തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള ആക്കുളം കായല്‍ കരയിലാണ് നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുന്നുള്ളത്. ഇന്ന് വായുസേന അഥവാ എയര്‍ഫോഴ്‌സും ക്ഷയരോഗാശുപത്രിയും പ്രവര്‍ത്തിക്കുന്ന പുലയനാര്‍ക്കോട്ട എന്ന പ്രദേശത്ത് ഒരു കാലത്ത് പുലയ രാജവംശം വാണിരുന്നുവെന്നത് കേട്ടുകേള്‍വിയാണോ എന്ന് ചരിത്രകാരന്മാര്‍ വിലയിരുത്താന്‍ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. രേഖകള്‍ അടിസ്ഥാനപ്പെടുത്തിയും വാമൊഴികളുടെ പിന്‍ബലത്തിലും പുലയനാര്‍ക്കോട്ടയുടെ ചരിത്രം പറയുന്നവര്‍ തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്.
റവന്യു പുറമ്പോക്ക് ഭൂമിയായ ഈ പ്രദേശം മുഴുവന്‍ ഇന്ന് സര്‍ക്കാര്‍ അധീനതയിലാണ്. സംസ്ഥാനത്തെ പേരു കേട്ട സര്‍ക്കാര്‍ നെഞ്ചുരോഗ ആശുപത്രി ഇന്ന് ഇവിടെയാണ്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കേന്ദ്രമാണീകുന്ന്. സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ഏകദേശം 20 വര്‍ഷത്തോളം റിസര്‍വ് വനമായിരുന്ന പുലയനാര്‍ക്കോട്ട പ്രദേശത്തെ കുറിച്ചു സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും സര്‍ക്കാരിന്‍റെ പുരാവസ്‌തു വകുപ്പ് എന്തു കൊണ്ടു ഈ ചരിത്രമുറങ്ങുന്ന മണ്ണില്‍ ശേഷിപ്പുകള്‍ തേടുന്നില്ലെന്ന ചോദ്യവും ഉയര്‍ന്നു വന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2019 - 2020 കാലഘട്ടത്തില്‍ മണ്‍മറഞ്ഞ പുലയപെരുമയുടെ വേരുകള്‍ തേടണമെന്ന് ചൂണ്ടിക്കാട്ടി കേരള പുലയര്‍ മഹാസഭയാണ് സര്‍ക്കാരിന് നിവേദനം നല്‍കുന്നത്. പിന്നാലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തിരുവനന്തപുരം ആര്‍ക്കിയോളജി വകുപ്പില്‍ നിന്നുള്ള സംഘവും കെ പി എം എസ് പ്രതിനിധികളും ചരിത്രം തേടി പുലയനാര്‍ക്കോട്ടയുടെ കുന്നുകയറി.
നൂറ്റാണ്ടുകള്‍ നഗരമധ്യത്തില്‍ ആരാലും തിരിച്ചറിയപ്പെടാത്ത പൗരാണിക സ്‌മാരകത്തിന്‍റെ ആവശിഷ്‌ടങ്ങള്‍ തേടിയിറങ്ങി, ഒടുവില്‍ വന്‍ നിരാശയിലെത്തിപ്പെട്ട അനുഭവമാണ് ചരിത്രം കുഴിച്ചെടുക്കാന്‍ പുറപ്പെട്ട സംഘത്തിലെ പ്രധാനിയും ആര്‍ക്കിയോളജി ഡയറക്‌ടറേറ്റിലെ ക്യുറേറ്ററുമായ ആര്‍ രാജേഷ് കുമാര്‍ പങ്കുവയ്ക്കുന്നത്.
