തിരുവനന്തപുരം : കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക് കംപ്രഷൻ യൂണിറ്റിൽ ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായതായി ഫയർ ഫോഴ്‌സിന് വിവരം ലഭിക്കുന്നത്. സംഭവ സ്ഥലത്ത്, ജില്ലയിലെ ഫയർഫോഴ്‌സിന്‍റെ എല്ലാ യൂണിറ്റുകളുമെത്തിച്ച് തീ അണയ്ക്കുകയായിരുന്നു.
പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിന്‍റെ ചില്ലുകൾ പൊട്ടിത്തെറിച്ചിരുന്നു. ശബ്‌ദം കേട്ട സമീപവാസികളാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ സമീപത്ത് പേപ്പർ നിർമാണ യൂണിറ്റും സിഎൻജി പമ്പും പ്രവർത്തിക്കുന്നുണ്ട്.