ഇടുക്കി:ഇന്ന് ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനം. കേരളത്തിലെ സമ്പൂർണ്ണ യോഗ ഗ്രാമം ഏതാണെന്ന് ചോദിച്ചാൽ ആർക്കും പറയാൻ കഴിഞ്ഞെന്ന് വരില്ല. ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ കോഴിയളക്കുടിയാണ് ആ യോഗ ഗ്രാമം. വനവാസി വിഭാഗക്കാർ താമസിക്കുന്ന ഈ ഗ്രാമത്തിൽ യോഗ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നത്.
ഒന്നര പതിറ്റാണ്ട് മുന്‍പ് ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ കോഴിയളക്കുടി ആരുമറിയാത്ത ആദിവാസി ഊരുകളിലൊന്നായിരുന്നു. ഇന്ന് കോഴിയളക്കുടി ഗ്രാമം അത്യപൂര്‍വമായൊരു ബഹുമതി കൈവരിച്ച് ലോകത്തിന്‍റെ തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ്. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ യോഗ ഗ്രാമമാണിന്ന് കോഴിയളക്കുടി.
ഒറ്റയടിക്ക് കൈവരിച്ച നേട്ടമല്ല ഇവരുടേത്. പതിനഞ്ച് വര്‍ഷമെടുത്ത് വനവാസികുടുംബങ്ങള്‍ വസിക്കുന്ന കോഴിയളക്കുടിയെ ഇങ്ങിനെ മാറ്റിയെടുത്തതിന്‍റെ എല്ലാ ക്രെഡിറ്റും ആര്‍ട്ട ഓഫ് ലിവിങ്ങ് പരിശീലകന്‍ കെജി അനില്‍കുമാറിനാണ്. കൊടുംകാടിനുള്ളിലെ വനവാസി ഗ്രാമമായ കോഴിയളക്കുടിയില്‍ അനില്‍ കുമാര്‍ എത്തുന്നത് പതിനഞ്ച് വര്‍ഷം മുമ്പാണ്.
മുതുവാൻ വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുടിയിലെ താമസക്കാർ. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാടിന്‍റെ വന്യതയിൽ കഴിച്ചു കൂട്ടിയിരുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. മാറ്റമില്ലാത്ത ദിനചര്യ തുടർന്ന് പോന്ന ഈ കൂട്ടരുടെ ജീവിത രീതി ഇന്ന് മറ്റൊരു തലത്തിലാണ്. കുടിക്കാർ യോഗ പരിശീലിച്ചു തുടങ്ങിയതോടെയാണ് ഈ മാറ്റങ്ങൾ അത്രയും ഉണ്ടായത്.