എറണാകുളം:ഫോര്‍ട്ടുകൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മിൽ കൂട്ടിയിടിച്ചു. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങിയ ബോട്ടും, ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് വന്ന ബോട്ടുമാണ് കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.
ബോട്ടുകളും യാത്രക്കാരും സുരക്ഷിതരാണെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു. പ്രശ്‌നങ്ങൾ സൃഷ്‌ട്ടിച്ച് പരിഭ്രാന്തി പടർത്തിയത് ഒരു ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്ളോഗർമാരാണ്. ഇവർ ബഹളം സൃഷ്‌ടിക്കുകയും ബോട്ട് കൺട്രോൾ ക്യാബിനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ ജീവനക്കാർ ഇവരെ തടയുകയായിരുന്നുവെന്നും വാട്ടർ മെട്രോ അധികൃതർ അറിയിച്ചു.
റോറോ സർവീസ് കടന്നുപോകുന്നതിന് മെട്രോ ബോട്ട് വഴിയൊരുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് വാട്ടർ മെട്രോ അറിയിച്ചു. ഫോർട്ട് കൊച്ചിയിൽ നിന്നും പുറപ്പെട്ട ബോട്ട് പിന്നോട്ടെടുത്തതോടെ ഹൈക്കോടതി ഭാഗത്ത് നിന്ന് വന്ന ബോട്ടിലിടിക്കുകയായിരുന്നു. അവധി ദിവസമായതിനാൽ ഇരു ബോട്ടിലും നിറയെ യാത്രക്കാരുണ്ടായിരുന്നു.