മത സൗഹാർദ്ദത്തിന് മാതൃക; ക്ഷേത്രോത്സവത്തിനിടെ നോമ്പുതുറ സംഘടിപ്പിച്ച് കൊയിലാണ്ടി കൊല്ലം മന്ദമംഗലം ക്ഷേത്രം കോഴിക്കോട്:ക്ഷേത്രോത്സവത്തിനിടെ നോമ്പുതുറ സംഘടിപ്പിച്ച് മത സൗഹാർദ്ദത്തിന് മാതൃകയായി കൊയിലാണ്ടി കൊല്ലം മന്ദമംഗലം ക്ഷേത്രം. സ്വാമിയാർകാവ് ക്ഷേത്ര കമ്മറ്റിയാണ് സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. സ്വാമിയാർ കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായാണ് മതസൗഹാർദ സന്ദേശം വിളിച്ചോതുന്ന സമൂഹ നോമ്പുതുറ സംഘടിപ്പിക്കാൻ ക്ഷേത്ര കമ്മറ്റി മുന്നോട്ട് വന്നത്. ജാതി മത ഭേതമന്യേ നിരവധിപേരാണ് സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത്.
പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചാണ് സ്വാമിയാർക്കാവ് ക്ഷേത്രത്തിലും ഉത്സവം നടക്കാറുള്ളത്. വളരെ അപൂർവമായാണ് നോമ്പും ഉത്സവവും ഒരുമിച്ചു വരാറുള്ളതെന്നും അതുകൊണ്ടാണ് ഈ വർഷത്തെ ഉത്സവത്തിൻ്റെ ഭാഗമായി നോമ്പുതുറ സംഘടിപ്പിച്ചതെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. വിവിധ മതസ്ഥർ വളരെ ഐക്യത്തോടെ കഴിയുന്ന പ്രദേശത്ത് മുമ്പും ഇത്തരത്തിലുള്ള നിരവധി ഇടപെടലുകൾ ക്ഷേത്ര കമ്മറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
പാറപ്പള്ളിയിൽ നിന്നുള്ള നബിദിന റാലിക്ക് എല്ലാ വർഷവു ക്ഷേത്ര പരിസരത്ത് സ്വീകരണവും ലഘുഭക്ഷണവും വിതരണവും ഒരുക്കാറുണ്ട്. അതേപോലെ ക്ഷേത്ര ചടങ്ങുകൾക്കും പരിപാടികൾക്കും പ്രദേശത്തെ ഇതരമതസ്‌തരും സ്ഥിരമായി സഹായിക്കാറുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. മതസ്‌പർധ വളർത്താനും നാട്ടിൽ ഭിന്നിപ്പുണ്ടാക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് വലിയ സന്ദേശമാണ് ഇത്തരം കൂട്ടായ്‌മകൾ പകർന്നു നൽകുന്നത്.
ക്ഷേത്രം രക്ഷാധികാരി കണാരൻ മാസ്‌റ്റർ, ഭാരവാഹികളായ എ വി സത്യൻ, റിജേഷ് കെ എം, പാറപ്പള്ളി ജുമഃ അത്ത് പള്ളി മഹല്ല് കമ്മറ്റി സെക്രട്ടറി ജാഫർ ടി വി, യുവ പാറപ്പള്ളി സെക്രട്ടറി ഷെറീഫ്, നെസ്‌റ്റ് ചെയർമാൻ കരുവഞ്ചേരി അബ്‌ദുള്ള, ക്ഷേത്രം മേൽശാന്തി ഷാജി കുറുവങ്ങാട്, സുഭാഷ് ടി എം, രാഗേഷ് എൻ വി, നിഷാന്ത് എ പി, ഗിരീഷ് നടുക്കണ്ടി, ശിവൻ നാണക്കണ്ടി, റഫീഖ് എന്നിവർ സംസാരിച്ചു.
Also Read: 'കൊതിയൂറും ഉന്നക്കായ' ഇല്ലാതെ എന്ത് നോമ്പുതുറ; പേരിനൊരു കഥയുണ്ട്... ഉണ്ടാക്കേണ്ടത് ഇങ്ങനെ