കോഴിക്കോട് :കൂടരഞ്ഞിക്ക് സമീപം പൂവാറൻ തോട്ടിൽ ടിപ്പർ ലോറി താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മറ്റ് നാല് പേർക്ക് പരിക്കേറ്റു. പൂവാറൻ തോട് കൊടിഞ്ഞിപ്പുറത്ത് ജംഷീന (22) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെ ആണ് അപകടം സംഭവിച്ചത്. പൂവാറൻ തോട് ഭാഗത്ത് നിന്നും കുത്തനെയുള്ള ഇറക്കം ഇറങ്ങി വരികയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. ഒറ്റപ്ലാവ് വളവിൽ എത്തിയപ്പോൾ പെട്ടെന്ന് ടിപ്പറിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തുടർന്ന് ടിപ്പർ താഴ്‌ചയിലേക്കും മറിഞ്ഞു. ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് താഴ്‌ചയിലിറങ്ങി ടിപ്പറിനുള്ളിൽ കുടുങ്ങി പോയവരെ പുറത്തെത്തിച്ചത്. തുടർന്ന് പരിക്കു പറ്റിയവരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജംഷീനയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ടിപ്പറിൽ ഉണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി സ്വദേശിനി ലീന (19)യ്‌ക്കും മറ്റ് മൂന്ന് യുവാക്കൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് ട്രാക്‌ടർ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.
Also Read: മൂന്നാറിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം