ പരിഹസിച്ചു

MM Hassan  Pinarayi Vijayan  CAA  Kerala on CAA
KPCC acting president mocked Kerala CM on his stand on CAA

By ETV Bharat Kerala Team

Published : Mar 15, 2024, 10:15 PM IST

എം എം ഹസന്‍ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം : ഉണ്ടിരുന്ന തമ്പ്രാന് ഉൾവിളി വന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ നിലപാടെന്ന് കെപിസിസി ആക്റ്റിംഗ് പ്രസിഡന്‍റ് എം എം ഹസന്‍റെ പരിഹാസം. വോട്ട് ബാങ്കാണ് പിണറായിയുടെ രാഷ്ട്രീയ ലക്ഷ്യം. കേരളത്തിൽ സിഎഎ നടപ്പിലാക്കില്ലെന്ന് പറഞ്ഞതുവഴി മുഖ്യമന്ത്രി പരിഹാസ്യനായി. വോട്ട് ബാങ്കിൽ കണ്ണ് വച്ചുകൊണ്ടാണിത് പറഞ്ഞത്. പിണറായി മോദിയെയും സംഘപരിവാറിനെയും പ്രീണിപ്പിക്കുകയാണ്. മുഖ്യമന്ത്രി മോദിക്കെതിരെ കേസ് കൊടുക്കില്ല. മോദിയെ എപ്പോൾ കണ്ടാലും പിണറായി ആറന്മുള കണ്ണാടി കൊണ്ടുനൽകി കൈയിൽ മുത്തുമെന്നും ഹസൻ കെപിസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് മുഖ്യമന്ത്രി ദീർഘമായ പത്രസമ്മേളനം നടത്തിയത്. സിഎഎയ്‌ക്കെതിരെ പാർലമെന്‍റിൽ ആദ്യം എണീറ്റത് ശശി തരൂരാണ്. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയുമാണ് ആദ്യം സുപ്രീം കോടതിയിൽ പോയത്. എന്നാൽ ഒരു സംസ്ഥാനത്തിന്‍റെ പേരിൽ ഹര്‍ജി കൊടുത്താൽ കാര്യമില്ലെന്നും സ്വന്തം പേരിൽ കേസ് കൊടുക്കാൻ പിണറായി വിജയനെ താൻ വെല്ലുവിളിക്കുകയാണെന്നും ഹസൻ പറഞ്ഞു.

സിഎഎ വിരുദ്ധ സമരം ചെയ്‌തതിന് ഇപ്പോഴും ആളുകൾ പിഴയൊടുക്കുകയാണ്. നിയമം കൊണ്ടുവന്ന മോദിയും അതിനെതിരെ സമരം നടത്തിയവർക്കെതിരെ കേസ് എടുത്ത പിണറായിയും തമ്മിൽ വ്യത്യാസമില്ല. കേരളത്തിലെ 835 കേസുകളില്‍ ഒരു ഭാഗം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറായത് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ്. 63 കേസ് മാത്രമേ പിൻവലിച്ചിട്ടുള്ളൂ. ലക്ഷക്കണക്കിന് രൂപ പിഴ ഒടുക്കി.

നിയമസഭയിലെ അക്രമത്തിൽ ലക്ഷക്കണക്കിന് രൂപ ചെലവാക്കി കേസ് നടത്തി. എന്നിട്ടും കേസ് തള്ളി. എല്‍.ഡി.എഫ് നടത്തിയ അതീവ ഗുരുതരമായ നിയമസഭ അക്രമക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ വരെ പോയി 9 വര്‍ഷമായി നിയമ പോരാട്ടം നടത്തിയ ചരിത്രമാണ് പിണറായിക്കുള്ളതെന്നും അവിടെയെല്ലാം തോറ്റമ്പിയത് ഇത് ഗുരുതരമായ കേസായത് കൊണ്ടാണെന്നും ഹസന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ചതും സമരം നടത്തിയതും ഗുരുതരമായ കേസാണോയെന്നും ഹസന്‍ ചോദിച്ചു.

പാർലമെന്‍റിൽ സിഎഎയ്‌ക്കെതിരെ പോരാടിയത് കോൺഗ്രസാണ്. രാഹുൽ ഗാന്ധിയുടെ പ്രതികരണം ദേശീയ പത്രങ്ങളിലുണ്ട്. മൗലികാവകാശങ്ങളുടെയും ഭരണഘടനയുടെ അന്തസത്തയുടെയും ലംഘനമാണ് സിഎഎ എന്നും ഹസൻ പറഞ്ഞു. സിഎഎ വിഷയത്തിൽ തുടർന്നും സമരങ്ങളുണ്ടാകും. നാളെ വൈകീട്ട് മലപ്പുറത്ത് നൈറ്റ് മാർച്ച് നടത്തും. എല്ലായിടത്തും സമരങ്ങളുണ്ടാകും. പ്രാദേശികമായി കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും എംഎം ഹസന്‍ അറിയിച്ചു.