2020 ല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പുലയനാര്‍ക്കോട്ട തേടിയിറങ്ങുമ്പോള്‍ പുലയനാര്‍ക്കോട്ടയിലെ മനുഷ്യ ചരിത്രത്തെ കുറിച്ചു ലഭിക്കാവുന്ന എല്ലാ ചരിത്ര രേഖകളും ശേഖരിച്ചിരുന്നു. പ്രധാന വഴിയില്‍ നിന്നും ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗത്തു രണ്ടു വശത്തും വളര്‍ന്നു നില്‍ക്കുന്ന കാടിനുള്ളിലാണ് പരിശോധിക്കേണ്ടത്. മറ്റിടങ്ങളിളെല്ലാം ഇന്നു കെട്ടിടങ്ങള്‍ക്ക് വേണ്ടിയോ മറ്റു സ്ഥാപനങ്ങള്‍ക്ക് വേണ്ടിയോ മതില്‍ കെട്ടി തിരിച്ചിട്ടുണ്ട്. കോട്ടയ്ക്ക് ചുറ്റുമുണ്ടെന്ന് പറയപ്പെടുന്ന കിടങ്ങും ഈ ഭാഗത്തുണ്ട്.
കുന്നിന്‍റെ വലിയൊരു ഭാഗം ഇന്ന് വായുസേനയുടെ അധീനതയിലാണ്. അവിടെ തിരയാന്‍ കഴിയില്ല. ബാക്കിയുള്ള ഭാഗത്ത് മാത്രമാണ് എന്തെങ്കിലും തെളിവുകള്‍ കിട്ടാന്‍ സാധ്യത. സ്ഥലത്തെത്തി കാട് വകഞ്ഞു മാറ്റി നടന്നു തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്‌ച കാണുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആശുപത്രി മാലിന്യം കാട്ടിനുള്ളില്‍ കുന്നുകൂടി കിടക്കുന്നു. കൊടും വനം പോലുള്ള ഭാഗത്തു സിറിഞ്ചുള്‍പ്പെടെയുള്ള മാലിന്യമാണ് മുഴുവന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കോട്ടവാതിലും ഒരു വലിയ കിണറും പ്രദേശത്തു കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഒരു മാസത്തോളം നീണ്ട പര്യവേഷണത്തിന് ശേഷവും നിരാശയായിരുന്നു ഫലം. ഒന്നും കണ്ടെത്താനായില്ല. കാടു മുഴുവന്‍ കയറിയിറങ്ങി. ആഴത്തില്‍ കുഴിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കാം. എന്നാല്‍ പ്രാഥമിക നിരീക്ഷണത്തിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കണം. ചരിത്ര രേഖകള്‍ കൂട്ടിയിണക്കിയുള്ള വ്യാഖ്യാനങ്ങളാണ് പുലയനാര്‍കോട്ടയെ കുറിച്ചുള്ളത്.തെളിവുകള്‍ ഒന്നും വേറെ ലഭിച്ചിട്ടില്ല.
ചാതുര്‍വര്‍ണ്യവ്യവസ്ഥ ശക്തമായ കാലഘട്ടമായതിനാല്‍ സവര്‍ണ ഭരണവര്‍ഗം ബോധപൂര്‍വം രേഖകളില്‍ നിന്നു വിവരങ്ങള്‍ ഒഴിവാക്കിയതാകെമെന്ന വാദവുമുണ്ട്. ഇതിനും തെളിവില്ല. ഏറെ പരിശ്രമിച്ചാണ് സ്ഥലം അരിച്ചു പെറുക്കിയത്. ഒന്നും ലഭിക്കാതെ ഒടുവില്‍ ഭൗതിക തെളിവുകള്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നുവെന്നും ആര്‍ രാജേഷ് കുമാര്‍ വിശദീകരിക്കുന്നു.
