എറണാകുളം :കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് യാത്ര തിരിക്കേണ്ട എയർ ഇന്ത്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ ശുഹൈബ് എന്ന യാത്രക്കാരൻ പിടിയിലായി. തന്‍റെ ആവശ്യം നേരത്തെ എയർ ഇന്ത്യ നിരാകരിച്ചതിലെ വൈരാഗ്യമാണ് ശുഹൈബിന്‍റെ വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന.
ഈ മാസം ആദ്യം ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ ശുഹൈബിന്‍റെ മകള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് വിവരം. തുടർന്ന് മടക്കയാത്ര തീയതി മാറ്റി നൽകണമെന്ന് ഇയാൾ എയർ ഇന്ത്യ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം എയർ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ഇതാണ് വ്യാജ ഭീഷണിക്ക് കാരണമെന്നാണ് വിവരം.
അതേസമയം കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പോകേണ്ട എഐ 149 വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഇന്ന് പുലർച്ചെയാണ് മുംബൈയിലെ എയർ ഇന്ത്യ കോൾ സെൻ്ററിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ഈ വിവരം കൊച്ചിയിലെ എയർ ഇന്ത്യ അധികൃതരെയും കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെയും പുലർച്ചെ 1:22ന് അറിയിച്ചു. ഇതേ തുടർന്ന് പ്രോട്ടോക്കോളുകൾ പ്രകാരം ബോംബ് ത്രെട്ട് അസസ്‌മെൻ്റ് കമ്മിറ്റി (ബിടിഎസ്) ഉടൻ സിയാലിൽ യോഗം ചേര്‍ന്നു.
പിന്നാലെ ഭീഷണി വിലയിരുത്തുകയും തുടർ നടപടികൾ നിർദേശിക്കുകയും ചെയ്‌തു. എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പ് (ASG- CISF), എയർലൈൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഇൻലൈൻ ബാഗേജ് സ്‌ക്രീനിംഗ് ഉദ്യോഗസ്ഥർ എന്നിവർ സമഗ്രമായ സുരക്ഷാ പരിശോധനകൾ നടത്തി. ഒടുക്കം മുംബൈ കോൾ സെൻ്ററിൽ ഭീഷണി റിപ്പോർട്ട് ചെയ്‌തയാളെ തിരിച്ചറിഞ്ഞു.
എഐ 149ൽ ലണ്ടനിലേക്ക് പോകാനിരുന്ന കൊണ്ടോട്ടി മലപ്പുറം സ്വദേശി ശുഹൈബ് (29) ആണ് വിളിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയ ശുഹൈബിനെ കൊച്ചിൻ എയർപോർട്ടിലെ എഎസ്‌ജി ചെക്ക്-ഇൻ സമയത്താണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനും നിയമ നടപടികൾക്കുമായി ഇയാളെ പൊലീസിന് കൈമാറി.
കൊച്ചിൻ എയർപോർട്ട് ബോംബ് ത്രെട്ട് അസസ്‌മെൻ്റ് കമ്മിറ്റിയിൽ നിന്നുള്ള ശുപാർശകൾ അനുസരിച്ച്, വിമാനം എയർക്രാഫ്റ്റ് പാർക്കിങ് പോയിൻ്റിലേക്ക് മാറ്റുകയും സമഗ്രമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. വിമാനം വിശദമായി പരിശോധിച്ച ശേഷമാണ് യാത്രാനുമതി നൽകിയത്. AI 149നുള്ള ചെക്ക്-ഇൻ പ്രക്രിയ രാവിലെ 10:30ഓടെ പൂർത്തിയായി. 215 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 1.30ന് വിമാനം ലണ്ടനിലേക്ക് പുറപ്പെടുമെന്ന് സിയാൽ അറിയിച്ചു.
ALSO READ:കോള്‍ സെന്‍ററിലേക്ക് ബോംബ് ഭീഷണി സന്ദേശം; പറന്നുയര്‍ന്ന വിമാനം സുരക്ഷിതമായി ഇറക്കി