ഇ പി ജയരാജനെ പരിഹസിച്ച് എം എം ഹസൻ:
കേരളത്തിൽ പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാർഥികളാണ് ഉള്ളതെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമുള്ള എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റെ പ്രസ്‌താവനയ്ക്ക്, കണ്ണുപൊട്ടന്മാർക്ക് പോലുമറിയാം കേരളത്തിൽ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് എന്നായിരുന്നു ഹസന്‍റെ മറുപടി. ഇ പി ജയരാജൻ പറഞ്ഞുപറഞ്ഞ് എങ്ങോട്ടാണ് പോകുന്നത് എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ട്. ഇ പിയെ ശരിവയ്ക്കുന്ന പ്രസ്‌താവനയാണ് മുഖ്യമന്ത്രിയടക്കം നടത്തിയത്.ഇ പി ജയരാജൻ സിപിഎമ്മിന്‍റെ ഒരു റിക്രൂട്ടിംഗ് ഏജന്‍റായി മാറി. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, ഇ പിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന വൈദേകം റിസോർട്ട് ഏറ്റെടുത്തു എന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ വരുന്നുണ്ട്. വാർത്തയുടെ സത്യം ഇ.പി തന്നെയാണ് പറയേണ്ടതെന്നും ഹസൻ പറഞ്ഞു.

കെ സി വേണുഗോപാലിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലും അദ്ദേഹം പ്രതികരിച്ചു. കെ സിയുടെ സ്ഥാനാർഥിത്വം തന്നെ മുഖ്യമന്ത്രിക്ക് വേവലാതിയുണ്ടാക്കി. ആദ്യ റൗണ്ടിൽ തന്നെ കെ സിയെ വാക്കുകൾ കൊണ്ട് മുഖ്യമന്ത്രി ജയിപ്പിച്ചു. ഒരു സീറ്റ് പോലും ഇത്തവണ വിട്ടുകൊടുക്കാതിരിക്കാനാണ് കെ സിയും ഷാഫിയും മത്സര രംഗത്തിറങ്ങിയത്. അതുതന്നെയാണ് കെ സുധാകരൻ മത്സരത്തിനിറങ്ങിയതിന്‍റെ കാരണവുമെന്നും ഹസൻ പറഞ്ഞു.

എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനം:
എസ്എഫ്ഐയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും എസ് എഫ് ഐ പ്രവർത്തനം നിരോധിക്കണമെന്നും എംഎം ഹസൻ പറഞ്ഞു. കേരള സർവകലാശാലയിൽ നടന്നത് ദയനീയമായ അക്രമ സംഭവങ്ങളാണ്. കലോത്സവം നടത്തിയത് തന്നെ സിഐടിയുക്കാരാണ്. കലോത്സവത്തിലെ വിധികർത്താവ് കണ്ണൂർ സ്വദേശി ഷാജിയുടെ ആത്മഹത്യയിൽ കൊലപാതകത്തിന് കേസെടുക്കണമെന്നും കാമ്പസുകളില്‍ നടക്കുന്ന വ്യാപകമായ അക്രമങ്ങളെക്കുറിച്ച് സിറ്റിങ് ജഡ്‌ജി അന്വേഷിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

Also Read :ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇപി ജയരാജന്‍റെ ബിസിനസ് പങ്കാളിയെന്ന് രമേശ് ചെന്നിത്തല

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും പുനസംഘടന നേരത്തെ കഴിഞ്ഞു. കേരളത്തിലെ 280 ബ്ലോക്കിലെയും പഴയ ബ്ലോക്ക് പ്രസിഡന്‍റുമാരെ ഡിസിസി എക്സിക്യുട്ടീവിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ആയിരത്തിലധികം മണ്ഡലം പ്രസിഡന്‍റുമാരെയും മാറ്റിയിട്ടുണ്ട്. മാറ്റിയ മണ്ഡലം പ്രസിഡന്‍റുമാരെ അതാത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റുമാരായി നിയോഗിക്കാനും കെപിസിസി തീരുമാനിച്ചതായും എം എം ഹസ്സൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details