ടി എച്ച് ചെന്താരശേരിയുടെ 'കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍' എന്ന പുസ്‌തകത്തില്‍ വള്ളുവനാര്‍കോട്ട പിന്നീട് പുലയനാര്‍കോട്ടയാവുകയായിരുന്നുവെന്നാണ് വിശദീകരിക്കുന്നത്. ആയ് രാജാക്കന്മാരുടെ സുഹൃത്തുക്കളായിരുന്ന വള്ളുവന്മാര്‍ കാലക്രമത്തില്‍ ക്ഷയിക്കുകയും ഭൂവുടമകളായ പ്രമാണികളായി തുടരുകയും ചെയ്‌ത കാലത്താണ് നിലത്ത് പണിയെടുക്കുന്നവര്‍ എന്നര്‍ഥം വരുന്ന 'പുലയര്‍' എന്ന പേര് സവര്‍ണര്‍ വിളിക്കാന്‍ തുടങ്ങിയതെന്ന് ചെന്താരശേരി തന്‍റെ പുസ്‌തകത്തില്‍ പറയുന്നു.
ധര്‍മ്മരാജാവെന്നറിയപ്പെടുന്ന കാര്‍ത്തിക തിരുന്നാള്‍ ബാലരാമവര്‍മ്മയുടെ കാലത്ത് ഈ രാജാവംശം പൂര്‍ണമായി നശിച്ചെന്നും പുസ്‌തകത്തില്‍ പറയുന്നു. എന്നാല്‍ ഈ രണ്ടു സംഭവങ്ങളും തമ്മില്‍ നൂറ്റാണ്ടുകളുടെ വ്യത്യാസമുണ്ടെന്നും ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു. ഇന്ന് നെടുമങ്ങാട് താലൂക്കിലെ ആര്യനാട് കൊക്കോതമംഗലത്തെ സ്വകാര്യ റബ്ബര്‍ തോട്ടത്തിലെ ചില ആവശിഷ്‌ട ങ്ങള്‍ വിവാഹം ചെയ്യാനുള്ള ആറ്റിങ്ങല്‍ തമ്പുരാന്‍റെ താത്പര്യം നിരസിച്ചതിന്‍റെ പേരില്‍ തകര്‍ക്കപ്പെട്ട പുലയരാജാവംശത്തിലെ അവസാന റാണിയായ കോത റാണിയുടെ കൊട്ടാരത്തിന്‍റെയാണെന്നു കുന്നുകുഴി എസ് മണി എന്ന ചരിത്രകാരന്‍ 'പുലയര്‍ നൂറ്റാണ്ടുകളില്‍' എന്ന പുസ്‌തകത്തില്‍ സൂചിപ്പിക്കുന്നു.
ഈ രണ്ടു സംഭവങ്ങള്‍ക്കുമിടയില്‍ നൂറ്റാണ്ടുകള്‍ തമ്മിലുള്ള വ്യത്യാസമാണ് ചരിത്രക്കാരെ കുഴയ്ക്കുന്നത്. കൊക്കോതമംഗലത്തെ കൊട്ടാരം ആവശിഷ്ടങ്ങളും 'കോത' ചേര്‍ത്തുള്ള സ്ഥല നാമവും പുലയ രാജവംശവുമായി ബന്ധപ്പെടുത്താനുള്ള തെളിവുകളും ചുരുക്കമാണെന്ന് ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ജെയിന മത സെറ്റില്‍മെന്‍റുകളും കേരളത്തില്‍ കോതമംഗലം ഉള്‍പ്പെടെയുള്ള 'കോത' ചേര്‍ത്തുള്ള സ്ഥല നാമങ്ങളും കണക്കിലെടുത്താല്‍ ഈ വ്യക്തതയില്ലായ്‌മ തിരിച്ചറിയനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കോതറാണിയുടെ ചില തിട്ടൂരങ്ങള്‍ പത്മനാഭപുരം റവന്യു കച്ചേരിയിലുണ്ടെന്നത് വസ്‌തുതയാണെന്ന് എല്ലാ ചരിത്രകാരന്മാരും ഒരു പോലെ ശരിവയ്ക്കുന്നു.
Also Read : ആദ്യം കത്തിയമര്‍ന്നു, പിന്നെ പുതുക്കിപ്പണിതു; ഇത് നിങ്ങളറിയാത്ത മൈസൂര്‍ പാലസിന്‍റെ ചരിത്രം - Mysore Palace In Karnataka