കൊല്ലം: കേരള രാഷ്ട്രീയത്തിലെ വിപ്ലവ ചരിത്രത്തില്‍ ആര്‍എസ്‌പിയെ അടയാളപ്പെടുത്തുന്ന നിരവധി സംഭവ വികാസങ്ങളുണ്ടെങ്കിലും പാര്‍ലമെന്‍ററി ചരിത്രത്തില്‍ പാർട്ടിയെ ദീര്‍ഘകാലം എടുത്തിയര്‍ത്തിയത് കൊല്ലം ലോക്‌സഭ മണ്ഡലമാണ്. സിപിഎം നയിക്കുന്ന എല്‍ഡിഎഫിലെ അവിഭാജ്യ ഘടകമായിരുന്നു ആര്‍എസ്‌പി. വികാരപരമായി കണ്ടിരുന്ന കൊല്ലം സീറ്റ് അവരില്‍ നിന്ന് തട്ടിയെടുക്കുകയും പിന്നീട് സിപിഎം തഴയുകയും ചെയ്‌തതോടെയാണ് എല്‍ഡിഎഫിന്‍റെ ഭാഗമായ ആര്‍എസ്‌പി യുഡിഎഫിന്‍റെ ഭാഗമായതെന്നാണ് ചരിത്രം.
എന്‍ കെ പ്രേമചന്ദ്രനിലൂടെ സിപിഎമ്മിനെ പരാജയപ്പെടുത്തി കൊല്ലം പിടിച്ചെടുത്ത് ആര്‍എസ്‌പി അഴിച്ചിട്ട മുടിക്കെട്ട് വീണ്ടും കെട്ടിയത് 2014ലാണ്. അതേ പ്രേമചന്ദ്രന്‍ ഇപ്പോഴും സിപിഎമ്മിന്‍റെ ഉറക്കം കെടുത്തുന്ന ദുഃസ്വപ്‌നമായി കൊല്ലത്തെ പാര്‍ലമെന്‍റില്‍ പ്രതിനീധികരിക്കുന്നതിനിടെയാണ് അടുത്ത തെരഞ്ഞെടുപ്പ് പടിക്കലെത്തി നില്‍ക്കുന്നത്. 1952ലെ ആദ്യ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കൊല്ലം-മാവേലിക്കര മണ്ഡലം എന്നറിയപ്പെട്ടിരുന്ന ഇവിടെ നിന്ന് വിജയിച്ചത് ആര്‍എസ്‌പിയുടെ എക്കാലത്തെയും കുലപതി എന്‍ ശ്രീകണ്‌ഠന്‍ നായരായിരുന്നു.
ആര്‍എസ്‌പിക്ക് അന്ന് ആകെയുണ്ടായിരുന്നത് മൂന്ന് ലോക്‌സഭ സീറ്റുകളായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ ആര്‍ വേലോയുധനെ 26,223 വോട്ടിന് തോല്‍പ്പിച്ചായിരുന്നു ഒന്നാം ലോക്‌സഭയിലേക്ക് ശ്രീകണ്‌ഠന്‍ നായര്‍ വണ്ടി കയറിയത്. പക്ഷേ, കൊല്ലം എന്ന പേരിലേക്ക് മാറിയ 1957ലെ രണ്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശ്രീകണ്‌ഠന്‍ നായര്‍ക്ക് ദയനീയ പരാജയമായിരുന്നു.
