കോഴിക്കോട് :ചാത്തമംഗലത്തെ എൻഐടിയിൽ ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരെയും സ്വീപ്പർമാരെയും പുറത്താക്കാൻ ശ്രമം. ഇതിനെതിരെ സെക്യൂരിറ്റി ജീവനക്കാരുടെ സംയുക്ത തൊഴിലാളി കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി. പുതിയ സെക്യൂരിറ്റി കമ്പനി വന്നതോടെ നിലവിലുള്ള 116 സെക്യുരിറ്റി ജീവനക്കാരോടും 12 സ്വീപർ തസ്‌തികയിൽ ഉള്ളവരോടും ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ 55 വയസ് പ്രായം കഴിഞ്ഞവർക്ക് ജോലി നൽകില്ലെന്നും പുതിയ കരാർ കമ്പനി അറിയിച്ചിരുന്നു.
ഏറെക്കാലമായി 60 വയസ് പ്രായം വരെ ജോലി നൽകിയിരുന്ന എൻഐടിയിൽ പുതുതായി കരാർ എടുത്ത കമ്പനി ഇത്തരത്തിൽ വ്യവസ്ഥകൾ കൊണ്ടുവന്നതാണ് പ്രതിഷേധത്തിന് കാരണമായത്. എൻഐടി ഗ്രൗണ്ടിന് സമീപത്തെ സ്പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ പുതുതായി കരാറെടുത്ത കമ്പനി പ്രതിനിധികളുമായി സെക്യൂരിറ്റി ജീവനക്കാരുടെ സംയുക്ത സംഘടന ചർച്ച നടത്തി.