എറണാകുളം : കൊച്ചിയിൽ റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. പ്രധാനമന്ത്രി കൊച്ചിയിലെത്തിയതിൻ്റെ ഭാഗമായുള്ള സുരക്ഷ തയ്യാറെടുപ്പുകളുടെ ഭാഗമായി റോഡിൽ പൊലീസ് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങിയാണ് സ്‌കൂട്ടർ യാത്രികനായ വടുതല സ്വദേശി മനോജ് ഉണ്ണി മരിച്ചത്. റോഡിൽ തലയടിച്ച് വീണതിനെ തുടര്‍ന്ന് മനോജിന്‍റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ഞായറാഴ്‌ച (ഏപ്രിൽ 14) രാത്രി പത്തുമണിയോടെയായിരുന്നു അപകടം. സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി ചെറിയ റോഡുകളിൽ നിന്നും എംജി റോഡിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിൻ്റ ഭാഗമായി എസ് എ റോഡിൽ നിന്നും എം ജി റോഡിലേക്കുള്ള പ്രവേശനം കയർ കെട്ടി തടഞ്ഞിരുന്നു.
ഇരു ചക്ര വാഹനത്തിൽ വേഗത്തിലെത്തിയ മനോജ് ഈ കയറിൽ കുരുങ്ങി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് വിശദീകരണം. പൊലീസുകാര്‍ തന്നെയാണ് മനോജ് ഉണ്ണിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ചികിത്സയിലിരിക്കെ പുലർച്ചെ ഒന്നരയോടെയാണ് മനോജ് മരിച്ചത്.
ഇടുക്കി വട്ടക്കണ്ണിപാറയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു, രണ്ടു പേര്‍ക്ക് ദാരുണാന്ത്യം:ഇടുക്കി രാജാക്കാട് വട്ടക്കണ്ണിപാറയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ്, രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ഏഴ് വയസുകാരി സന, റെജീന (30) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ പ്രാഥമിക ശൂശ്രൂഷകള്‍ക്ക് ശേഷം, തമിഴ്‌നാട്ടിലെ ആശുപത്രികളിലേയ്ക്ക് മാറ്റി.
ഏപ്രിൽ 13 ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. രാജാക്കാട് വട്ടക്കണ്ണിപ്പാറയിലെ കൊടും വളവുകളും വലിയ ഇറക്കവുമുള്ള ഭാഗത്ത് നിയന്ത്രണം നഷ്‌ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. കുമളിയില്‍ നിന്നും മൂന്നാറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്
മരണപെട്ട രണ്ട് പേരും അപകടത്തിനിടെ വാഹനത്തിനടിയില്‍ കുടങ്ങുകയായിരുന്നു. തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള അഞ്ച് കുട്ടികൾ ഉൾപ്പെടെ 23 പേരടങ്ങുന്ന ടൂറിസ്‌റ്റ് സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ രാജാക്കാട്ടിലെ വിവിധ ആശുപത്രികളില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ALSO READ : 40 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ 6 വയസുകാരന് ദാരുണാന്ത്യം