വർഷം | വിജയി | പാർട്ടി |
1952 | എൻ ശ്രീകണ്‌ഠൻ നായർ | ആർഎസ്‌പി |
(കൊല്ലം ആയതിന് ശേഷം) 1957 | പി കെ കൊടിയൻ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
1962 | എൻ ശ്രീകണ്‌ഠന്‍ നായര്‍ | ആർഎസ്‌പി |
1967 | ||
1971 | ||
1977 | ||
1980 | ബി കെ നായർ | കോണ്‍ഗ്രസ് |
1984 | എസ് കൃഷ്‌ണകുമാര്‍ | കോണ്‍ഗ്രസ് |
1989 | ||
1991 | ||
1996 | എന്‍ കെ പ്രേമചന്ദ്രൻ | ആര്‍എസ്‌പി |
1998 | ||
1999 | പി രാജേന്ദ്രൻ | സിപിഎം |
2004 | ||
2009 | എന്‍ പീതാംബരക്കുറുപ്പ് | കോൺഗ്രസ് |
2014 | എൻ കെ പ്രേമചന്ദ്രൻ | ആർഎസ്‌പി |
2019 | എൻ കെ പ്രേമചന്ദ്രൻ | ആർഎസ്‌പി |
മണ്ഡലത്തിന്‍റെ അന്നത്തെ പുതുക്കിയ ഘടനയും ശ്രീകണ്‌ഠന്‍ നായര്‍ എന്ന അതികായനെ വീഴ്ത്താന്‍ പര്യാപ്‌തമായിരുന്നു. പിന്നീട്, അടൂര്‍ സംവരണ മണ്ഡലത്തില്‍ നിന്ന് പല തവണ വിജയിച്ച് ലോക്‌സഭയിലെത്തിയ പി കെ കൊടിയനായിരുന്നു ഇത്തവണ വിജയം. 1962ലെ മൂന്നാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കൊല്ലം പിടിച്ചെടുത്തുകൊണ്ട് തന്‍റെ രണ്ടാം പരാജയത്തിന് ശ്രീകണ്‌ഠന്‍ നായര്‍ കണക്ക് തീര്‍ത്തു.
കോണ്‍ഗ്രസിലെ സരോജിനിയെ 64,955 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ശ്രീകണ്‌ഠന്‍ നായരുടെ ആധികാരിക മടങ്ങിവരവ്. 1967ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ പിന്തുണച്ച ശ്രീകണ്‌ഠന്‍ നായര്‍, കോണ്‍ഗ്രസിലെ എ എ റഹിമിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തി.
1971ല്‍ സിപിഎം ഒഴികെയുള്ള ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകണ്‌ഠന്‍ നായര്‍ 1,12,384 വോട്ടുകള്‍ക്ക് സിപിഎം പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ജി ജനാര്‍ദ്ദന കുറുപ്പിനെ പരാജയപ്പെടുത്തി. 1977ല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ പൊതു രാഷ്ട്രീയ ചിത്രത്തിന് വിരുദ്ധമായിരുന്നു കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ഫലം.
ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ചെങ്കിലും ഇങ്ങ് കേരളത്തില്‍ വന്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു. സി അച്യുതമേനോന്‍ നയിച്ച കോണ്‍ഗ്രസ്, സിപിഐ ആര്‍എസ്‌പി മുന്നണി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ തുടര്‍ വിജയം നേടി. 20 ലോക്‌സഭ സീറ്റുകളും നേടി കോണ്‍ഗ്രസ് മുന്നണി കേരളത്തില്‍ മേല്‍ക്കൈ നേടി.
എന്‍ ശ്രീകണ്‌ഠന്‍ നായര്‍ അങ്ങനെ കൊല്ലത്ത് നിന്ന് തുടര്‍ച്ചയായി നാലാം വിജയം നേടി. കേരള രാഷ്ട്രീയം എല്‍ഡിഎഫ്, യുഡിഎഫ് എന്ന വ്യക്തമായ ചേരിയായി മാറിയ 1980ല്‍ സിപിഎം നേതൃത്വം നല്‍കിയ എല്‍ഡിഎഫിന്‍റെ ഘടക കക്ഷിയായി മത്സരിച്ച ആര്‍എസ്‌പി നേതാവ് ശ്രീകണ്‌ഠന്‍ നായര്‍ പുതുമുഖമായ കോണ്‍ഗ്രസ് നേതാവ് ബി കെ നായരോട്പരാജയപ്പെട്ടു. കൊല്ലം മണ്ഡലത്തില്‍ ശ്രീകണ്‌ഠന്‍ നായര്‍ യുഗത്തിന് ഇതോടെ അന്ത്യം കുറിക്കുകയായിരുന്നു.